കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഇതുകേട്ട് മുഴുക്കുടിയന്മാര്‍ക്ക് സന്തോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ക്കിതു ബാധകമല്ല്ല. ശരാശരി കുടിയന്മാര്‍ക്കേ ഇത് കേട്ട് സന്തോഷിക്കാന്‍ വകയുള്ളൂ. ഇനി കാര്യം പറയാം. മുഴക്കുടിയന്മാരെയും തീരെ കുടിയ്ക്കാത്തവരെയും അപേക്ഷിയ്ക്ക് ശരാശരി കുടിയന്മാര്‍ക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നു പുതിയൊരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു.
പാരിസിലെ പിറ്റിസാല്‍പെട്രിയറെ ആശുപത്രിയിലെ ഡോക്ടര്‍ ബോറിസ് ഹാന്‍സെലും സംഘവുമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഒന്നര ലക്ഷം ആളുകളെ നാല് സംഘങ്ങളായി തരംതിരിച്ചാണ് നിരീക്ഷണം നടത്തിയത്. ഒരിക്കലും മദ്യപിക്കാത്തവര്‍, പത്ത് മില്ലി ഗ്രാമില്‍ കുറവ് മദ്യം അകത്താക്കുന്നവര്‍, പത്ത് മില്ലിഗ്രാമിനും മുപ്പത് മില്ലിഗ്രാമിനും ഇടയില്‍ മദ്യം അകത്താക്കുന്ന ഇടത്തരം മദ്യപാനികള്‍, മുപ്പത് മില്ലിഗ്രാമില്‍ കൂടുതല്‍ മദ്യം അകത്താക്കുന്ന അമിത മദ്യപാനികള്‍ എന്നിങ്ങനെയുള്ള നാല് സംഘങ്ങളായാണ് ആളുകളെ തരംതിരിച്ചത്.
ഇതില്‍ ഇടത്തരം മദ്യപാനികള്‍, അമിത മദ്യപാനികളെക്കാളും മദ്യപിക്കാത്തവരെക്കാളും ആരോഗ്യമുള്ളവരാണെന്ന് പഠനത്തില്‍ തെളിഞ്ഞു. മദ്യപാനവും പൊതുവായ ആരോഗ്യസ്ഥിതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പഠനം യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ ആരോഗ്യനില മെച്ചപ്പെടുന്നത് മദ്യപാനത്തിന്റെ നേരിട്ടുള്ള ഗുണം കൊണ്ടല്ലെന്നും മാനസിക പിരിമുറുക്കം കുറയുന്നതും കൂടുതല്‍ ശാരീരികായാസമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതുമാണ് ഇതിനുള്ള ചില കാരണങ്ങളെന്നും പഠനത്തില്‍ പറയുന്നുണ്ട്.
മദ്യപാനശീലത്തെ വളര്‍ത്താനോ മദ്യത്തിന്റെ പരസ്യത്തിനോ വേണ്ടി ഈ പഠനം ഉപയോഗിക്കരുതെന്നും ഇനി കുടിയ്ക്കാത്തവരും ആരോഗ്യമുണ്ടാകുമെന്ന് കരുതി കുടി തുടങ്ങരുതെന്നും ഗവേഷകര്‍ അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്. ഇതിനുകാരണമായി അമിതമായ മദ്യപാനം കടുത്ത കരള്‍ രോഗം, പലതരം കാന്‍സര്‍, തുടങ്ങി രോഗങ്ങള്‍ക്ക് കാരണമാവുന്നതും മദ്യപാനം മൂലം ആഗോളതലത്തില്‍ വര്‍ഷം തോറും 2.3 ദശലക്ഷം പേര്‍ കൊല്ലപ്പെടുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

ബാപ്പ

ബാപ്പ ഒരു അനുഭവമാണ്. അനുഭവത്തിനു ഓരോ പ്രായത്തിലും ഓരോ ഭാവമായിരുന്നു. സ്വന്തം ബാപ്പമാരെ അനുഭവിച്ചത് പലരും പല രീതിയില്‍. ചിലര്‍ ചുമലില്‍ കയറി, നെഞ്ചുരോമം പറിച്ച്, കൈ പിടിച്ചു നടന്ന്,
ചായക്കടയില്‍ ഒപ്പമിരുന്ന്... ഒരാഴ്ച മുമ്പ് വാങ്ങിത്തന്ന സ്ലേറ്റ് പൊട്ടിയ കാര്യം സന്ധ്യക്കു പണി കഴിഞ്ഞെത്തിയ നേരം ഉമ്മ പറയുമ്പോഴും, കല്യാണച്ചെറുക്കനായി പുറപ്പെടും മുമ്പ് യാത്ര ചോദിക്കുമ്പോഴും ഏറെക്കുറെ
മക്കളുടെയും ബാപ്പമാരുടെയും ഭാവം ഒന്നായിരുന്നു. ഈ നേരങ്ങളില്‍ പുഞ്ചിരിച്ചു പുറത്തു തട്ടിയവരാണ് വ്യത്യസ്തനാം ബാപ്പമാര്‍.

