ഫേസ്ബുക്കിലെ ബീച്ച് സുന്ദരിമാരെ സൂക്ഷിക്കുക

വെബ്‌സൈറ്റുകളില്‍ ബീച്ച് ബേബ്‌സ് എന്നൊരു ലിങ്ക് കണ്ടാല്‍ അതിലൊന്നുപോയി നോക്കിയേയ്ക്കാം എന്ന് വിചാരിക്കാത്തവരുണ്ടാകില്ല, എന്നാല്‍ ഈ ലിങ്ക് ഫേസ് ബുക്കിലാണ് കാണുന്നതെങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പേ ഒന്നൂകൂടി ചിന്തിക്കുക.

ഫേസ് ബുക്കില്‍ വീഡിയോ രൂപത്തില്‍ പ്രകചരിക്കുന്ന പുതിയ വൈറസാണ് ബീച്ച് ബേബ്‌സ്. വീഡിയോ കാണാനുള്ള കൊതിയില്‍ ഇതില്‍ ക്ലിക്ക് ചെയ്ത ആയിരത്തിലധികം ആളുകള്‍ വൈറസ് ബാധകാരണം ബുദ്ധിമുട്ടുകയാണത്രേ.

പ്രമുഖ സുരക്ഷാ സോഫ്റ്റ്‌വേര്‍ സംരംഭമായ സോഫോസ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂസേഴ്‌സ് വോളിലെ ഒരു പോസ്റ്റില്‍ നിന്നും നീന്തല്‍ വസ്ത്രമണിഞ്ഞ ഒരു യുവതിയുടെ ചിത്രമായാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുക. ഡിസ്ട്രാക്കിങ് ബീച്ച് ബേബ്്‌സ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഫേസ്ബുക്കിന്റെ മറ്റൊരു ആപ്ലിക്കേഷനില്‍ എത്തുകയും ഒരു ആഡ്‌വെയര്‍ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യും. മാത്രമല്ല, ഇത് നിങ്ങളുടെ പേരില്‍ പ്രൊഫൈലിലുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും ഫോര്‍വേഡ് ചെയ്യപ്പെടുകയും ചെയ്യും.

ഏചാനും നാള്‍ മുമ്പ് സെക്‌സിയസ്റ്റ് വീഡിയോ എവര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വൈറസിന് സമാനമായ വൈറസാണ് ഇതെന്നാണ് സൂചന.

തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള അശ്ലീല വീഡിയോകള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ സ്വീകരിക്കുന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്ന് സോഫോസിലെ മുതിര്‍ന കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂയി പറഞ്ഞു.

തങ്ങളുടെ വോളില്‍ അത്തരം സന്ദേശം കാണുന്നവര്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യണമെന്നും കമ്പ്യൂട്ടര്‍ സ്‌കാന്‍ ചെയ്ത് പാസ്‌വേഡ് മാറ്റണമെന്നും ക്ലൂയി നിര്‍ദേശിക്കുന്നു.