ധനുഷിന്റെ കൊലവെറി പാട്ട് നെറ്റിൽ ഹിറ്റായതോടെ Why this Kolaveri D? എന്ന എഴുത്തുള്ള ടീഷർട്ടുകളും വിപണിയിൽ.
ഇന്റർനെറ്റിൽ ഈ പാട്ടിനുള്ള പ്രിയം കണ്ടിട്ടാവാം ഓൺലൈൻ കമ്പനികൾ തന്നെയാണ് കൊലവെറി ടീഷർട്ടുകൾ ആദ്യം വിറ്റു തുടങ്ങിയത്. LS everything in fashion എന്ന ഓൺലൈൻ കമ്പനി ഈ ടീഷർട്ട് വിൽക്കുന്നത് 249 രൂപയ്‌ക്കാണ്. ഈ പാട്ടിന്റെ വരികൾ മുഴുവൻ എഴുതിയ ടീ ഷർട്ടുകളും LS everything in
fashion വിൽക്കുന്നുണ്ട്.
600024.com എന്ന ഓൺലൈൻ കമ്പനിയിൽ നിന്ന് കൊലവെറി ടീഷർട്ട് വാങ്ങണമെങ്കിൽ 349 രൂപ മുടക്കണം. X tees എന്ന ഓൺലൈൻ കമ്പനിയിൽ നിന്നാകട്ടെ വെറും 149 രൂപയ്‌ക്ക് ഈ ടീഷർട്ട് വാങ്ങാം. കഴിവതും എല്ലാ ആൾക്കാരെയും കൊണ്ട് ടീ ഷർട്ട് വാങ്ങിപ്പിക്കാനാണ് വില കുറച്ചു വിൽക്കുന്നതെന്ന് X tees പറയുന്നു. White-a skin-u, girl-u. heart-u, black-u , God I am dying now, she is happy,
how? എന്നിങ്ങനെ ഈ പാട്ടിലെ മറ്റു വരികളും ഇവരുടെ ടീഷർട്ടിൽ കാണാം. അന്നാ ഹസാരെ ടീ ഷർട്ടുകളും നേരത്തെ X tees വിപണിയിലെത്തിച്ചിരുന്നു. എങ്കിലും കൊലവെറി ടീഷർട്ട് പോലെ അവയൊന്നും തന്നെ വിറ്റുപോയിട്ടില്ലത്രേ.
ഇനി എന്താണ് Why this Kolaveri D? എന്ന വരിയുടെ അർഥം. നീ എന്തിനെന്നെ കൊല്ലുന്നു എന്ന നേരിട്ടുളള അർഥം. എന്നാൽ ഈ സിനിമയിൽ കാമുകിയെ നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ മദ്യപിച്ച് ധനുഷ് പാടുന്നതാണിത്, നീ എന്തിന് എന്നോടിത് ചെയ്‌തു, അല്ലെങ്കിൽ നീ എന്തിന് എന്നെ ഉപേക്ഷിച്ചു? എന്നൊക്കെയുള്ള അർഥത്തിൽ. പ്രണയവും പ്രണയപരാജയവും യുവാക്കളുടെ സ്വന്തം വിഷയമാണ്. ടീ ഷർട്ട് അവരുടെ
പ്രിയവേഷവും. പിന്നെങ്ങനെ കൊലവെറി ടീ ഷർട്ട് ഹിറ്റാകാതിരിക്കും?