മൈദ വിഷമല്ല , അന്നജമാണ് അന്നജം !

പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്.  കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍‌പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു.



കാരണം എന്തെന്ന് തിരക്കേണ്ടിയില്ലായിരുന്നു. അവരൊക്കെ പ്രകൃതിചികിത്സാക്യാമ്പുകളില്‍ പങ്കെടുത്തവരായിരുന്നു. നേരാംവണ്ണം ഒന്നും കഴിക്കാന്‍ പ്രകൃതിചികിത്സാപ്രചാരകര്‍ അവരെ അനുവദിച്ചിരുന്നില്ല.  പച്ചവെള്ളം തിളപ്പിക്കാന്‍ പാടില്ല. തിളപ്പിച്ചാല്‍ വെള്ളത്തിന്റെ ജീവന്‍ നഷ്ടപ്പെടുമത്രെ. പയറും ധാന്യവും ഒരുമിച്ച് കഴിച്ചാല്‍ വിഷമാണത്രെ. ഉദാഹരണത്തിന് ഇഡ്ഡലിയോ ദോശയോ കഴിക്കരുത്. ഇവ രണ്ടും, ഉഴുന്നുപരിപ്പും അരിയും ഒരുമിച്ച് അരച്ചു പുളിക്കാന്‍ വെച്ചു ഉണ്ടാക്കുന്നതാണല്ലൊ. നാം കഴിക്കുന്ന ഭക്ഷണം വിഷമായി ശരീരത്തില്‍ കുമിഞ്ഞുകൂടി പെട്ടെന്ന് വെടിക്കുന്നതാണ് രോഗം എന്നതാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാനം. ഭയം കൂടാതെ കഴിക്കാവുന്നത് പഴവും പച്ചവെള്ളവും മാത്രം. ഇങ്ങനെ പഴവും പച്ചവെള്ളവും മാത്രം കഴിച്ചവരാണ് ഞാന്‍ മുകളില്‍ പറഞ്ഞ മെലിഞ്ഞ് ശോഷിച്ചവര്‍.  എന്നാല്‍ രണ്ടാഴ്ച പ്രകൃതിജീവനം ജീവിച്ച എല്ലാവരും പിന്നീട് സ്വാഭാവികജീവിതത്തിലേക്ക് ഭയം ഉപേക്ഷിച്ച് മടങ്ങി. പിന്നീട് പ്രകൃതി ചികിത്സക്കാരെ പറ്റി അധികം കേട്ടിട്ടില്ല. ഇതിനിടയില്‍ പ്രകൃതിചികിത്സയില്‍ ഡോക്റ്റര്‍ ബിരുദം ചില യൂനിവേഴ്സിറ്റികളില്‍ ആരംഭിച്ചു. കേരളത്തില്‍ ഉണ്ടോ എന്നറിയില്ല. മംഗലാപുരത്ത് പോയി പലരും ഇപ്പോള്‍ നാച്വറോപ്പതിയില്‍ ബിരുദം എടുക്കുന്നുണ്ട്. ആയുഷ് എന്ന കേന്ദ്രപദ്ധതിപ്രകാരം ആശുപത്രികളില്‍ ഇപ്പോള്‍ നാച്വറോപ്പതി ഡോക്ടറും വേണം.


മൈദ വിഷമാണ് എന്ന പ്രചാരണവും പ്രക്ഷോഭവുമായാണ് പ്രകൃതിജീവനക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ അവരുടെ രണ്ടാം വരവ് ആഘോഷിക്കുന്നത്. എന്തായാലും  മൈദവിരുദ്ധ പ്രചാരണം ക്ലച്ച് പിടിച്ച മട്ടാണ്. ഗൂഗിളില്‍ മൈദ വിരുദ്ധ ലിങ്കുകള്‍ വന്നു നിറഞ്ഞു. ഓണ്‍‌ലൈനുകളിലും മൈദ വിരുദ്ധ തരംഗം.  മൈദ എന്നാല്‍ വിഷം തന്നെ എന്ന് ഓണ്‍‌ലൈന്‍ പുരോഗമനക്കാരും മനുഷ്യസ്നേഹികളും ഒരുപോലെ ആണയിടുന്നു. മൈദയെ അനുകൂലിച്ച് എഴുതിയാല്‍ ഇന്നത്തെ നിലയില്‍ ആളുകളുടെ ശത്രുത ചോദിച്ചു വാങ്ങുന്ന പോലെയാണ്. എന്താണ് മൈദയുടെ ദോഷംഇന്നയിന്ന കാരണത്താല്‍ മൈദ വിഷമാണ് എന്ന് മൈദവിരുദ്ധ പ്രകൃതി ജീവനക്കാര്‍ ലഘുലേഖ ഇറക്കിയിട്ടുണ്ട്. ആ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഡോ.സൂരജും മറ്റ് രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം സൂരജ് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.



മൈദയെ പറ്റി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉള്ളത്. ഒന്ന് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്നത്. മറ്റൊന്ന് മൈദ വെളുത്ത നിറത്തിലുള്ള മാവ് ആക്കിമാറ്റാന്‍  ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്സാന്‍ എന്ന പദാര്‍ത്ഥം ചേര്‍ക്കുന്നു എന്നതാണ്. ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല. എന്നാല്‍ മൈദയില്‍ പോഷകഘടകം ഒന്നും ഇല്ല എന്ന് പറയുന്നത് എന്താണ് പോഷണം എന്ന് മനസ്സിലാക്കാത്തത്കൊണ്ടാണ്.  മനസ്സിലാക്കാത്തത് എന്ന് പറയുമ്പോള്‍ എട്ടാം ക്ലാസ്സിലെ ജീവശാസ്ത്ര പുസ്തകത്തില്‍ ഇതൊക്കെയുണ്ട്. പത്താം ക്ലാ‍സില്‍ പഠിക്കുമ്പോഴേക്കും എന്താണ് നമ്മുടെ ശരീരം, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ഒരു സാമാന്യവിവരം കിട്ടും. എന്നാല്‍ പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ പരീക്ഷ എഴുതാന്‍ വേണ്ടി മാത്രമാണ്. അതൊന്നും നമ്മുടെ ജീവിതവുമായി ബന്ധമില്ല എന്നാണ് ഇപ്പോഴത്തെ പൊതുധാരണ. മാത്രമല്ല അത്തരം ശാസ്ത്രവിഷയങ്ങളെ തീര്‍ത്തും നിഷേധിക്കുന്നതാണ് പ്രകൃതിജീവനക്കാരുടെ സിദ്ധാന്തവും.



എന്താണ് പോഷണം? അഥവാ എന്തൊക്കെയാണ് പോഷകഘടകങ്ങള്‍? നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അഞ്ച് തരം പോഷകഘടകങ്ങളാണ് ഉള്ളത്.  അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ജലം എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് നമുക്ക് ആഹാരത്തില്‍ നിന്ന് കിട്ടേണ്ടത്. അത്കൊണ്ടാണ് വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാം ആഹരിക്കേണ്ടി വരുന്നത്. എല്ലാം തികയുന്ന ആഹാരത്തെ നാം സമ്പൂര്‍ണ്ണാഹാരം എന്നു പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാത്രം കഴിച്ചാല്‍ പോര എന്ന് സാരം. ഈ അഞ്ച് ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അന്നജമാണ്. എന്തെന്നാല്‍ അന്നജം കിട്ടിയില്ലെങ്കില്‍ മറ്റ് നാലും കിട്ടിയിട്ട് കാര്യമില്ല. നമ്മുടെ ശരീരത്തില്‍ അനവരതം ഊര്‍ജ്ജോല്പാ‍ദനം നടക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരങ്ങളിലെ അന്നജമാണ് നമുക്ക് ഊര്‍ജ്ജം തരുന്നത്. അന്നജം ഏറ്റവും കൂടുതല്‍ ഉള്ളത് ധാന്യങ്ങളിലാണ്. അത്കൊണ്ടാണ് ധാന്യങ്ങള്‍ നമ്മുടെ മുഖ്യാഹാരമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്ന ധാ‍ന്യം ഗോദമ്പാണ്.



