ചെറിയ പുസ്തകങ്ങളിലൂടെ… വല്യകഥാകാരന്‍





കുന്ദംകുളത്തു നിന്നൊരു ചെറുപ്പക്കാരന്‍ ലോക റെക്കോര്‍ഡിലേക്ക്. അതും അല്പം വ്യത്യസ്തതയോടെ. 2005 മുതല്‍ ആനുകാലികങ്ങളില്‍ പുതു കവിതകളിലൂടെയും, കഥകളിലൂടെയും സജീവമായിരുന്ന എഴുത്തുകാരന്‍ സത്താര്‍ ആദൂര്‍. തന്റെ മനസ്സില്‍ എപ്പോഴോ ഉദിച്ച ചെറിയ പുസ്തകമെന്ന ആശയത്തിന്റെ വികാസ പരിണാമങ്ങളിലൂടെ കടന്നു പോയപ്പോള്‍, തേടിയെത്തിയത് 2011 ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്.

ഇത്ര ചെറുതായി നമ്മള്‍ മുമ്പ് കണ്ടിരിക്കുന്നത് പോക്കറ്റ് ഡിക്ഷണറികള്‍ മാത്രം. തീര്‍ത്തും വലിയ പുസ്തകങ്ങളിലൂടെ പേരിലും പെരുമയിലും വലിയ എഴുത്തുകാര്‍ അറിയപ്പെടുമ്പോള്‍, ബഷീറിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ ചെറിയ പുസ്തകങ്ങളിലൂടെ ഒരു ചെറിയ, ഇമ്മിണി വല്യൊരെഴുത്തുകാരന്‍. മൈക്രോ കഥകളും, കവിതകളും അടങ്ങുന്ന മൂന്നു മൈക്രോ പുസ്തകങ്ങളിലൂടെ.

ചെറിയ പുസ്തകം എന്ന ആശയം…
ആനുകാലികങ്ങളില്‍ എഴുതുന്നുണ്ടെങ്കിലും മുഖ്യധാരകളിലെ ആനുകാലികങ്ങളില്‍ എഴുതണമെന്ന് തോന്നിയിരുന്നു. പക്ഷേ അത്ര പെട്ടൊന്നൊന്നും അവിടേയ്ക്ക്, ആ അവസ്ഥയിലേക്കു കടന്നു ചെല്ലാന്‍ സാധിക്കാതെ വന്നപ്പോള്‍ തന്റേതായ ഒരു ഇടം കണ്ടെത്തുക, സ്വീകരിക്കുക എന്നു മനസ്സില്‍ ഉറച്ചതോടെയാണ് ഇങ്ങനോരു സംരംഭത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് ലോകത്തിലെ എറ്റവും ചെറിയ ഗ്രന്ഥങ്ങളുടെ കഥാകാരന്‍ - സത്താര്‍ ആദൂര്‍ ബിലൈവ് ന്യൂസിനോട് പറയുന്നു.
2008ലാണ് ആദ്യ പുസ്തകം വെളിച്ചംകണ്ടത്. അതേത്തുടര്‍ന്ന് രണ്ടു പുസ്തകങ്ങള്‍. ഈ മൂന്നു പുസ്തകങ്ങളാണ് ലിംക ബുക്ക് ഓഫ് റെക്കോഡില്‍ എത്താന്‍ സഹായിച്ചത്. ഒന്നര ഇഞ്ച് നീളത്തില്‍ ഒരിഞ്ച് വീതിയില്‍, 3 ഗ്രാം തൂക്കത്തില്‍ ഉള്ള പുസ്തകത്തിന്റെ പേര് എസ് എം എസ് 101 കഥകള്‍. 104 പേജുകളുള്ള പുസ്തകത്തില്‍ കഥകള്‍ക്കൊപ്പം 51 ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്ര ചെറിയ പുസ്തകമോ? കുന്ദംകുളത്തുള്ള പവര്‍ ഓഫ് സെറ്റ് പ്രസ്സില്‍ പുസ്തകം അടിപ്പിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്കും അത്ഭുതം. ചെറിയ പുസ്തകമെഴുതുക അത്ര വല്യ കാര്യമാണോ? എല്ലാവരും കളിയാക്കി. പ്രതികരണം ചിരിയിലൊതുക്കി സത്താര്‍ തന്റെ കൃത്യം തുടര്‍ന്നു കൊണ്ടിരുന്നു. 2009ല്‍ എസ്.എം.എസ് 101 കവിതകള്‍ .100 പേജിലായി 101 കവിതകള്‍. 66 ചിത്രങ്ങള്‍. ഒരിഞ്ച് നീളം, ഒരിഞ്ച് വീതി, രണ്ടര ഗ്രാം തൂക്കം. ലോകത്തിലെ ആദ്യത്തെ ചെറിയ പുസ്തകം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം അന്നുവരെ വരെ ആരും ഇത്ര ചെറിയൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല.

