ടീനേജ് പ്രായം ആരംഭിക്കുന്നത് 16 വയസിലാണ്. കുട്ടിത്തത്തില്‍ നിന്ന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലം. എന്നാല്‍ പുതിയകാലത്തില്‍ ടീനേജ് പ്രായം മാറിമറിയുകയാണ്. ഒമ്പത് വയസാണ് ഇപ്പോള്‍ ടീനേജ് പ്രായം. പുതിയ ലോകത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളും ജീവിതശൈലിയിലുണ്ടായ മാറ്റവും കാരണം കുട്ടികള്‍ നേരത്തെ ടീനേജിലെത്തുന്നു. അങ്ങനെ അവര്‍ക്ക് ഒമ്പതുവയസുമുതലേ കുട്ടിത്തം നഷ്‌ടമാകുന്നു.
പുതിയ ടീനേജ് കുമാരീകുമാരന്മാര്‍ക്ക് ഷോപ്പിങ് മാളുകളാണ് കളിസ്‌ഥലം. കൂട്ടുംകൂടി കഥപറഞ്ഞിരുന്നത് ഓണ്‍ലൈന്‍ ചാറ്റിങിന് വഴിമാറുന്ന കുട്ടിക്കഥകള്‍ ഹന്നാമൊണ്ടാനയ്‌ക്ക് വേണ്ടി വഴിയൊരുക്കുന്നു. ജിഐജോയും ടോയ്‌കാറുകളും ഐപോഡിനും ഐഫോണിനും വേണ്ടികാലയവനികയില്‍ മറയുന്നു. അങ്ങനെ പഴയ പതിവുകളെല്ലാം വലിച്ചെറിഞ്ഞ് കുട്ടിത്തം ഒമ്പതുവയസിലേ ടീനേജിന് കീഴടങ്ങുകയാണ്.
ഇതിനുള്ള കാരണം അന്വേഷിച്ചെത്തിയ ശാസ്‌ത്രജ്‌ഞര്‍ രണ്ടു കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, മെച്ചപ്പെട്ട പോഷകഗുണമുള്ള ഭക്ഷണംകഴിച്ച് കുട്ടികള്‍ പെട്ടെന്ന് വളരുന്നു. രണ്ട്, പുതിയ മാധ്യമങ്ങള്‍ പെട്ടെന്ന് അവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നു.
ഇന്ത്യയിലെ പെണ്‍കുട്ടികള്‍ വളരെനേരത്തെ ഋതുമതികളാകുന്നതിനെക്കുറിച്ച് ചണ്‌ഡിഗഡിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ശാസ്‌ത്രജ്‌ഞര്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കമ്പ്യൂട്ടറിന്റെയും ടി.വിയുടെയും മുന്നില്‍ ഏറെനേരം ചെലവഴിക്കുന്ന കുട്ടികള്‍ വളര്‍ച്ചയില്‍ മുന്നിലാണ്. കൃത്രിമ വെളിച്ചം സ്‌ഥിരമായി കണ്ണുകളിലെത്തുമ്പോള്‍ നമ്മുടെ തലച്ചോര്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. അത് കൂടുതല്‍ ഹോര്‍മോണ്‍ ഉല്‌പാദിപ്പിക്കുന്നു. അതുകൊണ്ടാണ് സ്‌ഥിരമായി ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്ന കുട്ടികള്‍ നേരത്തെ ഋതുമതികളാകുന്നത്.
റിയാലിറ്റി ഷോകളും സിനിമകളും മുതിര്‍ന്നവരെപോലെ പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികതയെക്കുറിച്ച് വളരെ നേരത്തെ പഠിക്കാന്‍ അവസരം കിട്ടുന്നതും അവര്‍ വേഗം മാനസികമായി വളരാന്‍ ഇടയാക്കുന്നു.
ഇന്ത്യയിലെ 11-14 വയസ് പ്രായമുള്ള കുട്ടികള്‍ തങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ഏത് ബ്രാന്റിന്റേതായിരിക്കണമെന്നുപോലും വാശിപിടിക്കുന്നത് അങ്ങനെ ഒരു ഉപഭോക്‌തൃസംസ്‌കാരം 10 വയസുമുതലേ കുട്ടികളില്‍ രൂപംകൊള്ളുന്നത് കൊണ്ടാണ്.
ഈ പരിതസ്‌ഥിതിയില്‍, പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് മനഃശാസ്‌ത്രജ്‌ഞരെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണത്രേ. നേരത്തെ 18 വയസില്‍ സംഭവിച്ചിരുന്ന ടീനേജ് പ്രശ്‌നങ്ങളെല്ലാം 10 വയസില്‍ത്തന്നെ കുട്ടികളെ കടന്നുപോകുന്നു. തന്റെ അടുത്ത് കൗണ്‍സിലിങ്ങിനു വരുന്ന കുട്ടികളില്‍ 75 ശതമാനവും 10 വയസില്‍ താഴെയുള്ളവരാണെന്ന് മുംബൈയിലെ മനഃശാസ്‌ത്രവിദഗ്‌ധനായ സീമ ഹിംഗോരാനി പറയുന്നത് ഈ പശ്‌ചാത്തലത്തിലാണ്.