കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഇതുകേട്ട് മുഴുക്കുടിയന്മാര്‍ക്ക് സന്തോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ക്കിതു ബാധകമല്ല്ല. ശരാശരി കുടിയന്മാര്‍ക്കേ ഇത് കേട്ട് സന്തോഷിക്കാന്‍ വകയുള്ളൂ. ഇനി കാര്യം പറയാം. മുഴക്കുടിയന്മാരെയും തീരെ കുടിയ്ക്കാത്തവരെയും അപേക്ഷിയ്ക്ക് ശരാശരി കുടിയന്മാര്‍ക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നു പുതിയൊരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു.
പാരിസിലെ പിറ്റിസാല്‍പെട്രിയറെ ആശുപത്രിയിലെ ഡോക്ടര്‍ ബോറിസ് ഹാന്‍സെലും സംഘവുമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഒന്നര ലക്ഷം ആളുകളെ നാല് സംഘങ്ങളായി തരംതിരിച്ചാണ് നിരീക്ഷണം നടത്തിയത്. ഒരിക്കലും മദ്യപിക്കാത്തവര്‍, പത്ത് മില്ലി ഗ്രാമില്‍ കുറവ് മദ്യം അകത്താക്കുന്നവര്‍, പത്ത് മില്ലിഗ്രാമിനും മുപ്പത് മില്ലിഗ്രാമിനും ഇടയില്‍ മദ്യം അകത്താക്കുന്ന ഇടത്തരം മദ്യപാനികള്‍, മുപ്പത് മില്ലിഗ്രാമില്‍ കൂടുതല്‍ മദ്യം അകത്താക്കുന്ന അമിത മദ്യപാനികള്‍ എന്നിങ്ങനെയുള്ള നാല് സംഘങ്ങളായാണ് ആളുകളെ തരംതിരിച്ചത്.
ഇതില്‍ ഇടത്തരം മദ്യപാനികള്‍, അമിത മദ്യപാനികളെക്കാളും മദ്യപിക്കാത്തവരെക്കാളും ആരോഗ്യമുള്ളവരാണെന്ന് പഠനത്തില്‍ തെളിഞ്ഞു. മദ്യപാനവും പൊതുവായ ആരോഗ്യസ്ഥിതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പഠനം യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ ആരോഗ്യനില മെച്ചപ്പെടുന്നത് മദ്യപാനത്തിന്റെ നേരിട്ടുള്ള ഗുണം കൊണ്ടല്ലെന്നും മാനസിക പിരിമുറുക്കം കുറയുന്നതും കൂടുതല്‍ ശാരീരികായാസമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതുമാണ് ഇതിനുള്ള ചില കാരണങ്ങളെന്നും പഠനത്തില്‍ പറയുന്നുണ്ട്.
മദ്യപാനശീലത്തെ വളര്‍ത്താനോ മദ്യത്തിന്റെ പരസ്യത്തിനോ വേണ്ടി ഈ പഠനം ഉപയോഗിക്കരുതെന്നും ഇനി കുടിയ്ക്കാത്തവരും ആരോഗ്യമുണ്ടാകുമെന്ന് കരുതി കുടി തുടങ്ങരുതെന്നും ഗവേഷകര്‍ അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്. ഇതിനുകാരണമായി അമിതമായ മദ്യപാനം കടുത്ത കരള്‍ രോഗം, പലതരം കാന്‍സര്‍, തുടങ്ങി രോഗങ്ങള്‍ക്ക് കാരണമാവുന്നതും മദ്യപാനം മൂലം ആഗോളതലത്തില്‍ വര്‍ഷം തോറും 2.3 ദശലക്ഷം പേര്‍ കൊല്ലപ്പെടുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു