പ്രവാസിയുടെ മണവാട്ടി

* പ്രവാസിയുടെ മണവാട്ടി *

ഈ സ്പ്രേക്കെന്താന്നു ഒരു പോത്തിന്റെ മണം ?
അതവിടെ വെച്ചേക്കു നബീസാ. അന്റെ ബാപ്പാക്ക് വേണ്ടി വാങ്ങിയതാ.

ഈ ആടിലി പൌഡര് ഇച്ചി മാണ്ട. ഇങ്ങക്ക് റോയല് മേരെജ് മാങ്ങ്യാ പോരായ്ന്യോ ?

നബീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. ബയ്ഗോന് സ്പ്രേ ആണ്. കൂറനിം പാറ്റനിം ഒക്കെ കൊല്ലാനുള്ള സ്പ്രേ. ഇങ്ങളെന്തിനാന്നു ബെള്ച്ചെണ്ണക്കുപ്പ്യൊക്കെ അബട്ന്നു കൊണ്ടോന്നത് ?. ഇബടെ
മില്ലീന്ന് നല്ല മുന്ത്യ ബെള്ച്ചെണ്ണ കിട്ടൂലെ ? അല്ലെങ്കീ പാമോയിലും കിട്ടും.
ഇന്റെ പൊന്നാര നബീസേ.... അത് വെളിച്ചെണ്ണയല്ല. ജോണ്സന്റെ ഷാമ്പൂ ആണ്.
ഇപ്പളെങ്കിലും പറഞ്ഞത് നന്നായി. അല്ലെങ്കീ ഞാനിപ്പോ അതെട്ത്ത് തലേ തേച്ചീനീ.

ഏത് ?

ഇതന്നെ. ഇങ്ങളെ ചെങ്ങായി ജോണ്സന് കൊടുക്കാന് കൊണ്ടോന്ന ബെള്ച്ചെണ്ണ.
ചെങ്ങായ്മാര്ക്ക് കൊടുക്കാള്ളതൊക്കെ മാറ്റി ബെക്കണ്ടേ ?

റബ്ബുല് ആലമീനായ തന്ബുരാനെ. ഇന്നത്തെ ദിവസമെങ്കിലും നീ എനിക്ക് പെരുത്തു സബൂറു
തരണേ. ഈ ശൈത്താനെ ഞാനെന്തെങ്കിലും ചെയ്തു പോകും.

ഇങ്ങളെന്താന്നു ഒറ്റയ്ക്ക് ബര്ത്താനം പറീണ്. ഗള്ഫീ പോയി ബന്നപ്പോ ങ്ങക്ക്
ബട്ടായോ.?

നബീസേ. അതൊക്കെ ഇഞ്ഞി നാളെ നോക്കാ. ഇജ്ജു ബന്നു കെടക്കാന് നോക്ക്.

അല്ലാന്നു ഇങ്ങള് കരണ്ടു സേവര് കൊണ്ടോന്നില്ല്യെ ?

അതെന്താ കരണ്ട് സേവര്. എബുടുന്നാ നബീസേ അനക്കീ പേരൊക്കെ കിട്ടണതു.

ഈ കരണ്ടിമ്മല് കുത്തീട്ട് താടി ബടിക്കണ മിഷീന്ന്നു. ഇങ്ങളെ കുഞ്ഞാപ്പു
ഇങ്ങളോട് ബെരുംബം കൊണ്ടോരണന്നു പറഞ്ഞീല്ലായിന്യോ ?

ഓ ഇലക്ട്രിക് ഷേവിംഗ് മെഷീന്. എന്തിനാണാവോ ?

അതോണ്ട് താടി ബടിക്കാന് നല്ല സൊകാത്രെ.

ആണോ ?. എന്നാല് ഇജ്ജി ഓനോട് അങ്ങാടീല് ഒരു ബാര്ബര്ഷാപ്പ് തൊടങ്ങാന് പറ.
നാട്ടാരെ ഒക്കെ താടി ബടിക്കാലോ. അങ്ങനെങ്കിലും ആ ഹിമാറിനു ഒരു പണി ആകട്ടെ.

അങ്ങനെ കളിയാക്കൊന്നും മാണ്ട. ഓന് ലിഫ്റ്റ് ടെക്നിക്ക് പഠിക്കാന് പോകാണ്.
അത് പഠിച്ചാല് ലോകത്ത് എബടിം പണിണ്ടാകുന്നാ പറീണെ. ലോകത്ത് ഒരു മാന്ദ്യവും ഓലെ
ബാധിക്കൂലാത്രേ.

ആരെ ?

ലിഫ്റ്റ് ടെക്നിക്ക് പഠിച്ചോലെ. !

