വരത്തന്മാര്‍ തിക്കിത്തിരക്കുന്നത് കണ്ടു ജിജ്ഞാസ മൂലം പടം കണ്ട പൗലോസ് വട്ടപ്പറമ്പില്‍ പടം കണ്ടു പറഞ്ഞത് "കുറച്ചു കട്ടിങ്ങ്സ് ഉണ്ടാവുമെന്ന് തോന്നി കാണാന്‍ കയറിയതാണ്!! പിള്ളേര് സെറ്റ് തുടക്കം മുതല്‍ കൂവുന്നത് കണ്ട് പ്രാന്ത് പിടിച്ചു ഇറങ്ങി പോവാന്‍ തോന്നിയതാ! പിന്നെ അവരുടെ കൂടെ കൂടി! രണ്ടു മണിക്കൂര്‍ കൂവിയപ്പോള്‍ വളരെ നാളായി അലട്ടിയിരുന്ന തലവേദന മാറിപ്പോയി!! അവനൊരു സംഭവമാണ്!!! അടുത്ത പടവും തീര്‍ച്ചയായും കാണും!!
തിരുവനന്തപുരത്തെ ടെക്കികളുടെ കേന്ദ്രമായ കഴക്കൂട്ടത്തുനിന്നാണ് കൂടുതല്‍പ്പേരും സന്തോഷ് പണ്ഡിറ്റ് ചിത്രം കാണാന്‍ ശക്തിയിലെത്തുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് ശക്തിയില്‍ മാത്രമാണ് സന്തോഷിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ താരോദയം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇവിടെയത്തിയേ പറ്റു.
വരുന്നതിലേറെയും യുവാക്കളാണത്രേ. കഴക്കൂട്ടത്തുനിന്നും 20കിലോമീറ്ററോളം യാത്രചെയ്താണ് ഇവര്‍ ശക്തിയില്‍ സന്തോഷ്ചിത്രം കാണാനെത്തുന്നത്. കൂട്ടംകൂട്ടമായിട്ടാണത്രേ യുവാക്കള്‍ പടംകാണാനെത്തുന്നത്. കൂടുതലും ഐടി പ്രൊഫഷണലുകളാണത്രേ ഇക്കൂട്ടത്തിലുള്ളത്. പക്ഷേ ആരും പടം ക്ഷമയോടെയിരുന്ന് കാണുന്നില്ലെന്നത് മറ്റൊരു കാര്യം.
തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ അല്‍പം രസം അതാണത്രേ പലരും പടം കാണാനെത്തുന്നതിന് പിന്നിലെ രഹസ്യം. തിയേറ്ററില്‍ പടം തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ അത് തീരുന്നതുവരെ കൂവലും കമന്റടിയും തന്നെയാണത്രേ പരിപാടി. സന്തോഷിന്റെ ഓരോ ഡയലോഗുകള്‍ക്കും വന്‍ കൂവലും തെറിയഭിഷേകവുമാണത്രേ ലഭിയ്ക്കുന്നത്.
വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ചിത്രത്തിന് കാണികള്‍ കൂവുന്നത്. ശക്തിയില്‍ ദിവസം നാലുഷോയാണുള്ളത്. നവംബര്‍ രണ്ടാംവാരത്തിലും പ്രദര്‍ശനം തുടരുമെന്നാണ് സൂചന.
നെറ്റ്‌സാവികളില്‍ സന്തോഷ് പണ്ഡിറ്റ് എന്ന പുതിയ 'സൂപ്പര്‍താര'ത്തെ അറിയാത്തവരുണ്ടാകില്ല. കാരണം ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പുതന്നെ സന്തോഷ് പണ്ഡിറ്റ് ഇന്റര്‍നെറ്റില്‍ വലിയ 'താര'മായിമാറിക്കഴിഞ്ഞിരുന്നു.
എന്നാല്‍ സാധാരണക്കാര്‍ക്ക്, അതായത് നെറ്റില്‍ കയറി അധികം പരിചയമില്ലാത്ത നാട്ടുകാര്‍ക്ക് ഇതാരിത് എന്നൊരു ഭാവമാണ് സന്തോഷിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍. നെടുമങ്ങാടുകാരുടെ കാര്യമാണെങ്കില്‍ പറയേണ്ട, ഈ നടന്‍ ആരാണെന്ന അതിശയം അവര്‍ക്കിപ്പോഴും മാറുന്നില്ല.
നെടുമങ്ങാട്ടെ തിയേറ്ററായ ശക്തി സിനിമയില്‍ സന്തോഷിന്റെ സൂപ്പര്‍ചിത്രം കൃഷ്ണനും രാധയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകാണാനെത്തുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഇവിടത്തെയാളുകള്‍ അന്തംവിടുകയാണ്.
മറ്റു പലതിയേറ്ററുകളിലും ദീപാവലിച്ചിത്രങ്ങളായ വേലായുധവും ഏഴാം അറിവുമൊക്കെ കാണാനായി കാണികള്‍ ക്യൂനില്‍ക്കുന്നതും നാട്ടുകാര്‍ കാണുന്നുണ്ട്. വിജയിയെയും സൂര്യയെയുമൊക്കെ ആളുകള്‍ക്ക് കാലങ്ങളായി അറിയുകയും ചെയ്യാം. എന്നാല്‍ ശക്തി സിനിമയുടെ മുന്നില്‍ ഈ വിദ്വാന്റെ പടം കാണാന്‍ ആളുകള്‍ കൂടുന്നതിന്റെ സാംഗത്യം നാട്ടുകാര്‍ക്ക് പിടികിട്ടുന്നേയില്ല.
സംഗതി സത്യമാണ്, ശക്തി സിനിമയില്‍ കൃഷ്ണനും രാധിയ്ക്കും നല്ല കളക്ഷനാണ്, പക്ഷേ നെടുമങ്ങാട്ടെ ആളുകളൊന്നും ഈ ചിത്രം കാണാന്‍ ശക്തിയില്‍ കയറുന്നില്ല. പിന്നെ എവിടെനിന്നാണ് ആളുകള്‍ വരുന്നത്?