കുട്ടികള്‍ക്ക് ഭാവന നഷ്ടമാകുന്നു

യുവതലമുറക്ക് സര്‍ഗവാസനയും ഭാവനയും കുറയുന്നുവെന്ന് പറഞ്ഞാല്‍ അത് പഴയതലമുറയുടെ മുന്‍വിധിയാണെന്ന പരാതിയാവും ഉയരുക. എന്നാല്‍, കാര്യം സത്യമാണ്. പണ്ട് യുവാക്കള്‍ക്ക് ഉണ്ടായിരുന്ന ഭാവനാ ശക്തി ഇന്നത്തെ തലമുറക്ക് ഇല്ലെന്ന് പറയുന്നത് അമേരിക്കയിലെ വില്യം ആന്‍ഡ് മേരി കോളജിലെ ഒരുസംഘം ഗവേഷകരാണ്. സര്‍ഗവാസനയും ഭാവനാ ശക്തിയും മാത്രമല്ല, പുതിയ തലമുറക്ക് നഷ്ടമാകുന്നത്. നര്‍മവും ഇവര്‍ക്ക് ഇല്ലാതാവുകയാണെന്ന് ഈ ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയായി വരുമ്പോള്‍ ഭാവനാ ശക്തിയും സര്‍ഗവാസനയും നര്‍മവും നഷ്ടമാവുന്നതിന്റെ ആക്കം കൂടി വരുന്നതായും പഠനത്തില്‍ വ്യക്തമായി.
കുട്ടികള്‍ക്ക് ഭാവന നഷ്ടമാകുന്നു

1970കള്‍ മുതലുള്ള മൂന്നു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവനാ ശേഷി പരീക്ഷിക്കുന്ന പരീക്ഷകളുടെ ഫലം വിലയിരുത്തിയാണ് വില്യം ആന്‍ഡ് മേരി കോളജിലെ ഗവേഷകര്‍ നിരീക്ഷണം നടത്തുന്നത്.

1990 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അസാധാരണവും അപൂര്‍വവുമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷി കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്യുങ് ഹീ കിം പറയുന്നു. ഈ കാലഘട്ടം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ കൂടുതല്‍ വിശദമാക്കാനുള്ള കഴിവും നഷ്ടപ്പെടുന്നതായാണ് വ്യക്തമായതെന്ന് അവര്‍ പറയുന്നു.

കുട്ടികള്‍ക്ക് നടത്തുന്ന ടൊറന്‍സ് ടെസ്റ്റിന്റെ ഫലങ്ങളാണ് കിം വിശകലനം ചെയ്തത്. കുട്ടികളിലെ സര്‍ഗശേഷി അളക്കുന്നതാണ് ഈ പരീക്ഷ. ഉദാഹരണത്തിന് രണ്ട് വൃത്തങ്ങള്‍ കാണിച്ചശേഷം കുട്ടികളോട് അത് ഉപയോഗിച്ച് എന്തെങ്കിലും രൂപം വരക്കാന്‍ ആവശ്യപ്പെടും. കുട്ടിയുടെ ഭാവനയുടെ രീതി അളന്ന് മാര്‍ക്ക് നല്‍കുകയാണ് ചെയ്യുക. ഇത്തരം ടെസ്റ്റുകളില്‍ ലഭിക്കുന്ന സ്കോര്‍ കിം മറ്റ് പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കുമായി താരതമ്യം ചെയ്യുകയും ചെയ്തു. മറ്റ് പരീക്ഷകളില്‍ നേടുന്ന മാര്‍ക്ക് ഉയര്‍ന്നുവരുമ്പോഴും 1990കള്‍ക്ക് ശേഷമുള്ള വിദ്യാര്‍ഥികള്‍ ടൊറന്‍സ് ടെസ്റ്റില്‍ നേടുന്ന മാര്‍ക്ക് കുറഞ്ഞു വരുന്നതായാണ് കണ്ടത്.

ഇതിനു പ്രധാന കാരണം സാധാരണ പാഠ്യവിഷയങ്ങളില്‍ സ്കൂളുകള്‍ നല്‍കുന്ന പ്രാധാന്യം കുട്ടികളുടെ ഭാവനാ ശക്തി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നല്‍കാത്തതാണെന്ന് കിം വിലയിരുത്തുന്നു. മറ്റൊരു കാരണം കുട്ടികള്‍ അമിതമായി ടെലിവിഷന്‍ കാണുന്നതായിരിക്കാമെന്നും അവര്‍ പറയുന്നു. ടി.വി കാണുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്നില്ല. ഇത് കുട്ടികളുടെ ഭാവനാശക്തിയും നര്‍മവും ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കി.

കുട്ടിക്കാലത്ത് വിരിയുന്ന ആശയങ്ങളും ഭാവനയും ഭാവിയില്‍ തൊഴില്‍ മേഖല കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നത് കുട്ടികളിലെ ഇത്തരം വാസനകള്‍ കൂടി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.