ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന് 50 വയസ്സ്


ചെന്നൈ: 'അറ്റ്‌ലാന്റ'യ്ക്ക് ഇത് സുവര്‍ണജൂബിലിയാണ്. എല്ലാ അര്‍ഥത്തിലും ആദ്യത്തെ ഇന്ത്യന്‍ സ്‌കൂട്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'അറ്റ്‌ലാന്റ' പുറത്തിറങ്ങിയിട്ട് 2011 ല്‍ 50 വയസ്സ് തികയുന്നു. തിരുവനന്തപുരത്തെ കൈമനത്ത് ചെറിയൊരു ഷെഡ്ഡില്‍ 1961 ല്‍ അറ്റ്‌ലാന്റ പിറവിയെടുത്തപ്പോള്‍ അത് മലയാളിയുടെ എന്‍ജിനീയറിങ് മികവിന്റെ തിലകച്ചാര്‍ത്തായിരുന്നു. വെസ്പയും ലാംബ്രട്ടയും പോലുള്ള വിദേശികള്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുമ്പോഴാണ് ഞങ്ങള്‍ ' അറ്റ്‌ലാന്റ ' നിര്‍മിച്ചത്. ചെന്നൈയില്‍ മകന്‍ ഹരിയുടെ വീട്ടിലിരുന്ന് അ്‌ലാന്റയുടെ പഴയൊരു ബഌക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ട് പി. എസ്.തങ്കപ്പന്‍ പറഞ്ഞു. 







കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ തങ്കപ്പനായിരുന്നു 'അറ്റ്‌ലാന്റ ' യാഥാര്‍ഥ്യമായതിന്റെ മുഖ്യ ശില്പികളിലൊരാള്‍. വ്യവസായ വകുപ്പില്‍ ജോയന്റ് ഡയറക്ടറായിരുന്ന എന്‍. എച്ച്. രാജ്കുമാര്‍ ആയിരുന്നു പ്രഥമ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ പിന്നിലെ തലച്ചോര്‍. ''1957-ല്‍ ജപ്പാനില്‍ പരിശീലനത്തിന് പോയ രാജ്കുമാര്‍ സാര്‍ തിരിച്ചു വന്നത് സ്‌കൂട്ടറിനെക്കുറിച്ചുള്ള ആവേശഭരിതമായ ചിന്തകളുമായിട്ടായിരുന്നു. ഈ ചിന്തകളില്‍ നിന്നാണ് അറ്റ്‌ലാന്റയുടെ രൂപകല്പനയുണ്ടായത്.'' 

പൊതുമേഖലയില്‍ കമ്പനി തുടങ്ങാന്‍ കഴിയാതെ വന്നതിനാല്‍ രാജ്കുമാര്‍ സ്വന്തം നിലയ്ക്ക് കമ്പനി തുടങ്ങുകയായിരുന്നു. മക്കളായ അനില്‍ രഞ്ജന്റെയും വിനയ് രഞ്ജന്റെയും പേരില്‍ ' രഞ്ജന്‍ മോട്ടോര്‍ കമ്പനി ' എന്നായിരുന്നു പേര്. രണ്ടു ലക്ഷം രൂപയുടെ ഓഹരി എടുത്തു കൊണ്ട് തിരുവിതാംകൂര്‍ രാജകുടുംബമാണ് രാജ്കുമാറിന്റെ സംരംഭത്തെ കാര്യമായി സഹായിച്ചത്. മൊത്തം അഞ്ചു ലക്ഷം രൂപയായിരുന്നു രഞ്ജന്‍ മോട്ടോര്‍ കമ്പനിയുടെ മുതല്‍മുടക്ക്. 

വ്യവസായ വകുപ്പില്‍ എന്‍ജിനീയറായിരുന്ന പി. എസ് തങ്കപ്പന്റെ വൈദഗ്ധ്യം കണ്ടറിഞ്ഞ രാജ്കുമാര്‍ തങ്കപ്പനെ ഡെപ്യുട്ടേഷനില്‍ രഞ്ജന്‍ മോട്ടോര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഫൈബര്‍ ഗഌസ്സു കൊണ്ടായിരുന്നു അറ്റ്‌ലാന്റയുടെ ബോഡി നിര്‍മിച്ചത്. കാര്‍ബറേറ്ററും ഡൈനാമോയും മാത്രമാണ് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. പിസ്റ്റണടക്കം മറ്റ് ഭാഗങ്ങളെല്ലാം തന്നെ പ്രത്യേകം നിര്‍മിച്ചെടുക്കുകയായിരുന്നുവെന്ന് തങ്കപ്പന്‍ ഓര്‍ക്കുന്നു. 

