സ്ലിംബ്യൂട്ടിയാകാൻ മാജിക് ഡ്രസ്


ഒരു ഉടുപ്പ് ധരിച്ചാൽ മാത്രം മതി മെലിഞ്ഞു സുന്ദരിയാകാം. പട്ടിണി കിടക്കേണ്ട, വ്യായാമവും ചെയ്യേണ്ട. ഇംഗ്ലീഷ് ഫാഷൻ ഡിസൈനർ സ്‌റ്റെല്ലാ മെക്കാർട്ടിനിയുടെ ബൈകളർ ഒക്‌ടാവിയ എന്ന ഈ മാജിക് വസ്‌ത്രത്തിനു പിന്നാലെയാണ് ഹോളിവുഡ് സുന്ദരികളെല്ലാം.

കഴിഞ്ഞ മാസം വെനീസ് ഫിലിം ഫെസ്‌റ്റിവലിൽ നടി കേറ്റ് വിൻസ്‌ലറ്റ് ഈ ഉടുപ്പും ധരിച്ച് എത്തിയതോടെയാണ് ബൈകളർ ഒക്‌ടാവിയ സൂപ്പർ ഹിറ്റായത്. തടിച്ച പ്രകൃതക്കാരിയായ കേറ്റിന്റെ വണ്ണം ഡപ്പോ എന്നു കുറഞ്ഞതിന്റെ രഹസ്യം അന്വേഷിച്ചവരെല്ലാം സ്റ്റെല്ലയുടെ ഉടുപ്പ് തേടി പറന്നു. നിറം കൊണ്ടുള്ള ഒരു കൺകെട്ടാണ് സ്‌റ്റെല്ലയുടെ തന്ത്രം. രണ്ട് കോൺട്രാസ്റ്റ് നിറങ്ങളാണ് ഇതിന്. ഉടുപ്പിന്റെ ഇരുവശങ്ങളിലും ഉള്ള കറുത്ത തുണിയുടെ പീസ് കണ്ണിൽപ്പെടില്ല. Hour glass ആകൃതിയിൽ വെട്ടിയെടുത്ത എതിർ നിറത്തിലുള്ള തുണി മാത്രമേ ശ്രദ്‌ധയിൽപ്പെടൂ.
1595 ഡോളറാണ് ഈ പരമ്പരയിൽപ്പെട്ട ഉടുപ്പുകൾക്ക് സ്‌റ്റെല്ല വിലയിട്ടിരിക്കുന്നത്. ഈ വില താങ്ങാനാകാത്തവർക്കായി ഡ്യൂപ്ലികേറ്റ്  ഉടുപ്പുകളും വിപണിയിൽ വന്നു കഴിഞ്ഞു. ഇവയ്‌ക്ക് 100 ഡോളറിൽ താഴെ മാത്രമാണ് വില. വ്യാജന്റെ വരവ് ബൈകളർ ഒക്‌ടാവിയയുടെ ഡിമാൻഡ് ഒട്ടും കുറച്ചിട്ടില്ല. മാർക്കറ്റിൽ എത്തുന്ന പാടെ സ്‌റ്റെല്ലയുടെ ഉടുപ്പുകൾ വിറ്റു പോവുകയാണ്.