നാടും കുടുംബവും വിട്ട് ഗള്‍ഫില്‍ പണിതേടിയെത്തിയവര്‍ക്ക് ബാപ്പയാണ് നല്ല ഓര്‍മ.ഉറ്റവരും പരിചയക്കാരുമായ സര്‍വരേയും ഓര്‍ത്തെടുത്തു വര്‍ത്തമാനകാലത്തെ വിശേഷങ്ങളെക്കുറിച്ച് വ്യാകുലപ്പെടും പ്രവാസികള്‍ ഓരോ നേരവും. അത്രമേല്‍ അവര്‍ ബാപ്പയെയും ഉമ്മയെയും കുറിച്ചോര്‍ക്കുന്നു, ഭാര്യയേയും മക്കളെയും. ഗള്‍ഫുകാരന്റെ ദുര്‍ബലവിചാരങ്ങളെ നിഷ്പ്രഭമാക്കുന്നത് മിക്കപ്പോഴും വീട്ടിലെ ബാപ്പമാരുടെ
സാന്നിധ്യമാണ്. നേരത്തേ വീടൊഴിഞ്ഞ ബാപ്പമാരുടെ മക്കള്‍ അവരേക്കാളേറെ മറ്റാരെയോര്‍ക്കാന്‍. ഓര്‍മകളില്‍ നിറയുന്നതില്‍ ഭാഗ്യം സിദ്ധിച്ചവരാണ് പ്രവാസികളുടെ ഉറ്റവര്‍. ഊണിലും ഉറക്കിലും അവര്‍ ഓര്‍ക്കുന്നതും
ഓമനിക്കുന്നതും നാടും നാട്ടിലുള്ളവരെയുമാണ്. ഇങ്ങനെയൊക്കെയുള്ളപ്പോഴാണ് ഒരു ഗള്‍ഫ് മലയാളിയുടെ ബാപ്പ നാട്ടില്‍ ലോകത്തോടു വിട പറയുന്നത്. വിവരം എപ്രകാരം മകനെ അറിയിക്കുമെന്ന് ആശങ്കപ്പെട്ടു ബന്ധുക്കളേറെ പരുങ്ങിക്കാണണം. ഒടുവില്‍ ഒരു ഫോണ്‍ കോളില്‍ അയാള്‍ക്കതു കേള്‍ക്കേണ്ടിവരുന്നു. മാനവും മണ്ണും കീഴ്‌മേല്‍മറിയുന്ന പോലെ, കരളു പറിച്ചെടുക്കുംപോലെ, നെഞ്ചു പിളര്‍ത്തുന്ന വിവരം കേട്ട് തളര്‍ന്നിരുന്നവര്‍ എത്രയെത്ര. സമ്പത്തും സൗകര്യങ്ങളുമെത്ര കൂടുതലുണ്ടെങ്കിലും ഇപ്രകാരം സ്‌ഫോടനാത്മകമാണ് പ്രവാസിയുടെ ഓരോ നിമിഷവും. നാട്ടില്‍നിന്നു വരുന്ന സന്ദേശങ്ങളിലെ അപായങ്ങളെ അവര്‍ പിഞ്ചുകുട്ടികളെപ്പോലെ പേടിച്ചുകൊണ്ടേയിരിക്കുന്നു.അനുഭവങ്ങള്‍ തന്ന ബാപ്പയുടെ വിയോഗം ഒരു തിരിച്ചറിവായി രൂപപ്പെടാന്‍ വിവരമറിഞ്ഞ് തരിച്ചിരിക്കുന്ന മക്കളില്‍ ഏറെ സമയമെടുക്കുന്നു. നാട്ടിലപ്പോള്‍ മയ്യിത്തു മറമാടാന്‍ മകന്‍ വരാന്‍ കാത്തിരിക്കുന്നതിനെക്കുറിച്ച് കാരണവന്‍മാര്‍ അടക്കിപ്പറയല്‍ തുടങ്ങുന്നു.മക്കളിലേറെയുമിവിടെ അത്ര എളുപ്പത്തില്‍ ടിക്കറ്റെടുത്തു നാട്ടിലേക്കു കയറാവുന്ന സൗകര്യങ്ങളില്‍ ജോലിക്കാരല്ല. തൊഴിലുടമയുടെ സമ്മതം, ലീവ്, പാസ്‌പോര്‍ട്ട്, ടിക്കറ്റ്, പണം- പ്രതിബന്ധങ്ങള്‍ പലര്‍ക്കുമുന്നിലും നീണ്ടതാണ്. പുറപ്പെടാനായവരിലധികംപേര്‍ക്കും ഖബറടക്കത്തിനുമുമ്പ് എത്തിച്ചേരാനാകാതെയും വരുന്നു. അങ്ങനെ നാട്ടിലെ ഓരോ നിമിഷങ്ങളെയും മനക്കണ്ണുകൊണ്ട് കണ്ട്, കരളുരുകിയുള്ള പ്രാര്‍ഥനകളോടെ കഴിഞ്ഞുകൂടുന്നു. ആശ്വാസങ്ങളും കൈത്താങ്ങുകളും പ്രവാസിക്കു സ്വന്തമാണ്. പക്ഷേ, ബാപ്പയുടെ മരിച്ച മുഖം പോലും കാണാനാകാതെ പിന്നെയും പണിക്കു പോകേണ്ടി വരുന്നവരുടെ മനസ്സിന്റെ വേദനകള്‍ക്കു മലയാളത്തിലെ വാക്കുകള്‍ക്കു നീതി പുലര്‍ത്താനാകില്ല.അത്തരക്കാരുടെ വികാരങ്ങളുടെ സര്‍വസന്ദേശങ്ങളും ഫാക്‌സ് വഴി പത്രമോഫീസില്‍ ലഭിച്ച ഒരു കുറിപ്പില്‍ അടങ്ങിയിരിക്കുന്നു. ഗള്‍ഫ് തൊഴിലാളിയുടെ നിസ്സഹായതയുടെ തുടിക്കുന്ന ഹൃദയമാണീ കുറുപ്പില്‍ എഴുതിവെച്ചിരിക്കുന്നത്. അതിപ്രകാരമാണ്. 'ബാപ്പ ഇന്നു രാവിലെ എട്ടു മണിക്കു മരണപ്പെട്ടു. ഈ വിവരം പത്രം മുഖേന അറിയിക്കാന്‍ താത്പര്യപ്പെടുന്നു'. ബാപ്പമാരുള്ളവര്‍ക്കൊക്കെയും ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടി വരുന്നതിനെക്കുറിച്ചാലോചിക്കുമ്പോഴേക്ക്... നെഞ്ചു പിടയുന്നു.