അന്നോണ്ട് ആര് പറഞ്ഞു നബീസേ ഈ ബടായി ഒക്കെ. നട്ടപ്പാതിരക്കു പിച്ചും പേയും
പറയാതെ ഇജ്ജു കെടന്നു ഒറങ്ങാന് നോക്കുണ്ടോ ?

ഇങ്ങള് കേട്ടീല്യെ ടീവീല് പറീണതു. ലോകത്ത് ഒരു മാന്ദ്യവും ലിഫിറ്റ് ടെക്നീസ്യനെ
ബാധിക്കൂലാ....... ഞമ്മക്ക് അതിജീബിക്കാന് ഒറപ്പുള്ള ഈ തൊയിലുണ്ട്...
ടിം..ടിംന്നു. എന്തൊരു ശേലാ അത് പറീണതു കേക്കാന്.

എന്നാ പിന്നെ ലിഫ്റ്റ് ടെക്നീഷ്യന് മാരൊക്കെ ഇബടെ നിന്നാ പോരെ. എന്തിനാ പണി
തെരഞ്ഞു ബേറെ രാജ്യത്ത് പോണത്. നബീസാ ഇജ്ജു കുളൂസു നിര്ത്തി ഒറങ്ങാന്
നോക്ക്.

ഇങ്ങളോട് തര്ക്കിച്ചാന് ഞമ്മക്ക് വെജ്ജ. ഈ കണ്ണീ കണ്ടതൊക്കെ മാന്ങ്ങ്യ
കായോണ്ട് ഇങ്ങക്ക് കൊറച്ചു പൊന്നു മാങ്ങി കൊണ്ടോന്നാ പോരായ്ന്യോന്നു. ?

അനക്കെന്തിനാ നബീസാ പൊന്നു. പൊന്നില്ലാതെ തന്നെ അന്നേ കാണാന് നല്ല മൊഞ്ചല്ലേ ?

മാണ്ട... മണ്ട... അങ്ങനെ സോപ്പിടണ്ട. അങ്ങനത്തെ സുയിപ്പിക്കണ ബര്ത്താനം പറഞ്ഞു
ഇങ്ങള് അന്ന് പോയിട്ട് മൂന്നു കൊല്ലം കഴിഞ്ഞിട്ടല്ലേ ബന്നത്.

അങ്ങനെ തോന്നുമ്പോ ഗള്ഫിന്നു തിരിച്ചു പോരാന് പറ്റ്വോ പൊന്നെ. ലീവ്
കിട്ടണ്ടേ.!

ഞാന് പണ്ടേ ബാപ്പാനോട് പറഞ്ഞതാ. ഇച്ച് ഗള്ഫാരനെ മാണ്ടാന്നു. പോയാ പിന്നെ പോയ
ബയി കാണൂലാന്നു.

പിന്നെന്തിനാ ഞാന് പെണ്ണ് കാണാന് ബന്നപ്പോ ഇജ്ജ് ഇളിച്ചോണ്ട് ഇന്റെ
മുന്നില്ക്ക് ബന്നത്. ?

അത് പിന്നെ അന്ന് ഇങ്ങളെ കാണാന് എന്ത് ശേലുണ്ടായീരുന്നു. മമ്മൂ ട്ടീന്റെ
മാതിരി ആയിരുന്നു അന്ന് ങ്ങളെ കാണാന്.

ഓഹോ. എന്നിട്ട് ഇപ്പൊ അങ്ങനെ അല്ലെ. ?

അയ്യേ. ഇപ്പൊ കാണാന് സലിംകുമാറിന്റെ മാതിരിണ്ട്.

നബീസേ.. ഞ്ഞി ഞാനൊരു ഭീമന്രഘു ആകണേന്റെ മുന്നേ ലൈറ്റ് കെടുത്തി കെടക്കാ
അനക്ക് നല്ലത്.

അല്ലാന്നു ഇങ്ങളെന്താ ഗള്ഫീ പോയിട്ട് ഇങ്ങനെ കറത്ത് പോയത്. ?

അത് അബ്ട്ത്തെ കാലാവസ്ഥ കൊണ്ടാണെടീ.

ഇന്നട്ടു ഗള്ഫീന്ന് ബന്നോലോക്കെ നല്ല ചൊങ്കന്മാരായിട്ടാണല്ലോ ബരണത്. ഇങ്ങക്ക്
മാത്രം എന്താ അബടെ ഒരു കറത്ത കാലാവസ്ഥ. ഇങ്ങള് എസ്സയി എഫ്ഫയില് ബല്ല്യ
പഠിപ്പൊക്കെ കഴിഞ്ഞു ഗള്ഫില് ആപ്പീസറാകാന് പോയ ആളല്ലേന്നു ?.

