ശാസ്ത്രത്തിന് ലഭ്യമായ വിവരങ്ങളനുസരിച്ച്, ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെ ടെ ഒന്‍പത് ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന 'സൌരയൂഥം' എന്ന കുടുംബം, 'ആകാശഗംഗ' എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട് നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട് നമ്മുടെ പ്രപഞ്ചത്തില്‍ . തീരെ ചെറിയ നക്ഷത്രങ്ങള്‍ക്കു തന്നെ ഭൂമിയുടെ പത്ത് ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്‍ണ്ണത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല് ലക്ഷം കിലോമീറ്റര്‍ . ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച് കോടി കിലോമീറ്റര്‍ . സെക്കന്‍ഡില്‍ മൂന്ന് ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം. (അതായത് 94,60,80,00,00,000 കിലോമീറ്റര്‍ ) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്‍ഷമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്‍ഭവസമയത്ത് രൂപപ്പെട്ടതെന്നു കരുതുന്ന ഏറ്റവും പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത് ഇത്രയും ദൂരെയാണ്. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം.
ജീവന്‍ നിലനില്‍ക്കാനാവശ്യമായ വായു, വെള്ളം, വെളിച്ചം ഇവയെല്ലാം ഇവിടെ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു ലക്ഷത്തിലേറെ വരുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ട് ഇവിടെ. മനുഷ്യന്‍ എന്ന ജീവി ഇതില്‍ ഒന്നുമാത്രം. മനുഷ്യര്‍ തന്നെയുണ്ട് 600 കോടിയിലേറെ. മനുഷ്യരുടെ അനേകമിരട്ടി വരുന്ന എത്രയോ ജീവിവര്‍ഗ്ഗങ്ങള്‍ . കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവജാലങ്ങളുണ്ട് കടലില്‍ . ഇവയുടെയെല്ലാം നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങുമെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട് ഇവിടെ. ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന് വലുപ്പം മാത്രമുള്ള 'കോശ'ങ്ങളാലാണ് ഓരോ ജൈവവസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. താളക്രമത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മ വസ്തുക്കളുണ്ട് ഒരു കോശത്തില്‍ . ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പവര്‍സ്റ്റേഷനുകളും, ജീവന്റെ നിലനില്‍പ്പിനാവശ്യമായ എന്‍സൈമുകളും ഹോര്‍മോണുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ , കോശപ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പറ്റി പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാബേങ്ക്, സങ്കീര്‍ണ്ണമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ , സംഭരണശാലകള്‍ , ഉന്നതമായ പരീക്ഷണശാലകള്‍ , ശൂദ്ധീകരണശാലകള്‍ , ഉള്ളിലേയ്ക്ക് പോകുന്നവരെയും പുറത്തേയ്ക്കു പോകുന്നവരെയും സ്വയം നിയന്ത്രിക്കുന്ന മതില്‍കെട്ട് ഇവയെല്ലാമുള്ള ഒരു പട്ടണത്തോട്, ഒരു കോശത്തെ ഉപമിക്കാം. ഇത്തരത്തിലുള്ളഏകദേശം 100 ലക്ഷം കോടി കോശങ്ങളുണ്ടത്രെ, ഒരു മനുഷ്യശരീരത്തില്‍ . എല്ലാ ജീവകോശത്തിന്റെയും ന്യൂക്ളിയസ്സിലുള്ള ഭീമന്‍ തന്‍മാത്രയാണ് DNA.
ഓരോ ജൈവ വസ്തുവിന്റെയും ഭൌതികവും ശരീര ശാസ്ത്രപരവുമായ മുഴുവന്‍ വിവരങ്ങളും ഈ ചുറ്റുഗോവണിയുടെ ആകൃതിയിലുള്ള തന്‍മാത്രയില്‍ രോഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു DNA യ്ക്കകത്തെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തണമെങ്കില്‍ സര്‍വ്വവിജ്ഞാനകോശത്തിലെ പത്ത് ലക്ഷം പേജുകള്‍ അതിനായി വേണ്ടിവരും. ഒരു ടീസ്പൂണില്‍ കൊള്ളുന്ന DNA തന്‍മാത്രകളില്‍ ലോകത്ത് ഇന്നേവരെ എഴുതപ്പെട്ട പുസ്തകങ്ങളിലെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും. അനേകം വന്‍കിട ഫാക്ടറികളില്‍ നടക്കുന്നത്ര സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഈ കൊച്ചു ശരീരത്തിനുള്ളില്‍ നടക്കുന്നത്. മിനിട്ടില്‍ 72 പ്രാവശ്യം മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കോശങ്ങളിലേക്കും ഓക്സിജനും മറ്റു പോക്ഷകങ്ങളും രക്തമെത്തിക്കുന്നു. വൃക്കയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അരിപ്പകള്‍ , രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുകയെന്ന ശ്രമകരമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. കണ്ണിന് നനവും വിശ്രമവും കൊടുക്കാനായി ഓരോ അഞ്ചു സെക്കണ്റ്റിലും കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നു ചിരിക്കുമ്പോള്‍ മുഖത്തെ മുപ്പത്തിരണ്ട് പേശികളാണ് പണിയെടുക്കുന്നത്. അപ്പോള്‍ നടക്കുമ്പോഴും ഓടുമ്പോഴും സംഭവിക്കുന്നതെന്താണ്? ഇങ്ങനെ, നമ്മുടെ ദൈനംദിന സുഗമ ജീവിതത്തിനാവശ്യമായ എത്രയോ സങ്കീര്‍ണ പ്രവര്‍ത്തനങ്ങളാണ് നാമറിയാതെ ഓരോ നിമിഷവും നടക്കുന്നത്. അതെ, നമ്മുടെ ശരീരത്തിനുള്ളിലും നമുക്കു ചുറ്റും ഈ പ്രപഞ്ചത്തില്‍ മുഴുവനും അത്ഭുതങ്ങളാണ്. നമ്മെയോരോരുത്തരെയും അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്ഭുതങ്ങള്‍ .
യഥാര്‍ത്ഥത്തില്‍ , ഇതിന്റെയെല്ലാം പിന്നില്‍ എല്ലാത്തിന്റെയും സാഷ്ട്രാവും പരിപാലകനുമായ ഒരു ശക്തിയുണ്ടോ? ഉണ്ട്. 'ദൈവം' എന്ന ഒരു ശക്തിയാണതെന്ന് നമ്മളോരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്നു. മനുഷ്യകുലത്തിന് നന്‍മതിന്‍മകളെക്കുറിച്ച് അറിവ് നല്‍കുവാനും അവന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് പഠിപ്പിക്കാനും മനുഷ്യരിലേക്ക് ആഗതരായ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകരാണ് നമുക്ക് 'ദൈവം' എന്ന ശക്തിയുടെ ഗുണവിശേഷങ്ങളെക്കുറിച്ച് അറിവ് തന്നത്. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) പറഞ്ഞു: 'പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവന് ദൈവത്തെ കണ്ടെത്താം. സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കുന്നവന് പോലും ദൈവത്തെ കണ്ടെത്താം'. പക്ഷെ, തങ്ങള്‍ക്ക് തോന്നും പോലെ ജീവിക്കാന്‍ കഴിയില്ല എന്നതു കൊണ്ട് ദൈവം എന്ന ശക്തിയെ നിഷേധിക്കാന്‍ ചിലര്‍ക്ക് എന്നും താല്‍പ്പര്യമായിരുന്നു. 1859 ല്‍ രൂപം കൊണ്ട ചാള്‍സ് ഡാര്‍വിന്റെ 'പരിണാമ' സിദ്ധാന്തം പ്രപഞ്ചസൃഷ്ടാവിനെ പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഭൂമിയിലെ വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങളെല്ലാം ഒരു പൊതു പൂര്‍വ്വീകനില്‍ നിന്ന് ആകസ്മികമായി പരിണമിച്ചുണ്ടായതാണ് എന്നാണ് ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നത്. ഏകകോശ ജീവികളില്‍ നിന്ന് മത്സ്യങ്ങളും, മത്സ്യങ്ങളില്‍ നിന്ന് ഇഴജന്തുക്കളും, ഇഴജന്തുക്കളില്‍ നിന്ന് പക്ഷികളും, പക്ഷികളില്‍ നിന്ന് മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികളുമുണ്ടായി എന്നാണ് ഇവരുടെ വാദം. ആള്‍ക്കുരങ്ങിന്റെയും മനുഷ്യന്റെയും തലയോട്ടികള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടു എന്നതല്ലാതെ ഈ സിദ്ധാന്തം തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും തന്നെ ഇവര്‍ക്ക് കിട്ടിയിട്ടില്ല.