യുടേണ്‍: ബഹുസ്വരതക്കും മതേതര സ്വഭാവത്തിനുംവേണ്ടി ബാപ്പയെ പിതാവെന്നെഴുതാന്‍ കഴിയാത്തത് ഒരു പരിമിതിയാണ്. സര്‍വ പിതാക്കന്‍മാരും ഇവിടെ ബാപ്പയെന്നു വിളിക്കപ്പെട്ടിരിക്കുന്നു

ഒരിക്കലും മറക്കാത്ത പ്രണയസമ്മാനങ്ങള്‍

പ്രണയം ഒരു കച്ചവടമല്ല. അതില്‍ വിലപേശലുകളില്ല. ഏതെങ്കിലും പ്രത്യേക ലക്‍ഷ്യം ഉള്ളില്‍ ഒളിപ്പിച്ച് ആരെയെങ്കിലും പ്രേമിക്കുന്നത് യഥാര്‍ത്ഥ സ്നേഹമല്ല. അത് വെറും കപടനാടകം. ശുദ്ധമായ പ്രണയം ഒന്നും തിരികെ പ്രതീക്ഷിക്കാത്ത ഒരു ദാനമാണ്.

വൃദ്ധ സദനം

ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"

അയാള്‍ മിണ്ടിയില്ല …

അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"

അയാള്‍ മിണ്ടിയില്ല..

"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.."

"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."

"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….

കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…

"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."

"മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."

അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…

ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..

സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..

"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"

അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..

"മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ, എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"

അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:

"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"

"ഇല്ല…' അയാള്‍ പറഞ്ഞു..

"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."

അയാളുടെ തൊണ്ട ഇടറി..

"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."

കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു.. അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍..

"ഉമ്മാ .."

"എന്താ മോനെ .. "

"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .."

"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"

"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."

"പൊട്ടിച്ചോ നീ…"

"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …

"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"

അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..

"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."

"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"

"മോനെ.." ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..

"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."

നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..

അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു..... ".........വൃ..ദ്ധ സ..ദ..നം..."

ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....

അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..

ആ സ്ത്രീ അവന്റെ കൈ പിടിച്ചു….

അയാള്‍ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി …

"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."

"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."

അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു…

തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..

"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..

അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …

"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."

അയാള്‍ വാതില്‍ അടച്ചു..

"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"

അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …

അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…

അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..

"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."

"ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."

അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു....