കൗമാരത്തിന്‍റെ വഴികള്‍ കൊട്ടേഷന്‍ ടീമുകളിലേയ്ക്കോ...?



ഈ ആഴ്ച്ചയില്‍ തന്നെ അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി പത്രത്തില്‍ വന്ന രണ്ടു വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. മറ്റൊന്നുമല്ല, മാറുന്ന യുവതലമുറയുടെ ചില നേര്‍ചിത്രങ്ങള്‍ കണ്‍മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍ മനസ്സ് മരവിപ്പിലമര്‍ന്നു പോയത് സ്വാഭാവികം. ഒന്നാമത്തെ വാര്‍ത്ത ഇപ്രകാരം, സേലത്ത് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ വച്ച് സീനിയേഴ്സ് റാഗ് ചെയ്തു വളരെ ഗുരുതരമായി മുറിവേല്‍ക്കപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തത് അതിലും ദയനീയം, കൂട്ടുകാരനെ കൊല്ലാന്‍ വേണ്ടി ഗുണ്ടകള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത വിദ്യാര്‍ത്ഥിനി ഏറെ നാളായി ഒളിവിലായിരുന്നു, ഒടുവില്‍ ഒരു ബന്ധു വീട്ടില്‍ നിന്ന് അവളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ തന്നെയാണു രണ്ടിടത്തും വിഷയം. 
സേലത്ത് എന്‍ഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുകയായിരുന്നു, ആ രണ്ടു വിദ്യാര്‍ത്ഥികള്‍. ഒരാള്‍ മുളന്തുരുത്തി സ്വദേശി ഗിവര്‍ഗ്ഗീസ് ജോണ്‍, മറ്റേയാള്‍ ആലപ്പുഴ സ്വദേശി അരുണ്‍ രാജ്. സേലത്തു നിന്നും ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്സില്‍ കയറുമ്പോള്‍ ട്രെയിനില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍, തമിഴ്നാട്ടില്‍ പൊങ്കലിന്‍റെ അവധിയായതു കൊണ്ട് മറ്റു കോളേജുകളില്‍ നിന്നുള്ല വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട ഒരു തിരക്ക്. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ വച്ചാണ്, ചില വിദ്യാര്‍ത്ഥികള്‍ അവിടേയ്ക്ക് കയറി വന്ന് ഇരുവ്രോടും എ ടി എം കാര്‍ഡും, പൈസയും ആവശ്യപ്പെട്ടത്. ഇടയില്‍ ഒരാള്‍ കയ്യിലിരുന്ന ആയുധം കൊണ്ട് ഗിവര്‍ഗ്ഗീസിന്‍റെ ചെവി തുളച്ചു. ചെവി മാത്രമല്ല ഇരുവരുടേയും ദേഹത്തി നിറയെ മുറിവുകളായിരുന്നു ആശുപത്രിയില്‍ ഇരുവരേയും അഡ്മിറ്റ് ചെയ്യുമ്പോള്‍. മറ്റേതോ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണിതെന്ന് അവര്‍ പറയുന്നു. ഇത്തരം അതിക്രമം ഇവരുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ചില വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കയ്യിലിരുന്ന പൈസ വാങ്ങി ദേഹമാസകലം മുറിവുകള്‍ നല്‍കിയാണ്, ആ രണ്ടു വിദ്യാര്‍ത്ഥികളേയും അക്രമകാരികള്‍ വിട്ടത്. 

അടുത്തത് ഒരു വെറൈറ്റി കഥയാണ്. പലയിടത്തും സാധാരണ ഇരകള്‍ ആകാറുള്ളത് പെണ്‍കുട്ടികളാണെങ്കില്‍ ഇവിടേ ത​െ​ന്‍റ പ്രായമുള്ള ഒരു സുഹൃത്തിനെ ഇരയാക്കിയത് ഒരു പെണ്‍കുട്ടി, അതും കൌമാരം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി. ക്രിമിനല്‍ സ്വാഭാവമുള്ള, അതുമല്ലെങ്കില്‍ അക്രമത്തിലൂടെ പോരാട്ടത്തിനിറങ്ങിയ നിരവധി സ്ത്രീകള്‍ നമ്മുടെ മുന്നിലുണ്ട്, ചമ്പല്‍ക്കാട്ടിലെ ഫൂലന്‍ ദേവിയില്‍ തുടങ്ങി, നക്സലൈറ്റ് അജിതയിലൂടെ കടന്ന് പോകുന്നു അത്. പക്ഷേ ഫൂലന്‍ ദേവിയ്ക്കും അജിതയ്ക്കുമൊക്കെ പറയാന്‍ വളരെ ശക്തമായ ഒരു അടിത്തറയുണ്ടായിരുന്നു, അവരുടെ പോരാട്ടത്തെ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടിയുള്ള ഒരു മഹത്തായ കര്‍മ്മമക്കി അവര്‍ മാറ്റിയെടുത്തിരുന്നു, സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടിയാകുമ്പോള്‍ പോരാട്ടം സഹജമാണ്. പക്ഷേ ഇവിടെ മിത്ര സൂസന്‍ എബ്രഹാം എന്ന വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യം എന്തായിരുന്നു. ഒരു പ്രസിദ്ധ കൊട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്കു വേണ്ടി ഒരാളെ ഫോണീല്‍ വിളിച്ചു വരുത്തുക, അറിയാതെയാണെങ്കിലും അയാളുടെ കൊലപാതകത്തിന്, അവര്‍ കൂട്ടു നിന്നു എന്നു പറയണം. ഈ സംഭവം നടന്നിട്ട് ഏകദേശം അഞ്ചു മാസത്തോളമായി, ഒളിവിലായിരുന്ന ആ കുട്ടിയെ വളരെ സാഹസികമായാണ്, പോലീസ് അറസ്റ്റ് ചെയ്തത്. 

ഈ വിഷയത്തെ പറ്റി ഒരു സുഹൃത്തുമായി സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി, എന്താ പുരുഷന്‍മാര്‍ക്കു മാത്രമേ കൊട്ടേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളോ എന്ന്. 

സ്ത്രീ എന്നാല്‍ പുരുഷനേക്കാള്‍ ക്ഷമ കൊണ്ടും സ്നേഹം കൊണ്ടും ധീരയാണ്. ശാരീരികമായി ബലം പുരുഷനാണ്, കൂടുതലെങ്കില്‍ മാനസികമായി കരുത്ത് കൂടുതലെന്ന് തെളിയിച്ചത് സ്ത്രീകള്‍ തന്നെ, അപ്പോള്‍ ഒരു സ്ത്രീ ഇതു പോലെ ക്രിമിനല്‍ സ്വഭാവമായി തീരണമെങ്കില്‍ എന്താവാം അതിന്‍റെ കാരണം, നിസ്സാരമായിരിക്കില്ല എന്നുറപ്പ്. ഒന്നാമതായി കൌമാരം എന്ന പായുന്ന കുതിരയുടെ പ്രായം. അരിയാത്തതിനെ അറിയാനും, തൊടാന്‍ പാടില്ലാത്തതിനെ തൊടാനും നോക്കാന്‍ പാടില്ലാത്തതിനെ നോക്കാനും മനസ്സും ശരീരവും വെമ്പുന്ന പ്രായം. ഒരു ഇറ്റാലിയന്‍ പഴമൊഴി പറയുന്നതു പോലെ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് തലവേദനയാണെങ്കില്‍ വലിയ കുട്ടികള്‍ ഹൃദയവേദനയാണ്. 

കൌമാരം കഴിയാത്ത ഒരുപാട് കുട്ടികള്‍ ഇന്ന് കൊട്ടേഷന്‍ ടീമുകളില്‍ അറിയാതെ പോലും പെടുന്നുണ്ട്, മുഖ്യമായ ആകര്‍ഷണം പണം തന്നെ. വീട്ടില്‍ നിന്നുള്ള പോകറ്റ് മണി കൂടെയുള്ളവര്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാനും, രണ്ടു പെഗ്ഗ് അടിക്കാനും തികയാതെ വരുമ്പോള്‍ പിന്നെ എന്തു ചെയ്യും. മയക്കു മരുന്നു മാഫിയയുടെ കയ്യില്‍ പെട്ട് കൂട്ടം തൈ തെറ്റിലേയ്ക്ക് വീഴുന്ന കുഞ്ഞാടുകളുമുണ്ട്. കൌമാരം ഇന്ന് ആഘോഷമാണ്, കയ്യില്‍ ഇഷ്ടം പോലെ പണം, കമ്പനി കൂടാന്‍ കൂട്ടുകാരികളും കൂട്ടുകാരന്‍മാരും, പിന്നെ എന്തു വേണം. പക്ഷേ എവിടെ വരെ പോകും ഈ വഴി എന്ന് ആരും ആലോചിക്കാറില്ല. കൌമാരത്തിന്‍റെ എടുത്തു ചാട്ടങ്ങളില്‍ പെട്ട് ജീവിതം കൈവിട്ടു പോയവര്‍ എത്ര,. ഒരിക്കല്‍ ചെന്നു പെട്ടാല്‍ തിരിച്ചു കയറാനാകാത്ത വിധം കുരുക്കിയിട്ടുണ്ടാകും ടീമിലുള്ള മറ്റുള്ളവര്‍, പിന്നെ ആ അഒരു ഒഴുക്കില്‍ പെട്ട് ഇല പോലെ നീങ്ങുക തന്നെ ഗതി. 

ഒരു പരിധി വരെ സമൂഹത്തോടും സംസ്കാരത്തോടുമുള്ള നമ്മുടെ നിസ്സഹകരണ മനോഭാവമാണ്, ഈ അകല്‍ച്ചയ്ക്ക് കാരണമാകുന്നത്. സംസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിയുകയും വായില്‍ നിന്ന് പുലഭ്യം വീഴുകയും ചെയ്യുന്ന ഒരു തലമുറ നമ്മുടെ ഇടയിലുണ്ട്. മറ്റു സംസ്കാരങ്ങളെ വാനോളം ഉയര്‍ത്തുകയും ചെയ്യും ഇവര്‍. പക്ഷേ അവനവന്‍റെ കയ്യിലുള്ല മാണിക്യത്തെ കാട്ടിലെറിഞ്ഞ് ചാണകക്കുഴിയിലെ കല്ലിനെ തേടുന്ന അല്‍പ്പന്‍റെ അവസ്ഥയേ പ്രതീക്ഷിക്കേണ്ടൂ. ശരിയും തെറ്റും എല്ലാ സംസ്കാരങ്ങളിലുമുണ്ട്, അതിലെ ശരികള്‍, അതും മറ്റുള്ലവരുടെ അനുഭവത്തില്‍ നിന്ന് പഠിക്കാതെ വീണ്ടും വീണ്ടും തെറ്റു ചെയ്യുന്നവര്‍ വിഡ്ഡികള്‍ എന്നേ പറയാവൂ.. അവരെ തെറ്റുകളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ മുതിര്‍ന്നവര്‍ക്ക് കഴിയും പക്ഷേ നല്ലൊരു മാതൃകയാകാന്‍ അവര്‍ക്കു കൂടി കഴിഞ്ഞാല്‍......