സ്റ്റോക്ഹോം: പാട്ട പെറുക്കി നടന്ന യാചകന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തിനുവേണ്ടി സ്വീഡനില്‍ നിയമപോരാട്ടം. ടിന്‍കാന്‍ കര്‍ട്ട് എന്നറിയപ്പെടുന്ന കര്‍ട്ട് ഡാഗര്‍മാനാണ് 60ാം വയസ്സില്‍ 10 ലക്ഷത്തിലേറെ പൌണ്ട് (6.8 കോടി രൂപ) സമ്പാദ്യം ബാക്കിയാക്കി മരിച്ചത്. ഓഹരി വിപണിയിലും ബാങ്കുകളിലുമായി കര്‍ട് നിക്ഷേപിച്ച ലക്ഷങ്ങള്‍ക്കായി ഉറ്റബന്ധുക്കളാണ് കോടതി കയറിയത്. വടക്കന്‍ സ്വീഡനിലെ തെരുവുകളില്‍ പാട്ട പെറുക്കി നടന്ന കര്‍ട്ടിന്റെ മരണശേഷമാണ് വന്‍ ആസ്തിയുടെ വിവരം പുറത്തുവന്നത്. പാട്ട പെറുക്കി കടക്കാര്‍ക്കും റീസൈക്ലിങ് പ്ലാന്റിനും ചില്ലിക്കാശുകള്‍ക്കും വിറ്റാണ് കര്‍ട്ട് കഴിഞ്ഞിരുന്നത്. എച്ചില്‍ തിന്നും ദുര്‍ഗന്ധം വമിക്കുന്ന പഴഞ്ചന്‍ തുണികള്‍ ധരിച്ചും ജീവിച്ച കര്‍ട്ട് നഗരപ്രാന്തത്തിലെ ചേരിയിലെ നാറുന്ന കുടിലിലായിരുന്നു താമസം. സ്വന്തം ആവശ്യങ്ങള്‍ക്കായി ഇയാള്‍ ചില്ലിക്കാശ് ചെലവഴിച്ചിരുന്നില്ല. എന്നാല്‍, 40 വര്‍ഷമായി ഇയാള്‍ ഓഹരി വിപണിയില്‍ സജീവമായിരുന്നു. സമീപത്തെ വായനശാലയില്‍ എന്നും ചെന്ന് സ്വീഡിഷ് ബിസിനസ് പത്രം അരിച്ചുപെറുക്കി വായിച്ചാണ് കര്‍ട്ട് വിപണിയെ അടുത്തറിഞ്ഞത്. ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ മനപ്പാഠമായിരുന്നു ഇയാള്‍ക്കെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കര്‍ട്ടിന്റെ മരണം. അഭിഭാഷകനാണ് മരണശേഷം കര്‍ട്ടിന്റെ വില്‍പത്രം പുറത്തുവിട്ടത്. ഓഹരി വിപണയിലൂടെ സമ്പാദിച്ച 7,31,000 പൌണ്ട് സ്വിസ് ബാങ്കിലായിരുന്നു. 2,50,000 പൌണ്ട് വിലവരുന്ന സ്വര്‍ണക്കട്ടികളും 275 പൌണ്ട് വരുന്ന നാണയങ്ങളും കൂരയിലാണ് ഇയാള്‍ സൂക്ഷിച്ചത്.
എല്ലാ മാസവും തന്നെ സന്ദര്‍ശിക്കുകയും പരിചരിക്കുകയും ചെയ്ത ഉറ്റബന്ധുവിന്റെ പേരിലാണ് കര്‍ട്ട് സ്വത്തുക്കള്‍ എഴുതിവെച്ചത്. അമ്മാവന്റെ മകനായിരുന്നു ഈ ഭാഗ്യവാന്‍. എന്നാല്‍, സ്വീഡിഷ് നിയമപ്രകാരം തനിക്കാണ് അവകാശമെന്നു കാണിച്ച് അവകാശിയുടെ പിതാവ് അഥവാ കര്‍ട്ടിന്റെ അമ്മാവന്‍ രംഗത്തുവന്നു. സമ്പാദ്യം പങ്കുവെക്കുന്നതിനുള്ള കരാറില്‍ ഇരുവരും എത്തിയതായാണ് റിപ്പോര്‍ട്ട്.
Courtesy : www.madhyamamonline.com