
നിഷ്കളമായ ചിരിയുമായി, കണ്ണുകളില്‍ കുസൃതി നിറച്ച്, നീണ്ട മുടിയുമായി, പാവാടയും ബ്ളൌസുമിട്ട് പച്ചപ്പനന്തത്തയെപ്പോലെ കണ്ണൂരില്‍ നിന്നുമെത്തിയ ഒരു തനി നാടന്‍ സുന്ദരിക്കുട്ടി. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന് മലയാളികളുടേയും, തെന്നിന്ത്യന്‍ സിനിമയിലെയും ശ്രദ്ധേയവും സജീവവുമായ സാന്നിധ്യമുമായി മാറി.
ഏതു കഥാപാത്രത്തെയും, വിഷയത്തെയും ഹൃദയാകര്‍ഷകമായി അവതരിപ്പിക്കാനുള്ള കഴിവ് കൈമുതലായുള്ള, അഭിനയത്തില്‍ തന്റേതായ കഴിവും മികവും കാഴ്ചവെച്ച സംവൃതാ സുനില്‍. രസികന്‍ മുതല്‍ പുതിയ ചിത്രമായ സ്വപ്നസഞ്ചാരിവരെ. അതിനിടയില്‍ അല്പം ഓണ വിശേഷങ്ങളുമായി… സംവൃത ബിലൈവിനോടൊപ്പം.
സ്വപ്നസഞ്ചാരിയെക്കുറിച്ച്…?
ഷൂട്ടിംഗ് ഏകദേശം തീരാറായി. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ കമല്‍ സാര്‍ സംവിധാനം ചെയ്യുന്നു. ഒരു ശരാശരി മലയാളി ഗള്‍ഫില്‍ പോയി പണമുണ്ടാക്കുകയും, ജീവിതത്തില്‍ സ്വപ്നം പോലും കാണാത്ത അവസ്ഥയില്‍ പണം വരവില്‍ കവിഞ്ഞ് വരുമ്പോള്‍ മോഹങ്ങള്‍ വര്‍ദ്ധിച്ച് അതിനു പിന്നാലെ പായുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാന്റെ കഥ പറയുകയാണ് കെ.ഗിരീഷ് കുമാര്‍. നാട്ടുകാര്‍ക്കു മുമ്പില്‍ പൊങ്ങച്ചം കാണിക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഗള്‍ഫ് റിട്ടേണ്‍ അജയചന്ദ്രന്‍ നായരുടെ( ജയറാം) ഭാര്യ രശ്മിയുടെ റോളാണ്. അയാളുടെ ജീവിതരീതികളോട് സഹകരിക്കുകയും, നോക്കി നില്‍ക്കുകയും ചെയ്യുന്ന നിസ്സഹായയായ ഭാര്യ. ഉണ്ടാകും തോറും കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കാനായി നെട്ടോട്ടമോടുന്ന മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികള്‍ വ്യക്തമാക്കിത്തരുന്ന ഒരു കോമഡി-കം-സെന്റിമെന്റ് ചിത്രം.
രസികനിലേക്ക് വരാനുണ്ടായ സാഹചര്യം …?
ഞാന്‍ ഫസ്റ്റ് ഡി.സിയ്ക്ക് സെന്റ് തെരേസാസില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത്, ഫാമിലി ഫ്രണ്ടായ ഡയറക്ടര്‍ രഞ്ജിത്ത് വഴിയാണ് ലാല്‍ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹവും ക്യാമറാമാനും കൂടി ഹോസ്റ്റലില്‍ വരുകയും ഫോട്ടോ ഷൂട്ട് ചെയ്യുകയും ചൊയ്തു.

ലാല്‍ ജോസിന്റെ ചിത്രത്തില്‍ക്കൂടിയാണല്ലോ വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹത്തെക്കുറിച്ച് ?
അദ്ദേഹം എന്റെ ഗുരുസ്ഥാനത്താണ്. ലാല്‍ സാറാണ് വിളിക്കുന്നതെങ്കില്‍ കഥാപാത്രം ഏതെന്നോ, എത്ര ഷോട്ട് ഉണ്ടെന്നോ പോലും ചോദിക്കാറില്ല. അത് എന്തായാലും നല്ലതായിരിക്കുമെന്നറിയാം. പിന്നീട് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. തീര്‍ച്ചയായും യെസ് എന്ന ഉത്തരമേ പറയൂ. പിന്നെ നമുക്ക് വളരെ ഫ്രീഡം തരുന്ന ഒരു സംവിധായകനാണ് ലാല്‍ സാര്‍. അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
കോക് ടെയില്‍?
