കള്ളം പറയുന്നതില്‍ ആണുങ്ങള്‍ മുന്നില്‍

ലണ്ടന്‍: സ്ത്രീകളാണ് കൂടുതല്‍ കളവ് പറയുന്നതെന്ന പൊതുധാരണ തിരുത്തിക്കൊണ്ടൊരു സര്‍വേ റിപ്പോര്‍ട്ട്. പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ കളവ് പറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അഭിപ്രായ സര്‍വേ വിദഗ്ധരായ 'വണ്‍പോള്‍' ഈ സര്‍വേ നടത്തിയത് മൂവായിരം മുതിര്‍ന്നവരിലാണ്. സ്ത്രീകള്‍ ദിവസത്തില്‍ രണ്ടുതവണ കളവ് പറയുമ്പോള്‍ പുരുഷന്മാര്‍ മൂന്ന് തവണ കളവ് പറയും. അങ്ങനെ വര്‍ഷത്തില്‍ സ്ത്രീകള്‍ ഏകദേശം 728 കളവുകള്‍ പറയുമ്പോള്‍ പുരുഷന്മാര്‍ 1092 കളവ് പറയുമെന്ന് സര്‍വേ വെളിപ്പെടുത്തി. പുരുഷന്മാര്‍ക്ക് കളവ് പറയുന്നതില്‍ കുറ്റബോധവും കുറവാണ്.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം സ്ത്രീകള്‍ക്ക് കളവ് പറയുമ്പോള്‍ കുറ്റബോധം തോന്നിയെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ അത് 70 ശതമാനമാണ്.

കളവ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അത് സാമൂഹിക വിനിമയത്തില്‍ വളരെ പ്രധാനവുമാണെന്നും പഠനത്തില്‍ പങ്കുവഹിച്ച ലണ്ടന്‍ സയന്‍സ് മ്യൂസിയത്തിലെ മിസ് കാതി മാഗ്സ് അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ ഒന്നുപേര്‍ നിത്യ ജീവിതത്തില്‍ കളവ് കണ്ടുപിടിക്കുന്ന സങ്കേതങ്ങളെ അനുകൂലിച്ചപ്പോള്‍ പത്തില്‍ ഒരുഭാഗത്തെക്കാള്‍ കൂടുതല്‍ പേര്‍ ജോലിസ്ഥലത്ത് ഇത്തരം സങ്കേതം ഉപയോഗിക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍, നാലില്‍ മൂന്നുപേരും ഇത്തരം സങ്കേതങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും അഭിപ്രായപ്പെട്ടു.

Courtesy : www.madhyamamonline.com