
ഇപ്പോള്‍ വിപണി കീഴടക്കിനില്ക്കുന്ന മാസ്റ്റര്‍ കാര്‍ഡിനും വീസയ്ക്കും കടുത്ത വെല്ലുവിളിയാകും റുപിയ ഉയര്‍ത്തുക. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ പുറത്തിറക്കുന്നതാണു റുപിയ. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ 2009ല്‍ ആരംഭിച്ചതാണ് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള ശ്രമവും പദ്ധതിയും. ഇതിന് രാജ്യത്തെ പ്രമുഖ ബാങ്കുകളുടെയെല്ലാം പിന്തുണയുണ്ട്.
റുപിയയുടെ പേരില്‍ ആദ്യം എടിഎം/ഡെബിറ്റ് കാര്‍ഡുകളാവും പുറത്തിറക്കുക. പിന്നീടു റുപിയ ക്രെഡിറ്റ് കാര്ഡുകളുമെത്തും. രാജ്യത്ത് നിലവിലുള്ള 4 കോടി ക്രെഡിറ്റ് കാര്‍ഡുകളില്‍ ഭൂരിഭാഗവും വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്മെന്റ് പ്രോസസ് പ്ലാറ്റ്ഫോമിലാണ്. മുന്‍പ് ചൈനയും മലേഷ്യയും സ്വന്തം പെയ്മെന്റ് പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചൈനയുടെ രീതിയാണ് ഇന്ത്യ അവലംബിക്കുന്നത്.
റുപിയ എത്തുമ്പോള്‍ ബാങ്കുകളുടെ സേവനത്തിന് ഉപയോക്താക്കള്‍ക്ക് അല്പം ഇളവുണ്ടാകാനിടയുണ്ടെന്നതാണ് പ്രധാനം. ബാങ്കുകളാണ് ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും നല്കുന്നതെന്നതിനാല് പ്രമുഖബാങ്കുകളുടെ പിന്തുണ റുപിയയ്ക്കാകുകയും വീസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ തീര്‍ത്തും പിന്‍വാങ്ങുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. വീസയും മാസ്റ്റര്‍കാര്‍ഡും ഒരോ തവണ ഉപയോഗിക്കുമ്പോഴും ബാങ്കുകള്‍ ഈ കമ്പനികള്‍ക്ക് പ്രോസസിങ് ഫീ നല്‍കണം. റുപിയ എത്തുന്നതോടെ ഇതൊഴിവാകും. അതോടെ, ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്കില്‍ കുറവുണ്ടാകും.
നിലവില്‍ ഓരോ 100 രൂപയുടെ ഇടപാടിനും കമ്പനികള്‍ രണ്ടു രൂപ വീതമാണു വാങ്ങുന്നത്. എന്നാല്‍ റുപിയ വരുന്നതോടെ ഈ നിരക്ക് കുറയ്ക്കാനാകും. ഇടപാടുനിരക്കുകള് കുറയുന്നതോടെ ക്രെഡിറ്റ് ഇടപാടുകളും കൂടും.