ഒരു സീരിയസ് വിഷയമാണ് കോക്ടെയിലില്‍ ഉണ്ടായിരുന്നത്. അതുപോലൊരു കഥാപാത്രം ഏറെ നാളായി മനസ്സിലുണ്ടായിരുന്നു. പാര്‍വതി എന്ന കഥാപാത്രം നന്നായി എന്ന് പലരും പറഞ്ഞു. ആ സിനിമ കണ്ടിട്ട് മമ്മൂക്കയും ഭാര്യയും വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
അറബിക്കഥയിലെ മായ?
എന്റെ ക്യാരക്ടറിന് സിനിമയുമായി യാതൊരു ബന്ധവുമുല്ല. നായികയെ മലയാളം പഠിപ്പിക്കുകയും ഞാന്‍ ചൈനീസ് പഠിക്കുകയും ചെയ്തു. പരസ്പരം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു എന്നൊരു നേട്ടം ഉണ്ടായി.

വന്‍ ഹിറ്റിലേക്കുയര്‍ന്ന മാണിക്യക്കല്ലിലെ ചാന്ദിനി ടീച്ചര്‍?
മണ്ണാന്‍ മല സ്കൂളിലെ പി.ടി.ടീച്ചറാണ് ചാന്ദിനി. മുട്ടക്കച്ചവടവും, കോഴിക്കച്ചവടവും സൈഡ് ബിസിനസ് ആയുള്ള ടീച്ചര്‍. കഥ വായിച്ചു. ഇഷ്ടപ്പെട്ടു. പക്ഷേ വീണ്ടും ഒരു വര്‍ഷത്തിനുശേഷമാണ് ചിത്രീകരണം തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ കരിയറിലെ വ്യത്യസ്തമായൊരു അനുഭവമാണ് ആ ചിത്രം. എന്റെ സ്വഭാവത്തില്‍ നിന്നും ഒരുപാട് അകന്നുപോയ ഒരു കഥാപാത്രം. പിശുക്കിയും, വഴക്കാളിയും, തന്റേടിയും ഒക്കെയായ ഒരു ടീച്ചര്‍.
മറ്റു ഭാഷകളിലെ സിനിമകള്‍? ആദ്യത്തെ അന്യ ഭാഷാ ചിത്രം?
തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വീണ്ടും ഓഫര്‍ വരുന്നുണ്ട്. മലയാള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ കിട്ടുന്നുണ്ട്. മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ മികച്ച റോളുകള്‍ കിട്ടുകയാണെങ്കില്‍ ചെയ്യും. ആദ്യമായി അഭിനയിച്ച അന്യ ഭാഷാ ചിത്രം തമിഴിലെ ഉയിര്‍ ആണ്. പുതിയ സംവിധായകന്റെ ആദ്യ സിനിമ എന്ന രീതിയില്‍ വളരെയധികം വിജയിച്ചു. തമിഴ് നാട്ടില്‍ത്തന്നെ നൂറില്‍ ക്കൂടുതല്‍ തിയേറ്ററുകളില്‍ ഓടി.
അഭിനയിച്ച റോളുകള്‍? വിലയിരുത്തല്‍?
ദൈവം സഹായിച്ച് ഇതുവരെ നല്ല കഥാപാത്രങ്ങളേ കിട്ടിയിട്ടുള്ളൂ. പിന്നെ നായികാ പ്രാധാന്യമില്ലാത്ത റോളുകളും ചെയ്തിട്ടുണ്ട്. പ്രത്യേക കഥാപാത്രങ്ങളേ ചെയ്യു എന്ന് കടുംപിടുത്തമൊന്നും ഇല്ല. ഓരോ റോളുകള്‍ ചെയ്യുമ്പോഴും അതിന്റേതായ സ്ട്രെയിന്‍ ഉണ്ട്. ചെയ്യുന്ന റോളുകള്‍ നന്നായി ചെയ്യാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ട്. പിന്നെ ചെയ്ത റോളുകളെ വിലയിരുത്തേണ്ടത് ഞാനല്ലല്ലോ? നിങ്ങളോരോരുത്തരുമല്ലേ. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സുകള്‍ എന്നെ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്.
