ഓര്‍മശക്‌തിക്ക്‌ മത്സ്യവിഭവങ്ങള്‍




മത്സ്യവും അനുബന്ധ വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഓര്‍മശക്‌തി 15 ശതമാനം വര്‍ധിപ്പിക്കുമെന്നും ഡിമെന്‍ഷ്യ തടയാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും പഠനം. മത്സ്യവിഭവങ്ങളില്‍ത്തന്നെ എണ്ണയും കൊഴുപ്പും കൂടുതലായുള്ള ചെമ്പല്ലിയും ആറ്റുമീനും പോലുള്ളവയാണു കൂടുതല്‍ ഗുണകരമാകുകയെന്നും ന്യൂസിലന്‍ഡിലെ മാസെ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

176 ആളുകളില്‍ ആറുമാസം നടത്തിയ പഠനത്തിനുശേഷമാണ്‌ ഗവേഷകസംഘം ഈ നിഗമനത്തിലെത്തിയത്‌. എണ്ണ കൂടുതലുള്ള മത്സ്യ ഇനങ്ങളായ അയല, ചാള, ചെമ്മീന്‍, കടുക്ക തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കിയായിരുന്നു പരീക്ഷണം. ഒമേഗ-3 ഫാറ്റി ആസിഡായ ഡി.എച്ച്‌.എ. കൂടുതലായി അടങ്ങിയ ഇത്തരം ഭക്ഷണം നല്‍കിയ ഈ കാലയളവില്‍ ഓര്‍മശക്‌തി 15 ശതമാനത്തോളം വര്‍ധിക്കുന്നതായി തെളിവു ലഭിച്ചതായാണ്‌ കണ്ടെത്തല്‍.