പടിയിറങ്ങുന്ന നാടന്‍ പഴങ്ങള്‍

നമ്മുടെ നാട്ടില്‍ പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വവുമായ നാടന്‍പഴവര്‍ഗ്ഗച്ചെടികളാണ് മലര്‍ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.





നിറയെ ചെറിയ ഇലച്ചാര്‍ത്തും കായ്കളുമായികാണുന്ന ചെറുസസ്യമാണ് മലര്‍ക്കായ്മരം, അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ ചെറു ശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന ഇവയുടെ ശാഖാഗ്രങ്ങളില്‍ കുലകളായി വിരിയുന്ന ചെറുകായ്കള്‍ കാഴ്ചയ്ക്ക് മനോഹരമാണ്. തൂവെള്ളനിറത്തില്‍ ചെറുകായ്കള്‍ വേനല്‍ക്കാലത്താണ് കാണപ്പെടുന്നത്. ഇവയുടെ പഴക്കാലം മെയ്മാസത്തിലാണ് കാണപ്പെടുന്നത്. പൂച്ചപ്പഴം എന്നും മലര്‍ക്കായ്മരത്തിന് വിളിപ്പേരുണ്ട്. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. അലങ്കാരസസ്യമായി വലിയ ചെടിച്ചട്ടികളിലും ഈ ചെടിയെ ഒതുക്കി വളര്‍ത്താം. മലര്‍ക്കായ മരത്തിന്റെ പഴങ്ങള്‍ക്ക് നേരിയ മധുരമുണ്ട് ഇവ ഭക്ഷ്യയോഗ്യമാണ്.


വെട്ടിപ്പഴം



ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് 'വെട്ടി' ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച ഇലകള്‍ ചെറുതാണ്. വേനല്‍ക്കാലത്തിനൊടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്‍ പോലെ പഴങ്ങള്‍ വിളഞ്ഞുപൊട്ടി നില്‍ക്കുന്നതു കാണാം. പഴങ്ങളാല്‍ നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്‍ഷിക്കും. മധുരവുംചെറുപുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്‍ താനെ വളര്‍ന്ന് ഫലം തന്നുകൊള്ളും.


കൊരണ്ടിപ്പഴം



ചെറുകാടുകളിലും കാവുകളിലും വളര്‍ന്നിരിക്കുന്ന വള്ളിച്ചെടിയാണ് കൊരണ്ടി. ചുവപ്പുനിറത്തില്‍ ബള്‍ബുകള്‍ പോലെ ഇവയിലുണ്ടാകുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമാകും. ഇവ ശേഖരിച്ച് പുറത്തെതൊലി നീക്കി ഭക്ഷിക്കാം മാധുര്യം നിറഞ്ഞ പള്‍പ്പിനുള്ളില്‍ ചെറു വിത്തുമുണ്ടാകും. വേനല്‍ക്കാലത്താണ് കുരണ്ടിച്ചെടിയുടെ വള്ളികളില്‍ കായ്കള്‍ കണ്ടുവരുന്നത്. കുരണ്ടിയുടെ വള്ളികള്‍ മുറിച്ച് കുട്ടകള്‍ നിര്‍മിക്കാന്‍ പണ്ടു ഉപയോഗിച്ചിരുന്നു. കൊരണ്ടിച്ചെടികള്‍ ഉദ്യാനകവാടങ്ങള്‍ ഒരുക്കാന്‍ വളര്‍ത്താന്‍ യോഗ്യമാണ്. ഇവയുടെ വിത്തുകള്‍ നട്ടുവളര്‍ത്താം.


ഞാറപ്പഴം



നമ്മുടെ തൊടികളില്‍നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്‍ ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന പൂക്കളില്‍നിന്ന് ചെറു കായ്കള്‍ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്‍ ഇളംകറുപ്പുനിറമാകുന്നു. ചവര്‍പ്പും മധുരവും കലര്‍ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്‍തന്നെ മുപ്പതോളം കായ്കള്‍ കാണുന്നു. വേനല്‍ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്‍വേദ ഔഷധങ്ങളില്‍ ഞാറ ഒരു ചേരുവയാണ്. ഞാവല്‍പ്പഴങ്ങളോട് ഞാറക്കായകള്‍ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്‍ക്കും പുല്‍ത്തകിടികള്‍ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്‍ത്താം. വിത്തുകള്‍ കിളിര്‍പ്പിച്ചു തൈകള്‍ വളര്‍ത്താന്‍ യോഗ്യമാണ്. അതുംനിന്നുപോകാതെ നാടന്‍ ചെടികള്‍ക്ക് പൂന്തോട്ടങ്ങളിലെങ്കിലും ഒരു സ്ഥാനം നല്‍കി വളര്‍ത്താന്‍ നാം ശ്രദ്ധിക്കണം.


കാരമ്പോള




കേരളത്തില്‍ നന്നായി വളര്‍ന്ന് കായ്ഫലം നല്‍കുമെങ്കിലും കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. പഴങ്ങള്‍ക്ക് മധുരവും പുളിയും കലര്‍ന്നസ്വാദുള്ളതിനാല്‍ മധുരപുളിഞ്ചിയെന്നും വിളിപ്പേരുണ്ട്. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകള്‍ താഴേക്ക് ഒതുങ്ങി നില്‍ക്കുന്നു. ശാഖകളില്‍ കുലകളായിപൂക്കള്‍ വിരിയും കായ്കള്‍ക്ക് ദീര്‍ഘചതുരാകൃതിയും നാലരികുകളുമുണ്ടാകും. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കാം. വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ ജാം, സര്‍ബത്ത് തുടങ്ങിയവ നിര്‍മ്മിക്കാനുപയോഗിക്കാം. നിര്‍ലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പന്‍ പുളിയുടെ അടുത്ത ബന്ധുവാണ്. ആന്തരിക രക്തസ്രാവം, പൈല്‍സ് എന്നിവയ്ക്ക് പഴങ്ങള്‍ ഔഷധമായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവര്‍ഷത്തിനുള്ളില്‍ കായ്ഫലം നല്‍കിത്തുടങ്ങും. 

മലര്‍ക്കായ് മരം