മുലയൂട്ടലിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍, പരിഹാരം

മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള വൈകാരിക ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു എന്ന് പറയാറുണ്ട്.എന്നാല്‍ മുലയൂട്ടലിനെ തുടര്‍ന്ന് അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ടെന്നതാണ് വാസ്തവം.
മാറിടഭംഗി നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ് ചില സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാറില്ല. ഇതു തന്നെയാണ് മുലയൂട്ടലിന്റെ പ്രധാന പ്രശ്‌നമായി പറയുന്നതും. എന്നാല്‍ മുലയൂട്ടുന്നത് കൊണ്ടു മാത്രമല്ലാ, മാറിടങ്ങളുടെ ആകൃതി നഷ്ടപ്പെടുന്നത്. ഗര്‍ഭകാലത്ത് പ്രൊജസ്‌ട്രോണ്‍, സ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ധാരാളമായി ഉല്‍പാദിക്കപ്പെടുന്നുണ്ട്.ഇത്തരം ഹോണ്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്.

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീകള്‍ തടി വയ്ക്കുന്നത് സാധാരണമാണ്. അമിതമായ വണ്ണവും വ്യായാമമില്ലായ്മയും മാറിടഭംഗി നഷ്ടപ്പെടുത്തുന്നുണ്ട്. ജീനുകളിലുണ്ടാകുന്ന വ്യത്യാസവും പ്രായക്കൂടുതലും ചിലരില്‍ മാറിടത്തിന്റെ ആകൃതി നഷ്ടപ്പെടുത്തുന്നുണ്ട്.

പാലൂട്ടുന്ന അമ്മമാരില്‍ പാല് ചിലപ്പോള്‍ കെട്ടി നിന്ന് നിറവ്യത്യാസവും കല്ലിപ്പും ഉണ്ടാകാറുണ്ട്. പാല്‍ കെട്ടിനില്‍ക്കാന്ഡ അനുവദിക്കാതിരിക്കുകയെന്നതാണ് ഇതിന് ചെയ്യേണ്ടത്. കുഞ്ഞിന് പാല്‍ കൊടുക്കുന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്.മാറിടത്തിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുളള വളര്‍ച്ചകളും മുഴകളും മാറിടഭംഗി നഷ്ടപ്പെടുത്താറുണ്ട്.ഇവ കൃത്യസമയത്ത് തന്നെ ചികിത്സിക്കേണ്ടത് ആവശ്യമാണ്.

സ്തനഭംഗി നിലനിര്‍ത്താനും അസുഖങ്ങള്‍ ഒഴിവാക്കുവാനും പ്രസവശേഷം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.മാറിടത്തില്‍ എന്തെങ്കിലും തരത്തിലുളള മുഴകളോ പാടുകളോ ഉണ്ടോയെന്ന് പരിശോധിക്കണം. മുലഞെട്ടില്‍ നിന്ന് പാലല്ലാതെ മറ്റെന്തെങ്കിലും ദ്രാവകം വരുന്നതും അസുഖലക്ഷണമാകാം. ശരിയായ സമയത്ത് കണ്ടുപിടിച്ചാല്‍ ചികിത്സയും എളുപ്പമായിരിക്കും.

സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് സര്‍വസാധാരണമായൊരു രോഗമാണ്. ഇത് തിരിച്ചറിയുവാനുള്ള മാമോഗ്രാം നടത്തുന്നത് നന്നായിരിക്കും. ക്യാന്‍സര്‍ സെല്ലുകള്‍ കാരണവും സ്തനാകൃതി നഷ്ടപ്പെടാം.

ക്രമമായ ഭക്ഷണവും കൃത്യമായ വ്യായാമവും ശരീരസൗന്ദര്യവും മാറിടസൗന്ദര്യവും നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.

സ്തനങ്ങളിലെ കൊഴുപ്പ് അകറ്റുന്നതിനുള്ള ജെല്ലുകളും ക്രീമുകളും ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കുക. കുഞ്ഞിനെ മുലയൂട്ടുന്നുണ്ടെങ്കില്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.