ഉദാഹരണത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ഇഴജന്തുക്കള്‍ പക്ഷികളായിത്തീര്‍ന്നെങ്കില്‍ , ഇഴജന്തുവിന്റെ കുറെ ഭാഗങ്ങളും പക്ഷികളുടെ കുറെ ഭാഗങ്ങളുമുള്ള നിരവധി ജീവികള്‍ വ്യത്യസ്തകാലങ്ങളില്‍ ജീവിച്ചിരുന്നിരിക്കണം. ഇത്തരം മധ്യവര്‍ഗ്ഗങ്ങള്‍ക്ക് അപൂര്‍ണ്ണമായ അവയവങ്ങളാണുണ്ടായിരിക്കേത്. (ഉദാ: പകുതി ചിറകുള്ള പക്ഷികള്‍). ഇത്തരം മധ്യമരൂപങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയാലേ തന്റെ സിദ്ധാന്തം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് ഡാര്‍വിന്‍ തന്റെ പുസ്തകത്തിലെഴുതിയിരുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളില്‍ ഇന്നോളം കുഴിച്ചുനോക്കിയിട്ടും ഇത്തരം ഫോസിലുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. കിട്ടിയതെല്ലാം സമ്പൂര്‍ണ്ണമായ അവയവങ്ങളോടു കൂടിയ ജീവികളുടേതായിരുന്നു. ജീവശാസ്ത്രവും ജനിതക ശാസ്ത്രവും രസതന്ത്രവുമൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്ത് നിലവില്‍ വന്ന ഈസിദ്ധാന്തം, തെളിവുകളില്ലാത്തതിനാല്‍ ശാസ്ജ്ഞന്‍മാര്‍ തന്നെ തള്ളിക്കളയുകയാണ്. 'ഒരു ചവറുകൂമ്പാരത്തിലൂടെ കൊടുങ്കാറ്റടിച്ചപ്പോള്‍ അതിലെ വസ്തുക്കളെല്ലാം കൂടിച്ചേര്‍ന്ന് ഒരു ബോയിംഗ് 747 വിമാനമുണ്ടായി എന്നു പറയുന്നതു പോലെയാണ് ജീവന്‍ ഭൂമിയില്‍ യാദൃശ്ചികമായി ഉണ്ടായി എന്ന് അഭിപ്രായപ്പെടുന്നത്' എന്നാണ് പ്രശസ്ത ഇംഗ്ളീഷ് ഗണിതജ്ഞനും ഖഗോള ശാസ്ത്രജ്ഞനുമായ പ്രഫ. ഫ്രെഢോയിലിന്റെ അഭിപ്രായം. ഇന്നും തെളിയിക്കപ്പെടാത്ത ഈ സിദ്ധാന്തം പക്ഷെ, കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് പഠിക്കുന്ന തലമുറ മനുഷ്യന്റെ ആദ്യപിതാവ് ആദം നബി(അ) യാണോ അതോ കുരങ്ങനാണോ എന്ന സംശയത്തില്‍ ജീവിക്കുന്നു.
ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു ആദിമ അണു പൊട്ടിത്തെറിച്ചാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന് 'മഹാവിസ്ഫോടന' സിദ്ധാന്തം (Big Bang Theory) പറയുന്നു. തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ ഘനീഭവിച്ചാണ് നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉണ്ടായതെന്നും പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. എന്നാല്‍ , ആദിമ അണു എങ്ങനെ ഉണ്ടായി? അതിനുമുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്ത്? പൊട്ടിത്തെറിയ്ക്കുകാരണമായ ഊര്‍ജ്ജം എവിടെ നിന്നു ലഭിച്ചു? പ്രപഞ്ച ഗോളങ്ങളിലെല്ലാം തികച്ചും അന്യൂനമായ ഭ്രമണ വ്യവസ്ഥകള്‍ സ്ഥപാപിക്കപ്പെട്ടതെങ്ങനെ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം കേവലം 'യാദൃശ്ചികം' എന്ന മറുപടിയാണ് ശാസ്ത്രത്തിന് പറയുവാനുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം നിലവില്‍ വന്ന ഈ സിദ്ധാന്തം പലകാര്യങ്ങളും വിശദീകരിക്കാനാവാതെ പ്രയാസപ്പെടുമ്പോള്‍ , പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവതീര്‍ണമായ 'ഖുര്‍ആന്‍' എന്ന ഗ്രന്ഥം പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് സംശയങ്ങള്‍ക്കിടയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്. 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' (ഖുര്‍ആന്‍ 21:30) 'ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു'. (ഖുര്‍ആന്‍ 51:47)
വസ്തുതകള്‍ ഇതായിരിക്കെ, 'ദൈവം' എന്നൊന്ന് ഇല്ലെന്നു വാദിക്കാന്‍ ആരും ശാസ്ത്രത്തിനെ കൂട്ടുപിടിക്കേണ്ടതില്ല. അമേരിക്കയിലെ ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ലാര്‍സന്‍ , ശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ട്, 1997 ഏപ്രില്‍ രണ്ടിന് 'ന്യൂയോര്‍ക്ക് ടൈംസ്' എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു. 'നാല്‍പ്പതു ശതമാനം ശാസ്ത്രജ്ഞന്‍മാരും ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. കൂടാതെ, അവരെല്ലാം മനുഷ്യന്റെ അമരത്വത്തിലും വിശ്വസിക്കുന്നുണ്ട്' എന്നായിരുന്നു ആ റിപ്പോര്‍ട്ട്.