0888 888 888-ഇത് ഒരു മൊബൈല്‍ ഫോണ്‍ നമ്പറാണ്.പത്ത് വര്‍ഷത്തിനിടയില്‍ ഇതിന്റെ ഉടമകളായവര്‍ അകാലത്തില്‍ മരിച്ചു എന്നതാണ് ഈ വിചിത്രനമ്പറിന്റെ നിഗൂഢത. ബള്‍ഗേറിയയിലാണ് ഈ വിചിത്രഫോണ്‍നമ്പര്‍ ഉള്ളത്. ബള്‍ഗേറിയയിലെ വമ്പന്‍ മൊബൈല്‍ കമ്പനിയായ മൊബിടെല്ലിന്റെ മുന്‍ സിഇഒ വ്‌ളാഡിമിര്‍ ഗ്രാഷ്‌നോവാണ് ഈ നമ്പര്‍ ആദ്യം ഉപയോഗിച്ചത്.2001ല്‍ കാന്‍സര്‍ മൂലം ഗ്രാഷ്‌നോവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 48 വയസായിരുന്നു.പിന്നീട് ഈ നമ്പര്‍ ലഭിച്ചത് ബള്‍ഗേറിയയിലെ മാഫിയ തലവനായ കൊണ്‍സ്‌റ്റാന്റിന്‍ ദിമിത്രോവിന് ആയിരുന്നു.2003ല്‍ 31-മത്തെ വയസില്‍ നെതര്‍ലന്‍ഡില്‍ വച്ച് എതിരാളികളുടെ വെടിയേറ്റാണ് ദിമിത്രോവ് കൊല്ലപ്പെട്ടത്.നെതര്‍ലന്‍ഡിലെ ഹോട്ടലില്‍ ഒരു മോഡല്‍ ഗേളുമായി ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ ആയിരുന്നു സംഭവം.അപ്പോള്‍ ദിമിത്രോവിന്റെ കയ്യില്‍ മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു.പിന്നീട് ഈ എക്‌സ്‌ക്ലുസിവ് നമ്പര്‍ കിട്ടിയത് ബിസിനസ് മാഗ്‌നറ്റായ കൊണ്‍സ്‌റ്റാന്റിന്‍ ഡിഷിലേവിനായിരുന്നു.2005ല്‍ ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിന് മുന്നില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെടാനായിരുന്നു ഡിഷിലേവിന്റെയും വിധി.കൊക്കൈന്‍ കടത്തില്‍ ബള്‍ഗേറിയയിലെ വമ്പനായിരുന്നു ഡിഷിലേവ്.ഏതായാലും ഈ നിഗൂഢഫോണ്‍ നമ്പര്‍ ഇപ്പോള്‍ കമ്പനി തന്നെ പിന്‍വലിച്ചിരിക്കുകയാണ്.ഇതിലേക്ക് വിളിക്കുന്ന ആളുകള്‍ക്ക് പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.എന്നാല്‍ മൊബിടെല്ലിന്റെ വക്താക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.വ്യക്തിഗതനമ്പറുകളെക്കുറിച്ച് പരസ്യമാക്കില്ലെന്ന് കമ്പനിയുടെ മറുപടി.