യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്

യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍്റെ സംഗീത യാത്ര അന്‍പത് വര്‍ഷം പിന്നിടുന്നു. ആ ശബ്ദം കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല.  ജനറേഷന്‍ ഗ്യാപ്പോ പ്രായഭേദമോ ഇല്ലാതെ ആബാല വൃദ്ധം മലയാളികളുടേയും ഉള്ളിലലിഞ്ഞ മറ്റൊരു സ്വരമില്ല. ഇനി ഉണ്ടാവുകയുമില്ല. മലയാളികള്‍ക്ക്  സ്വന്തം അമ്മയുടേതിനേക്കാള്‍   പരിചിതമാണ് ഗാനഗന്ധര്‍വ്വന്‍്റെ സ്വരമെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.


1940ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതഞ്ജനും നാടകനടനുമായ അഗസ്റ്റിന്‍ ജോസഫിന്‍്റേയും എലസബത്ത് ജോസഫിന്‍്റേയും മകനായാണ് കാട്ടശ്ശേരി യേശുദാസ് എന്ന കെ.ജെ യേശുദാസിന്‍്റെ ജനനം. പിതാവായിരുന്നു ആദ്യ ഗുരു.

1961ല്‍ പുറത്തിറങ്ങിയ കാല്‍പാടുകള്‍ എന്ന സിനിമക്ക് വേണ്ടി ജാതിഭേദം മതദ്വേഷം

ഏതുമില്ലതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വരികള്‍ ആലപിച്ചു കൊണ്ട് ചലചിത്ര ലോകത്തെത്തി. പിന്നീടങ്ങോട്ട് ആ ഗന്ധര്‍വ്വ നാദം മലയാളികളുടെ  ആത്മാവിന്‍്റെ തുടിപ്പായി മാറുകയായിരുന്നു.


സംഗീത സംവിധായകരായ എം.എസ് ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി,സലില്‍ ചൗധരി തുടങ്ങിയവരുടെ ഈണത്തില്‍ പിറന്ന ഗാനങ്ങള്‍ ദാസേട്ടന്‍്റെ ശബ്ദത്തില്‍ മലയാള ഗാനരംഗത്ത് വസന്തം തീര്‍ത്തു. താമസമെന്തേ വരുവാന്‍(ഭാര്‍ഗവീ നിലയം), പ്രണ സഖി ഞാന്‍, ഒരു പുഷ്പം മാത്രമെന്‍ (പരീക്ഷ) തുടങ്ങിയ പാട്ടുകള്‍ മനസ്സില്‍ പ്രണയവും വിരഹവും നിറച്ചു. കെ വി ജോബ് മാഷിന്‍്റെ ഈണത്തില്‍ പാടിയ  അല്ലിയാമ്പല്‍ കടവില്‍ മലയാളികളെ പ്രണയാതുരരാക്കി. അഷ്ടമുടിക്കായയിലെ, മാണിക്യ വീണയുമായെന്‍, ആയിരം പാദസരങ്ങള്‍ കിലുങ്ങി ,സംഗമം സംഗമം, തങ്കഭസമകുറിയിട്ട, ഓമലളെ കണ്ടു, കളം കളം കായല്‍ തുടങ്ങി യേശുദാസിന്‍്റെ ശബ്ദം അനശ്വരമാക്കിയ ഗാനങ്ങള്‍ നിരവധി. രവിന്ദ്ര ജയ്ന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ബോംബെ രവി ,ഇളയരാജ, എ ആര്‍ റഹ്മാന്‍,വിദ്യസാഗര്‍ എന്ന് തുടങ്ങി പുതിയ തലമുറയിലെ സംവിധായകരുടെ ഈണങ്ങളിലുംഅദ്ദേഹം തന്‍്റെ സ്വരമാസ്മരികത അറിയിച്ചു.
ചില പാട്ടുകള്‍ ദാസേട്ടന്‍്റേതല്ലാത്ത മരെു ശബ്ദത്തില്‍ മലയാളികള്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകാത്തതാണ്. ഹരിമുരളീരവം, മാനസ നിളയില്‍, അരികില്‍ നീ, പ്രവാഹമേ, ഗംഗേ, അമ്മമഴക്കാറിന് തുടങ്ങിയവ അതില്‍ ചിലത് മാത്രം. യേശുദാസിന്‍്റെ ശബ്ദത്തില്‍ പിറന്ന ഭക്തി ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് ഏറെ പ്രിയങ്കരമായി. അദ്ദേഹം പാടിയ മാപ്പിള പാട്ടുകള്‍ ഇന്നും സൂപ്പര്‍ ഹിറ്റ്.

തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം തന്‍്റെ സാന്നിധ്യമറിയിച്ചു. നിരവധി തവണപ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തെ തേടി ഒട്ടനവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. പത്മ ഭൂഷണും പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

മലയാളം മറക്കുന്ന മലയാളിക്ക് ദാസേട്ടന്‍ എന്നും ഒരു വഴികാട്ടിയാണ്. ഈ എഴുപത്തിയൊന്നാം വയസ്സിലും ശുദ്ധ സംഗീതം മാത്രമല്ല ഭാഷാശുദ്ധിയും അദ്ദേഹത്തിന്‍്റെ പാട്ടുകളില്‍ സമ്പന്നം. തൂവെള്ളയിലലിഞ്ഞ് ആസ്വരരാഗ പ്രവാഹം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഒഴുകുകയാണ്. ജരാനര ബാധിക്കാത്ത ആ ശബ്ദത്തെ ഒരുപാട് പാട്ടുകള്‍ കാത്തിരിക്കുന്നു.