പൊതുവെ ധാന്യങ്ങളുടെ പുറം പാളികളിലാണ് മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ ഉണ്ടാവുക. അന്നജം ധാന്യങ്ങളുടെ ന്യൂക്ലിയസ്സില്‍ അല്ല്ലെങ്കില്‍ കേന്ദ്രഭാഗത്തായിരിക്കും ഉണ്ടാവുക. അരിയുടെ തവിടിലാണ് ഇപ്പറഞ്ഞ പോഷകഘടകങ്ങള്‍ ഉള്ളത്. അതൊക്കെ കളഞ്ഞ് പോളീഷ് ചെയ്ത അരിയുടെ അന്നജം മാത്രമുള്ള ഭാഗമാണ് നാം ചോറിനായി ഉപയോഗിക്കുന്നത്. അരി പോളീഷ് ചെയ്ത് വെളുപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. നാം അങ്ങനെ ശീലിച്ചുപോയി എന്നു മാത്രം. പക്ഷെ നാം ചോറ് മാത്രമല്ലല്ലൊ കഴിക്കുന്നത്. അത്കൊണ്ട് നമുക്ക് പോഷകദാരിദ്ര്യം നേരിടുന്നില്ല. അത്പോലെ തന്നെയാണ് മൈദയും. നെല്ലിനെക്കാളും പോഷകഗുണം ഉള്ള ധാന്യമാണ് ഗോദമ്പ്. ഗോദമ്പ് നമുക്ക് അതിന്റെ ഉമിയോടുകൂടി ആഹരിക്കാന്‍ പറ്റും എന്നതാണ് അതിന്റേ സവിശേഷത. മൈദ എന്നു പറയുന്നത് ഗോദമ്പിന്റെ പുറം പാളികള്‍ നീക്കം ചെയ്ത് മധ്യഭാഗം മാത്രം  പൊടിച്ച് മാവ് ആക്കുന്നതാണ്. അതായത് മൈദയില്‍ അന്നജം മാത്രമാണ് ഉള്ളത് എന്നു സാരം.  അന്നജം എന്നത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകഘടകമാണെന്നിരിക്കെ, മൈദ എന്നാല്‍ വെറും അന്നജം അഥവാ സ്റ്റാര്‍ച്ച് ആണെന്നിരിക്കെ, മൈദയ്ക്ക് യാതൊരു പോഷകഗുണവുമില്ല എന്ന വാദം എത്ര മഹാപാപമാണെന്ന് നോക്കൂ. പോഷകഗുണം എന്നാല്‍ വെറും വിറ്റാമിനും പ്രോട്ടീനും മാത്രമാണ് എന്ന മിഥ്യാധാരണയും ഈ വാദത്തിന് പിന്നില്‍ ഉണ്ട്. ചോറില്‍ ഒരു പോഷകവുമില്ല എന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശ്വാസം കഴിക്കാന്‍ പോലും അന്നജം കൂടിയേ തീരൂ എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.  



മൈദ പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു കള്ള പ്രചാരണം. എന്താണ് പ്രമേഹം? വിസ്തരിക്കാന്‍ കഴിയില്ല. ചുരുക്കി പറയാം.  ആഹാരത്തിലെ പ്രധാനഘടകം, ഓര്‍ക്കുക ചോറിലും പറോട്ടയിലും ചപ്പാത്തിയിലും ഒക്കെ ഉള്ള അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച് അതായത് വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നു.  ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ പ്രവേശിക്കുമ്പോള്‍, രക്തത്തില്‍ ഇത്ര അളവ് ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ എന്ന് ഒരു കണക്കുണ്ട്. പ്രകൃതി നിശ്ചയിച്ചതാണ്,ഞാനല്ല.  അധികം വന്നുചേരുന്ന ഗ്ലൂക്കോസ് , രക്തത്തില്‍ വെച്ച് ഗ്ലൈക്കോജന്‍ എന്ന തന്മാത്രയായി മാറ്റപ്പെട്ട് കരളില്‍ ശേഖരിക്കപ്പെടുന്നു. ഇപ്രകാരം ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍ ആയി മാറണമെങ്കില്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ എന്ന എന്‍സൈം രക്തത്തിലേക്ക് നേരിട്ട് സ്രവിക്കണം. രക്തത്തിലേക്ക് നേരിട്ട് സ്രവിക്കുന്ന എന്‍സൈമുകളെയാണ് ഹോര്‍മോണ്‍ എന്നു പറയുക. ഇങ്ങനെ പാന്‍‌ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിക്കുറവ് ആണ് പ്രമേഹം എന്ന അവസ്ഥ. അപ്പോള്‍ രക്തത്തില്‍ അധികമായി എത്തുന്ന ഗ്ലൂക്കോസ് , ഗ്ലൈക്കോജന്‍ ആയി മാറ്റപ്പെടാതെ മൂത്രത്തിലൂടെ പുറം‌തള്ളപ്പെടുന്നു. ഓര്‍ക്കുക മൂത്രത്തിലൂടെ പോകുന്നത് ഗ്ലൂക്കോസാണ്, പഞ്ചസാരയല്ല.