ഓഫീസര്മാര്ക്ക് ശരീരം കറുക്കാന് പാടില്ലാന്നു നിയമം വല്ലതുമുണ്ടോ ഇജ്ജ്
പഠിച്ച കിത്താബില്.

ആ നിയമണ്ട്. അപ്പീസര്മാര് ബെയില് കൊള്ളൂല. എപ്പോളും ഏ.സി.ന്റെ തണപ്പില്
കുത്തിരുന്നാ മതി. അപ്പൊ കറുക്കാനും പാടില്ല. അതന്നെ നിയമം.

അതിനു ഞാന് അങ്ങനത്തെ ഓഫീസറല്ല ബുദ്ധൂസേ. സേഫ്റ്റി ഓഫീസറാ.

സേഫ്റ്റി ആപ്പീസറോ. അതെന്തു കുലുമാലാ. ?

പണ്ടാരമടങ്ങാന്. അതൊന്നും പറഞ്ഞാല് അനക്ക് മനസ്സിലാകൂല. അനക്ക് ഒറക്കം
ബരണില്ലേ ശൈത്താനെ. ? ബന്നു കെടക്കാന് നോക്ക്.

മന്സ്സന്മാര്ക്ക് മനസ്സിലാക്ണ ബാസേ പറഞ്ഞാല് ഇച്ചും മനസ്സിലാകും.

ന്നാ കേട്ടോ. ഇജ്ജ് അന്റെ ബാപ്പാന്റെ ബായത്തോട്ടത്തില് കോലം ഉണ്ടാക്കി
ബെച്ചത് കണ്ടീണോ. ?

ഉം. പേന്റും കുപ്പായും ഒക്കെ ഇട്ടു ഒരു ചട്ടിത്തൊപ്പിം ബെച്ചു നല്ല ശേലാ
കാണാന്. ഇങ്ങളെ പാന്റും കുപ്പായും എടുത്തു അതില് ബൈക്കോല് കുത്തി നറച്ചിട്ടാ
ബാപ്പ അത്ണ്ടാക്കിയത്. അത് കാണുമ്പോ ഇനിക്ക് ഇങ്ങളെ ഓര്മ്മ വരും.

ങ്ഹാ... മിക്കവാറും എന്നെ മനസ്സില് കണ്ടു കൊണ്ട് തന്നെയാകും ബാപ്പ
അതുണ്ടാക്കിയത്. അത് പോലത്തെ ചോന്ന കുപ്പായമിട്ടു ചട്ടിത്തൊപ്പിയും ബെച്ചു
നാല്പത്തെട്ടു ഡിഗിരി ചൂടില് പുലര്ച്ചെ മുതല് വൈകുന്നേരംവരെ വെയിലുംകൊണ്ട്
പണിക്കാരെ പിന്നാലെ നടക്കണ പണിയാ സേഫ്റ്റി ഓഫീസര് പണീന്ന് പറീണതു. മൂന്നു
കൊല്ലം അങ്ങനെ വെയിലും കൊണ്ട് നടന്ന ഞാന് പിന്നെ വെളുക്കോ നബീസാ....

പടച്ച തമ്പുരാനേ.. ഇപ്പളല്ലേ ഞമ്മക്ക് സംഗതി പുടി കിട്ട്യത്. ഇങ്ങക്ക് പഠിപ്പു
പൂര്ത്തി ആയിട്ടില്യാ. S I F I ല് പഠിച്ചാല് എല്ലാം നെറവേറും. പച്ചേ പഠിപ്പു
പൂര്ത്യാകൂല. ഇങ്ങനെ ബെയില് കൊണ്ട് നടക്കണ്ടി ബെരും.

ഇജ്ജെന്താണ് നബീസാ ഈ നട്ടപ്പാതിരാക്ക് ആളെ കളിയാക്കാ. ?

നേരാന്നു. എന്ത് പഠിച്ചിട്ടും കാര്യലല്യ. CAD ടെസ്റ്റ് പസ്സയാലെ പഠിപ്പു
പൂര്ത്തിയാകൂന്നു എത്ര വട്ടാ ടീവീല് ദിവസും പറീണത്. ഇന്നി ഇങ്ങള് അതൂടി
പഠിച്ചിട്ടു പോയാ മതി.

CAD ടെസ്റ്റല്ല അന്റെ മെന്റല് ടെസറ്റാ ഇപ്പൊ അത്യാവശ്യം. മുണ്ടാന്ടെ
കെടന്നൊറങ്ങാന് നോക്ക്.
മന്സ്സനെ പിരാന്തു പിടിപ്പിക്കാതെ.
അപ്പൊ ഗുഡ് നൈറ്റ്.