2010ല്‍ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരില്‍ 100 പേജുള്ള കഥാ-കവിതാ സമാഹാരം. ഒന്നര സെ.മി.നീളവും, ഒന്നേകാല്‍ സെ.മി.വീതിയും, എണ്ണൂറ്റിയമ്പതു മില്ലി തൂക്കവും ഉള്ള പുസ്തകം. 50 ഇംഗ്ളീഷ് കഥകളും, 50 കവിതകളുമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രീഡിഗ്രിയോടെ പഠനമുപേക്ഷിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങി. അതിനൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും ശ്രദ്ധ തിരിഞ്ഞു. നുറുങ്ങു പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല സത്താറിന്റെ ലോകം. എഴുത്തുകാരന്‍. തിരക്കഥാ കൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആദ്യമായി നിര്‍മ്മിച്ച ദ മാന്‍ എന്ന സിനിമയിലും നിര്‍മ്മാതിവിന്റെ വേറിട്ട സ്റ്റൈല്‍ കാണാന്‍ കഴിഞ്ഞു. ഉറുമ്പിനെ കഥാപാത്രമാക്കിക്കൊണ്ട് 10 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ഒരു ഹ്രസ്വ ചിത്രം. ഉറുമ്പ് വെള്ളത്തില്‍ വീഴുന്നതും, രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുടെ കൈ മാത്രം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടും എടുത്ത ഒരപൂര്‍വ്വ ചിത്രം. കലാലയം എന്ന ഹോം സിനിമയുടെ തിരക്കഥയിലൂടെ സിനിമാരംഗത്തും എത്തിപ്പെട്ടു.

ചെറുകഥകളും, കവിതകളുമാണിഷ്ടമെങ്കിലും വല്യ കഥകളോട് വിരോധമില്ലെന്നതിന്റെ തെളിവാണ് മിനാരങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലും, ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇലാഹി എന്ന കവിതാ സമാഹാരവും. അങ്കണം കഥാ പുരസ്കാരം, ദേശീയ നാടകവേദി പുരസ്കാരം, മൌലാനാ ആസാദ് പ്രതിഭാ പുരസ്കാരം, ഹരിതയൂത്ത് പുരസ്കാരം, അക്ഷയ കലാ പുരസ്കാരം, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും, ബഹുമതികളും ഈ കുറഞ്ഞ കാലയളവിനുള്ളില്‍ സത്താറിനെത്തേടിയെത്തി.

കുറ്റിയില്‍ കുഞ്ഞുമോന്റെയും, പാത്തുണ്ണിക്കുട്ടിയുടെയും മകനായ ഈ 33കാരന്‍, കഥാകാരന്റെ വേദന തിരിച്ചറിഞ്ഞ സാഹചര്യം ഓര്‍ക്കുന്നതും വേദനയോടെ. അപ്പര്‍ പ്രൈമറിയില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍ എഴുതാന്‍ തോന്നി. ഒന്നും എഴുതാനാകാതെ കണ്ണീരോടെ മിഴിനീരുകള്‍ എന്ന് എഴുതി അടിയില്‍ വരയും കൊടുത്തു നിര്‍ത്തി. പിന്നീട് എല്ലാദിവസവും ആ ബുക്കില്‍ എഴുതാന്‍ മറന്നില്ല. ബോര്‍ഡിംഗില്‍ പരിശോധയ്ക്കെത്തിയ മാഷ് കഥയെഴുതിയതു കണ്ട് വടി ഒടിയും വരെ തല്ലിയതും…വര്‍ഷങ്ങള്‍ക്കുശേഷം ആ മാഷെ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതെ പോയതും ഇന്നലെ എന്നപോലെ ഓര്‍മ്മിക്കുന്നു.

"ഒരു മൊബൈലും പിടിച്ച് അയാള്‍ ഖബര്‍സ്ഥാനിലേക്ക് പോയിട്ട് നേരം ഒരുപാടായി.  ഏതൊക്കെ ഖബറിലേക്കാണാവോ അയാള്‍ എസ്.എം.എസ് ചെയ്യുന്നത്…"ഇന്ന് എസ്.എം.എസിന്റെ സ്വാധീനം മത്സരങ്ങളിലും, റിയാലിറ്റി ഷോകളിലും വര്‍ധിച്ചു വരികയാണ്. എത്ര നന്നായി പെര്‍ഫോം ചെയ്താലും എസ്.എം.എസുകളുടെ കുറവുകള്‍ കാരണം പന്നിലായിപ്പോകുന്ന മത്സരാര്‍ത്ഥികള്‍, എസ്.എം.എസ് ഉണ്ടെങ്കിലേ വിജയിക്കൂ എന്ന സ്റ്റൈല്‍. സാധാരണ മരിച്ച അളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഖബറില്‍ പോവുക. ഇന്ന് പ്രാര്‍ത്ഥനയ്ക്കൊപ്പം എസ്.എം.എസ് കൂടെയുണ്ടെങ്കിലെ എല്ലാമാവൂ എന്ന വസ്തുതയെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് കഥയ്ക്കുവേണ്ടി എന്തെങ്കിലും പറഞ്ഞു പോകുന്ന ഒരു രീതിയല്ല സത്താറിന്റെ കഥകള്‍ എന്നാണ്. മറിച്ച് കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ കഥാതന്തുവായി സ്വീകരിക്കുന്നതിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നിടത്താണ് സത്താറിന്റെ വിജയം. ഉമ്മയും,ഭാര്യ ഷമീനാ ബീവിയും, മകള്‍ ഫാത്തിമ ഫതുവയും അടങ്ങുന്ന ആദൂര്‍ വീട്ടില്‍ ചെറിയ പുസ്തകങ്ങളുടെ സുല്‍ത്താനായി സത്താര്‍.