അഗ്നിപരീക്ഷയിലും വിജയംനേടി കേരളത്തിന്റെ മിസൈല്‍ വനിത ടെസി തോമസ് കുറിച്ചതു ചരിത്രം. ഇന്ത്യയുടെ അതിവേഗ മിസൈല്‍ അഗ്നി-നാലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായ ടെസി തോമസ് ഭാരതത്തിന്റെ അഭിമാനമായി.
മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുല്‍ കലാമിനുശേഷം ഈ സ്വപ്‌നനേട്ടം സാക്ഷാത്‌കരിക്കുന്ന ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രോജക്‌ട് ഡയറക്‌ടറെന്ന കീര്‍ത്തിയാണു ടെസിക്കു സ്വന്തമാകുന്നത്. 3000 കിലോമീറ്റര്‍ ദൂരപരിധിയും ആണവശേഷിയുമുള്ള അഗ്നി-നാല് ഖര ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മിസൈലാണ്.
കോംപോസിറ്റ് റോക്കറ്റ് മോട്ടോര്‍ ടെക്‌നോളജിയുടെ ആദ്യ പരീക്ഷണമാണു ടെസിയുടെ നേതൃത്വത്തില്‍ ലക്ഷ്യപ്രാപ്‌തി കൈവരിച്ചത്. ഖര ഇന്ധനം ഉപയോഗിക്കുന്ന കൂടുതല്‍ ദൂരത്തില്‍ പ്രയോഗിക്കാവുന്ന മിസൈല്‍ എന്നതാണു അഗ്നി നാലിന്റെ സവിശേഷത. 2600 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് രാജ്യത്തിനു സ്വന്തമായുണ്ടായിരുന്നത്. അഗ്നി നാലിലൂടെ പ്രതിരോധ മേഖലയില്‍ രാജ്യത്തിന്റെ കരുത്തേറുകയാണ്. അഗ്നി നാലിന്റെ വിജയം കൂട്ടായ്‌മയുടെയും രാജ്യത്തിന്റെയാകെയും വിജയമാണെന്നായിരുന്നു ടെസി തോമസിന്റെ പ്രതികരണം. 5000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമിടുന്ന അഗ്നി-അഞ്ചിനായാണു ഇനിയുള്ള പരിശ്രമം. നാലു മാസത്തിനകം പരീക്ഷണം നടത്താനാകുമെന്നാണു പ്രതീക്ഷയെന്നു ടെസി പറയുന്നു.
അമ്മ കുഞ്ഞമ്മ തോമസിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ അടുത്തമാസം എട്ടിനാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ എത്തുന്ന ടെസിയെ കാത്തിരിക്കുകയാണു കുടുംബാംഗങ്ങള്‍. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സെന്റ് ജോസഫ്‌സ് കോളജിലുമായിരുന്നു ടെസിയുടെ പ്രാഥമിക വിദ്യാഭ്യാസം. തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്നു ബി.ടെക്. നേടി പുനെ ഐ.ഐ.ടി.യില്‍ നിന്ന് എം.ടെക്കും കരസ്‌ഥമാക്കി. ഡി.ആര്‍.ഡി.ഒ.യില്‍ എത്തിയശേഷമാണു ടെസി പിഎച്ച്.ഡി.യും എം.ബി.എയും നേടിയത്. ടെസിയുടെ ഭര്‍ത്താവ് സരോജ് പട്ടേല്‍ ഭാരത് ഡൈനാമിക് ലിമിറ്റഡിലെ റിയര്‍ അഡ്‌മിറലാണ്. മകന്‍ തേജസ് വെല്ലൂര്‍ ഐ.ഐ.ടിയിലാണു പഠിക്കുന്നത്.
|