മൂന്ന് വര്ഷമായി ഞാനിവിടെ തീയും പുകയും ......ചട്ടിയും കലവുമായി കഴിയുന്നു.
ഇനിയും ഇങ്ങക്ക് നാട്ടീല്‍ ബരാനുള്ള പൂതില്ലേന്നു..... ഒന്നൂല്ലെങ്കില്‍ മോളെ കാണണം എന്ന ചിന്ത ...അതും ഇല്ലേ.....
കെട്ട്യോള് സൈനബ എപ്പം വിളിച്ചാലും ചോദിക്കുന്ന ചോദ്യമാണ് . ഇതൊരു താക്കീതോ ...ഉപദേശമോ...അതുമല്ല വിഷം പുരട്ടിയ കുന്തമുനയോ....
ഇവിടെ ഉണക്ക കുബൂസും കഞ്ഞിയും, മരുഭൂവിന്റെ മേലാപ്പുമായി കഴിയുന്നത്
എന്തിനു വേണ്ട്യാന്നാ...ഓള്ടെ വിചാരം...എല്ലാം സമ്പാദിച്ചു കൂട്ടി
അതിന്റെ മീതെ കിടന്നുരങ്ങാനോ...
ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട് . പക്ഷെ താല്‍ക്കാലികമായി എങ്കിലും എല്ലാം ബലികഴിക്കുന്നു എന്ന് മാത്രം.
ഇതിനകം ജീവിതത്തിന്റെ പകുതിയിലേറെ പിന്നിട്ടിരിക്കുന്നു അതില്‍ വലിയ ഒരു ഭാഗം ഈ പുണ്യ ഭൂമിയിലും. ഇനി ബാക്കിയുള്ള നിമിഷങ്ങള്‍ എണ്ണപ്പെട്ടത് മാത്രം.
ഒരു സാധാരണ പ്രവാസിയെ പോലെ പ്രഷറും ഷുഗറും ആയി മല്ലടിക്കാനുള്ള മുന്നൊരുക്കം ഉണ്ടാക്കേണ്ടിയിരിക്കുന്നു.
രണ്ടും മൂന്നും പെണ്ണ് കെട്ടുന്നത്തിന്റെ ഗുണ ഗണങ്ങള്‍ ചിലര്‍ പാടി പറഞ്ഞു കേട്ടത്
ഓര്‍ത്തുപോകുന്നു. പെണ്ണിന്റെ മണം അറിയാതെ,ദാമ്പത്യ ബന്ധത്തിന്റെ
സുഖമറിയാതെ കഴിയുന്നവരെക്കുറിച്ച് ഇവര്‍ക്കെന്താണ് പറയാന്‍ ഉള്ളത്...?
സൈനബയുടെ ഓരോ തോന്ന്യാസങ്ങള്ക്ക് ചൂട്ടു പിടിക്കാന്‍ ചില ഇബിലീസുകള്‍
നാട്ടിലുണ്ടെന്ന വാര്ത്ത മുന്പേ അറിഞ്ഞിരുന്നു.എങ്കിലും അവ ജിന്നിന്റെ
രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം അറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ അതും ബോധ്യപ്പെട്ടു. മരുമകന്‍ ഹമീദ് വിളിച്ചപ്പോള്‍ പറഞ്ഞു അവളുടെ പുതിയ ചുരിദാര്‍ പ്രേമം .....35 വയസ്സായി രണ്ടു കുട്ട്യേളെ പെറുകയും ചെയ്തു .ഇപ്പോഴാണോ അവള്ക്കു ചെത്തി നടക്കാന് പൂതി തോന്നുന്നത്
രാത്രി ഒരു മണിക്കൂറിലേറെ തര്ക്കിച്ചിട്ടും ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്ന പഴമൊഴി തന്നെ. അവളുടെ ന്യായീകരണം ഇങ്ങിനെ പോകുന്നു
സാരി ഉടുക്കുമ്പോള്‍ വയറു കാണും അത് മറയ്ക്കാന്‍ ഇടയ്ക്കിടെ കേറ്റി കുത്തണം ചൂരീദാര്‍ ആവുമ്പോള്‍ അത് വേണ്ട. എന്നാല്‍ അതും ഇട്ടു പോകുമ്പോള്പൂവാലന്മാരും കൂടെ ഉണ്ടാവുമെന്ന് അവള്‍ ഓര്‍ക്കാത്തത് എന്തെ...
പകരം സാരി ആവുമ്പോള്‍ പ്രായം തോന്നിക്കുകയും ശല്യം കുറയുകയും ചെയ്യും.
ഇതൊക്കെ ആരോട് പറയാന്‍...അല്ലെങ്കില്‍ പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍.....
വിമാനം പതിവിലും നാല് മണിക്കൂര്‍ വയ്കിയാണ് എത്തിയത് . അടുത്ത സീറ്റില്‍ 60 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. പരിചയപ്പെട്ടു
നാലുവര്ഷത്തെ ജോലിയ്ക്ക് ശേഷം കിട്ടിയ മൂന്ന് മാസത്തെ അവധിയ്ക്ക്
നാട്ടില്‍ പോകുന്നു. 4 പെണ്‍ കുട്ടികള്‍ ...അവരെ കല്യാണം കഴിപ്പിച്ച്
അയക്കേണ്ട ഒറ്റ കാര്യത്തിനു മാത്രം അറബിയുടെ വീട്ടു വേലക്കാരിയായി. പകലും രാത്രിയിലും ജോലി. വിശപ്പടക്കാന്‍ മാത്രം ഭക്ഷണം.
ചിലരെ അടുത്ത് അറിയുമ്പോള്‍ മാത്രമാണ് നമ്മുടെ വിഷമങ്ങള്‍ ഒന്നുമല്ല എന്ന് മനസ്സിലാകുന്നത്.
കരിപ്പൂരില്‍ എത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞു. പുറത്തിറങ്ങിയപ്പോള്‍ ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. ആ ഇരിട്ടില്‍ തപ്പി തടഞ്ഞു ഞാന്‍ നടന്നു.
മൊബൈലിലെ അലാറം അടിച്ചിട്ടും എഴുന്നേല്‍ക്കുന്നത് കാണാതെ ആവാം റൂമിലെ റഷീദ് തട്ടിവിളിച്ചു. എന്താ എഴുന്നെല്ക്കുന്നില്ലേ....
താന്‍ ഇതുവരെ സ്വപ്നത്തിലായിരുന്നു എന്നകാര്യം ഓര്ത്തെടുത്തത് അപ്പോള്‍ മാത്രം.