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ തന്റെ വീടിനടുത്തുള്ള ഷെഡ്ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ രാജ്കുമാറിന്റെ മകന്‍ ഡോ. വിനയന് ആറു വയസ്സായിരുന്നു പ്രായം. ' അറ്റ്‌ലാന്റയുടെ ' സ്‌കെച്ചുകള്‍ ശരിയാക്കുന്നതിനായി പാതിരാത്രിയും ഉറക്കമിളച്ചിരിക്കുന്ന അച്ഛന്റെ മങ്ങിയൊരു ചിത്രം വിനയന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. 1976- 77 വരെ വിനയന്‍ അറ്റ്‌ലാന്റ ഓടിച്ചിരുന്നു. ആ അറ്റ്‌ലാന്റ വിനയന്റെ വീട്ടില്‍ ഇപ്പോഴുമുണ്ട്. 
വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സിനായി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വാങ്ങാന്‍ തങ്കപ്പനാണ് ഡല്‍ഹിക്ക് പോയത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈ വഴി തീവണ്ടിയിലാണ് അറ്റലാന്റയുമായി തങ്കപ്പന്‍ ഡെല്‍ഹിയിലെത്തിയത്. വര്‍ഷം 1966. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിട്ട് അധികം നാളായിട്ടില്ല. പി കെ വാസുദേവന്‍നായരും പാലക്കാട് എം.പി.യായിരുന്ന ബാലചന്ദ്രമേനോനുമാണ് ഇന്ദിരയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ഇന്ദിരയുടെ വീട്ടിലേക്ക് അറ്റ്‌ലാന്റയില്‍ ശരിക്കും സ്‌റ്റൈലായിട്ടാണ് തങ്കപ്പന്‍ ചെന്നിറങ്ങിയത്. 



സ്‌കൂട്ടറിന്റെ ഓരോ ഭാഗവും അഴിപ്പിച്ച് ശരിക്കും വിശദമായിത്തന്നെയാണ് ഇന്ദിര കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്ന് തങ്കപ്പന്‍ പറയുന്നു. സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇന്ദിരയുടെ അറിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും തങ്കപ്പന്‍. ഇന്ദിരയുടെ നിര്‍ദ്ദേശമനുസരിച്ച് അന്ന് വ്യവസായ മന്ത്രിയായിരുന്ന ദിനേശ്‌സിങ് ആസൂത്രണക്കമ്മീഷന്റെ സാങ്കേതിക സമിതിയോട് അറ്റ്‌ലാന്റയുടെ കാര്യം പരിശോധിക്കാന്‍ പറഞ്ഞു. 28 പേരടങ്ങിയ സാങ്കേതിക സമിതി തങ്കപ്പനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തു. ഒടുവില്‍ സമിതിയിലെ ഭീമാകാരനായ ഒരു സര്‍ദാര്‍ജി തന്നെയും പിന്നിലിരുത്തി സ്‌കൂട്ടറോടിക്കാന്‍ തങ്കപ്പനോട് ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിനു മുന്നിലെ കയറ്റത്തിലൂടെ സര്‍ദാര്‍ജിയേയും വഹിച്ച് അറ്റ്‌ലാന്റ കുതിച്ചത് തങ്കപ്പന് ഒരിക്കലും മറക്കാനാവില്ല. തങ്കപ്പന്‍ തിരിച്ച് തിരുവനന്തപുരത്തെത്തിയപ്പോഴേക്കും ലൈസന്‍സിനുള്ള അനുമതി ഡല്‍ഹിയില്‍ നിന്നെത്തിയിരുന്നു. 

1,500 രൂപയായിരുന്നു അറ്റ്‌ലാന്റയുടെ വില. ഒരു ലിറ്റര്‍ പെട്രോളിന് 30 കിലോമീറ്റര്‍ സുഖമായി ഓടും. 22,5000 സകൂട്ടര്‍ ഒരു വര്‍ഷം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. കൊല്‍ക്കത്തയിലും മദ്രാസിലും ഹൈദരാബാദിലുമൊക്കെ അറ്റലാന്റയ്ക്ക് ഡീലര്‍ഷിപ്പുണ്ടായിരുന്നു. 

അറ്റ്‌ലാന്റ പക്ഷേ, ഒരു വിജയഗാഥയായില്ല. 1971 ഓടെ എന്‍ജിനീയര്‍മാരുടെ സഹകരണസംഘമായ 'എന്‍കോസ്' കമ്പനി ഏറ്റെടുത്തു. തൊഴില്‍ പ്രശ്‌നമായിരുന്നു കമ്പനി കൈവിടാന്‍ അച്ഛനെ മുഖ്യമായും പ്രേരിപ്പിച്ചതെന്ന് ഡോ.വിനയന്‍ പറയുന്നു. എന്‍കോസ് പിന്നീട് മുച്ചക്ര വാഹനനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടക്കാലത്ത് ബിര്‍ള ഗ്രൂപ്പ് അറ്റ്‌ലാന്റ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് തങ്കപ്പന്‍ പറയുന്നു. പക്ഷേ, വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് സമ്മതിച്ചില്ല. ' അറ്റ്‌ലാന്റ ' കേരളം വിട്ടുപോവരുതെന്ന് ടി.വി.ക്ക് വാശിയായിരുന്നു. എന്‍കോസ് ഇന്ത്യ പിന്നീട് കേരള ഓട്ടോമൊബൈല്‍സ് ആയി. അറ്റ്‌ലാന്റ ചരിത്രത്തിലേക്ക് മറയുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തിലെ മികവിന് ഐ.എ.എസ്. ലഭിച്ച രാജ്കുമാര്‍ 2007 ല്‍ തിരുവനന്തപുരത്ത് അന്തരിച്ചു. വ്യവസായ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി വിരമിച്ച തങ്കപ്പന്‍ കേരള ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്നു