ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ഒരു കുഞ്ഞിനെ സ്വന്തമാക്കുകയെന്ന ഭാവന പണ്ടുമുതലേതന്നെയുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യയില്‍ ഈ പ്രവണത വര്‍ധിക്കുകയാണ്. വിദേശത്തുനിന്നുപോലും ആളുകളെത്തി ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന രീതി പതിവായിട്ടുണ്ട്.
ഇപ്പോഴാണെങ്കില്‍ ബോളിവുഡ് താരം അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും കൂടി ഈ രീതിയില്‍ കുഞ്ഞിനെ സ്വന്തമാക്കിയതോടെ ഇതില്‍ കുഴപ്പമില്ലെന്നതരത്തിലുള്ള ഒരു ചിന്ത സാധാരണക്കാരില്‍പ്പോലും ഉടലെടുത്തിട്ടുമുണ്ട്.
പലര്‍ക്കും ഈ രീതികൈക്കൊള്ളാമെന്നുണ്ടെങ്കിലും വന്‍തുക ചെലവാകുമെന്ന ചിന്തയാണ് പലരെയും തടയുന്നത്. സാധാരണഗതിയില്‍ ഗര്‍ഭിണിയാകാനും പ്രസവിക്കാനും കഴിയാത്ത സ്ത്രീകള്‍ക്കായിട്ടാണ് പല ഡോക്ടര്‍മാരും സറോഗസി നിര്‍ദ്ദേശിക്കാറുള്ളത്. ബീജവും അണ്ഡവും സംയോജിപ്പിച്ച് സറോഗേറ്റ് മദറിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
അതുമുതലിങ്ങോട്ട് പ്രസവവും പ്രസവശുശ്രൂഷയുമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചെലവ് ആവശ്യക്കാരാണ് വഹിക്കേണ്ടത്. സാധരണഗതിയില്‍ മാസം 3000 രൂപ എന്നരീതിയിലാണ് പലരും ഈടാക്കുന്നത്. മുംബൈയിലും മറ്റും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പതിവാക്കിയ സ്ത്രീകളുടെ കഥകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാംഗ്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ 75 സ്ത്രീകളാണ് ഇത്തരത്തില്‍ സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയത്. പ്രതിമാസം 3000 രൂപയെന്നതാണ് ഇവരുടെ പൊതുവേയുള്ള നിരക്ക്.
ഇത്തരത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ തുംകൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവതി പറയുന്നത് ഒരു പ്രസവത്തിന് അവര്‍ക്ക് 2.5ലക്ഷത്തോളം രൂപ ലഭിച്ചുവെന്നാണ്. ഇതുവെച്ച് കുടുംബകാര്യങ്ങള്‍ ചെയ്യുകയും സഹോദരനെ പഠിപ്പിക്കുകയുമെല്ലാം ചെയ്തുവെന്നും ഇവര്‍ പറയുന്നു.
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീക്ക് 10മാസത്തേയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിയ്ക്കും.
സറോഗസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവരങ്ങള്‍ നല്‍കാനും ആളുകളുടെ അജ്ഞത അകറ്റാനുമായി ബാംഗ്ലര്‍ നഗരത്തില്‍ ഒരു ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കെടി ഗുരുമൂര്‍ത്തിയെന്ന എംബ്രയോളജിസ്റ്റാണ് ഈ ട്രസ്റ്റ് നടത്തുന്നത്. അണ്ഡദാതാക്കളെയും ബീജ ദാതാക്കളെയുമെല്ലാം ഏര്‍പ്പാടുചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചിരിക്കുന്ന നിയമാവലി മുന്‍നിര്‍ത്തിക്കൊണ്ട് ബാംഗ്ലൂര്‍ നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളും മറ്റും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇന്‍വിട്രോ ഫെര്‍ടിലൈസേഷനില്‍ക്കൂടിയും കുട്ടികളുണ്ടാകാന്‍ കഴിയാത്തവര്‍ക്കും ഗര്‍ഭധരാണത്തിന് വേണ്ട ആരോഗ്യമില്ലാത്ത ഗര്‍ഭപാത്രങ്ങളുള്ള സ്ത്രീകള്‍ക്കും ഇതൊരു നല്ല ഉപാധിയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സറോഗസി സംബന്ധിച്ച ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്
1 യഥാര്‍ത്ഥ അച്ഛനും അമ്മയും കുഞ്ഞിനെ നിയമപരമായി ദത്തെടുത്തിരിക്കണം.
2 നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വമേധയാ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറാവുന്ന സ്ത്രീകളെ മാത്രമേ ഇതിനായി തിരഞ്ഞെടുക്കാന്‍ പാടുള്ളു. കുട്ടിയെ തിരിച്ചുതരാന്‍ അവര്‍ സന്നദ്ധയായിരിക്കണം.
3 ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള അമ്മയുടെ ചെലവുകളെല്ലാം ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നവര്‍ ഏല്‍ക്കണം. കൃത്യസമയത്ത് വാഗ്ദാനം നല്‍കിയ തുക നല്‍കുകയും വേണം. ഇതിനെല്ലാം കൃത്യമായ രേഖകള്‍ സൂക്ഷിക്കണം.
4 ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീയ്ക്ക് 45 വയസ്സില്‍ക്കൂടുതല്‍ പ്രായമുണ്ടാകരുത്.
5 മൂന്നുതവണയില്‍ക്കൂടുതല്‍ ഒരു സ്ത്രീ ഇത്തരത്തില്‍ കുട്ടികളെ പ്രസവിച്ച് നല്‍കരുത്