ഇപ്പോള്‍ പറയൂ, മൈദ മാത്രം എങ്ങനെ പ്രമേഹം ഉണ്ടാക്കും? ശരീരത്തെ സംബന്ധിച്ച് അന്നജത്തില്‍ നിന്ന് രൂപാന്തരം ചെയ്യപ്പെട്ട ഗ്ലൂക്കോസ് മാത്രമാണ് സ്വീകരിക്കുന്നത്. ധാന്യങ്ങള്‍ , കിഴങ്ങുകള്‍ , പഴങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഗ്ലൂക്കോസ് ശരീരം സ്വീകരിക്കുന്നു. അന്നജം ഗ്ലൂക്കോസായും , ഗ്ലൂക്കോസ് ഊര്‍ജ്ജമായും മാറുന്നു എന്നു പറഞ്ഞു. ഊര്‍ജ്ജത്തെ കലോറി അളവിലാണ് നാം കണക്ക് കൂട്ടുന്നത്. മദ്യം പതിവായി കഴിക്കുന്ന ഒരാള്‍ക്ക് കൂടുതല്‍ കലോറി ലഭിക്കുന്നത് മദ്യത്തില്‍ നിന്നാണ്. എന്നിട്ടാണ് കേരളത്തില്‍ പ്രമേഹം വര്‍ധിക്കാന്‍ കാരണം മൈദയാണെന്ന് പറയുന്നത്.  മദ്യത്തിന് നാട്ടില്‍ എന്തൊരു മാന്യതയാണ്!  മദ്യം മനുഷ്യന് ദോഷമേ ചെയ്യുന്നുള്ളൂ. മൈദയാകട്ടെ ദോഷം ഒന്നും ഉണ്ടാക്കുന്നുമില്ല. പിന്നെ, അധികമായാല്‍ അമൃതും വിഷം എന്നുമുണ്ട്.



പ്രമേഹത്തെ പറ്റി പരാമര്‍ശിച്ചത് കൊണ്ട് , ആ രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു അന്ധവിശ്വാസത്തെ പറ്റിയും പറയാ‍തിരിക്കാന്‍ തരമില്ല. പ്രമേഹം ഉണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ ആളുകള്‍ വിത്തൌട്ട് ചായ മാത്രമേ കുടിക്കൂ.  ചാ‍യയില്‍ പഞ്ചസാര കലര്‍ത്തിയാല്‍ എന്താണ് പ്രശ്നം? മൂത്രത്തിലൂടെ പഞ്ചസാര അഥവാ ഷുഗര്‍ പോകുന്നു എന്നു പറയുന്നത്കൊണ്ടാണ് ഇങ്ങനെയൊരു അന്ധവിശ്വാസം പരന്നത്.  പഞ്ചസാര അഥവാ ഷുഗര്‍ എന്നത് പൊതുവായ ഒരു പേരാണ്. പ്രത്യേകിച്ച് ഒരു പദാര്‍ത്ഥത്തെയല്ല ആ പേരു സൂചിപ്പിക്കുന്നത്. ചോറും പറോട്ടയും നേന്ത്രപ്പഴവും എല്ലാം അന്നജമാണെന്ന് പറയുന്ന പോലെ ചായയില്‍ ഇടുന്ന പഞ്ചസാര സൂക്രോസ് എന്ന പദാര്‍ത്ഥമാണ്.  സൂക്രോസും അന്നജം പോലെ തന്നെ ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിലേക്ക് പ്രവേശിക്കൂ. അപ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാര അഥവാ സൂക്രോസ് ഒഴിവാക്കുന്നതിലെ യുക്തി എന്താണ്പ്രമേഹം പാരമ്പര്യമായോ ജീവിതശൈലി കൊണ്ടോ ഉണ്ടാകുന്ന രോഗമാണ്.