ഇന്ത്യന്‍ കക്കൂസുകള്‍ 50 രാജ്യങ്ങളിലേക്ക്‌...

ഇന്ത്യയിലെ ഗ്രാമങ്ങളില് ഇപ്പോഴും പത്തുവീടിന് ഒരു കക്കൂസ് എന്നതാണത്രേ സ്ഥിതി. ആവശ്യംവരുമ്പോള് ഒരു മൊന്ത വെള്ളവുമായി പറമ്പുതേടിപ്പോകുന്ന പതിവാണ് ഗ്രാമീണ ഇന്ത്യക്കാര് ഇപ്പോഴും പിന്തുടരുന്നത്. ഈ പശ്ചാത്തലത്തില്, ഇന്ത്യയില് നിന്ന് കക്കൂസുകള് കടല് കടക്കാന്പോകുന്നു എന്നുകേട്ടാല് ആശ്ചര്യം തോന്നാം. എന്നാല് സത്യം അതാണ്. 50 വികസ്വര രാജ്യങ്ങള്ക്കുവേണ്ട റെഡിമെയ്ഡ് ടോയ്ലെറ്റുകളാണ് ഇന്ത്യയില് നിന്നും കയറ്റുമതി ചെയ്യാന് പോകുന്നത്. `സുലഭ് ശൗചാലയ' എന്ന പേരില് ഇന്ത്യയില് പലയിടത്തും കാണാവുന്ന ടോയ്ലെറ്റാണ് ആഫ്രിക്ക, ഏഷ്യ, ലാറ്റിന് അമേരിക്ക, മിഡില് ഈസ്റ്റ് എന്നിവിടങ്ങളിലെ 50 രാജ്യങ്ങളില് ഇനി സേവനമനുഷ്ഠിക്കുക.

ഇന്ത്യ ആസ്ഥാനമായുള്ള സാമൂഹ്യസേവന സംഘടനയായ സുലഭ് ഇന്റര്നാഷണലാണ് ടോയ്ലറ്റിന്റെ നിര്മ്മാതാക്കള്. മാലിന്യ സംസ്കരണം, മനുഷ്യാവകാശം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെല്ലാം സുലഭ് പ്രവര്ത്തിക്കുന്നുണ്ട്. 50,000 സന്നദ്ധസേവകരാണ് സുലഭിനുവേണ്ടി പ്രതിഫലേച്ഛയില്ലാതെ ജോലി ചെയ്തുവരുന്നത്.

1970 ല് ഡോ. ബിന്ദേശ്വര് പഥക്ക് ആണ് സുലഭ് സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും ശുചിത്വമുള്ളതുമായ റെഡിമെയ്ഡ് ടോയ്ലറ്റ് എന്നു പേരുള്ള സുലഭ് ശൗചാലയ് നിര്മ്മിച്ചതും അദ്ദേഹം തന്നെ. പണംകൊടുത്ത് ഉപയോഗിക്കുന്ന പല ടോയ്ലറ്റുകളും ഇപ്പോള് `സുലഭ്' ആണ്. ഇന്ത്യയില് ഒരു കോടി ജനങ്ങള് ദിവസവും സുലഭ് ശൗചാലയ ഉപയോഗിക്കുന്നുണ്ട്. മനുഷ്യവിസര്ജ്യത്തില്നിന്ന് ബയോഗ്യാസും ബയോ ഫെര്ട്ടിലൈസറും നിര്മ്മിക്കുന്നുമുണ്ട് സുലഭ് ഇന്റര്നാഷണല്. 1996 ല് ഐക്യരാഷ്ട്രസഭ സുലഭിന്റെ പ്രവര്ത്തനങ്ങളെ പ്രകീര്ത്തിച്ചിരുന്നു. ഡല്ഹിയില് ടോയ്ലറ്റുകളുടെ കഥ പറയുന്ന മ്യൂസിയവും സുലഭ് നടത്തുന്നുണ്ട്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ന്യൂയോര്ക്കില്വെച്ചാണ് സുലഭിന് 50 രാജ്യങ്ങളില് ടോയ്ലറ്റ് സ്ഥാപിക്കാനുള്ള ഓര്ഡര് ലഭിച്ചതായി ഡോ. ബിന്ദേശ്വര് അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ ശുചിത്വപദ്ധതിപ്രകാരമാണ് ടോയ്ലറ്റുകള് സ്ഥാപിക്കുന്നത്.

അഫ്ഗാനിസ്ഥാന്, ചൈന, ഭൂട്ടാന്, ദക്ഷിണാഫ്രിക്ക, നേപ്പാള്, ലാവോസ്, എത്യോപ്യ എന്നീ രാജ്യങ്ങളിലും 10 ആഫ്രിക്കന് രാജ്യങ്ങളിലും ഇപ്പോള്ത്തന്നെ സുലഭ് ഉപയോഗിക്കുന്നുണ്ട്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ സുലഭ് കക്കൂസുകള് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണം 68 ആകും.