ഗ്ലാമര്‍ റോളുകള്‍?
ഗ്ലാമര്‍ ചെയ്യാന്‍ എനിക്ക് തീരെ താല്‍പര്യമില്ല.
മോഡലിംഗ്?
വളരെ അടുത്താണ് മോഡലിംഗ് ചെയ്യാന്‍ തുടങ്ങിയത്. സിനിമ തന്നെയാണ് പ്രധാനം. നല്ല ഒരു പ്രോഡക്ടിന്റെ ഓഫര്‍ വന്നപ്പോള്‍ ചെയ്തു എന്നു മാത്രം. സ്ഥിരം പ്രൊഫഷന്‍ ആക്കാന്‍ ഇഷ്ടമില്ല.
ഗോസിപ്പുകളോടുള്ള സമീപനം?
ഗോസിപ്പുകള്‍ എല്ലാ ഫീല്‍ഡിലുമുണ്ട്. ഫിലിം ഫീല്‍ഡില്‍ അത് കൂടുതലാണ് എന്നോരു പ്രത്യേകതയുണ്ടെന്നു മാത്രം. കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. ഗോസിപ്പുകള്‍ എന്നും ഒരാളെ കേന്ദ്രീകരിച്ചായിരിക്കില്ല. ഇന്ന് ഞാനാണെങ്കില്‍ നാളെ വേറൊരാള്‍. അതിനെതിരെ പ്രതികരിക്കാതിരിക്കുക. തനിയേ നിന്നുകൊള്ളും.
സൌഹൃദങ്ങള്‍?
ആരോഗ്യകരമായ സൌഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. വര്‍ക്കു ചെയ്തവരുമായൊക്കെ ഇന്നും നല്ല ഫ്രണ്ട് ഷിപ്പ് ഉണ്ട്. ഫെയിസ് ബുക്കില്‍ സജീവമാണെങ്കിലും വളരെ ക്ളോസായവരുമായി മാത്രമേ കമ്മ്യൂണിക്കേറ്റു ചെയ്യാറുള്ളൂ. ഫാന്‍സിനും പബ്ളിക്കിനുമായി ഒരു ഫാന്‍ പേജ് ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ അവരേ കോണ്ടാക്ട് ചെയ്യും.
സ്വന്തം ചിത്രങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനം?
റോബിന്‍ ഹുഡിലെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം എന്ന ഗാനം ഇഷ്ടമാണ്. നോട്ടത്തിലെ പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ എന്ന ഗാനമാണ് എന്നെ പോപ്പുലറാക്കിയത്. അതുകൊണ്ട് അതും ഇഷ്ടമാണ്.
വിവാഹ സങ്കല്‍പ്പങ്ങള്‍?
ഏതൊരു പെണ്‍കുട്ടിയേയും പോലെ എനിക്കും ആഗ്രഹങ്ങളും സങ്കല്‍പ്പങ്ങളുമുണ്ട്. എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരാള്‍ ആയിരിക്കണം. പിന്നെ വിവാഹം, തനിച്ചൊരു തീരുമാനം എടുക്കില്ല. വീട്ടുകാര്‍ക്കു കൂടി ഇഷ്ടമായ ഒരാള്‍ വരണം. എല്ലാം വിധിപോലെ നടക്കും. അതിനിടയില്‍ നല്ല കുറേകഥാപാത്രങ്ങള്‍ ചെയ്യണം.
പുതിയ ചിത്രങ്ങള്‍?
കിംഗ് ആന്റ് കമ്മീഷണര്‍, അസുരവിത്ത് ,സ്വപ്ന സഞ്ചാരി.
ഇത്തവണത്തെ ഓണം?
തൊടുപുഴയില്‍. സ്വപ്ന സഞ്ചാരിയുടെ സൈറ്റിന്‍ ആണ് ഈ ഓണം. അച്ഛന്‍ നാട്ടില്‍ നിന്നും എത്തിയിട്ടുണ്ട്. അമ്മ എന്റെ കൂടെയുണ്ട്. അനിയത്തി ചെന്നെയില്‍ ആയതിനാല്‍ വരില്ല. പായസം കൂട്ടിയുള്ള വെജിറ്റേറിയന്‍ ഫുഡ് ആണിഷ്ടം. ഓണക്കോടിയൊക്കെ വാങ്ങി. ഇനി ഓണം അടിച്ചു പൊളിക്കാം.