
മകനെയോര്‍ത്തു സങ്കടപ്പെടണമോ അതോ അഭിമാനിക്കണമോ എന്ന് ആ അമ്മ ഒരു നിമിഷം സംശയിച്ചിട്ടുണ്ടാകാം. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസില്‍ എഴുപത്തിമൂന്നാം നമ്പര്‍ വീടിന്‍റെ ഗെയ്റ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ തേങ്ങുന്ന മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു അമ്പത്തിമൂന്നുകാരി. അറേബ്യന്‍ നാടുകളില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയ മകന് സഖരോവ് പ്രൈസ്. അത് അറിയിക്കാനെത്തിയ മാധ്യമങ്ങളോട് കൈവീശിക്കാണിക്കാനല്ലാതെ മറ്റൊന്നും പറയാന്‍ കുറച്ചു നേരത്തേയ്ക്ക് അവര്‍ക്കായില്ല. കാരണം അതൊരു മരണാനന്തര ബഹുമതിയാണ്. യൂറോപ്യന്‍ പാര്‍ലമെന്‍റ് നല്‍കുന്ന ആ പുരസ്കാരം മകനു വേണ്ടി ഏറ്റുവാങ്ങാന്‍ സ്ട്രാസ്ബര്‍ഗിലേക്കു ഡിസംമ്പറില്‍ പോകും ഈ അമ്മ...
ടുണീഷ്യയിലും ഈജിപ്റ്റിലും ലിബിയയിലുമൊക്കെ സര്‍ക്കാരിനെതിരേ ജനകീയ സമരങ്ങള്‍ക്ക് വഴിയൊരുക്കിയ മുഹമ്മദ് ബൗസിയുടെ അമ്മയ്ക്ക് ഒന്നും പറയാനില്ലേ...? ഉണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്‍റെ മകന്‍റെ വിജയമാണ്. അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടിയതിന്‍റെ ജയം. എന്‍റെ മകന്‍ ആത്മാഹൂതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കുമായിരുന്നില്ല. എല്ലാ ടുണീഷ്യക്കാരും എന്‍റെ മകനെയോര്‍ത്ത്, ഈ നാട്ടിലെ എല്ലാ പാവപ്പെട്ടവരേയും ഓര്‍ത്ത് ഇലക്ഷന്‍ കേന്ദ്രങ്ങളിലേക്കു പോവുക... തെരഞ്ഞെടുപ്പിനു തലേന്നാള്‍ മനൗബിയ ഫൗസി ടുണീഷ്യക്കാരോട് ഇതാണു പറഞ്ഞത്.
മതിയല്ലോ, ഒരു നാടിന്‍റെ മുഴുവന്‍ സ്നേഹവും കിട്ടാന്‍ ഇതു ധാരാളം. ആരുടേയും പക്ഷം ചേര്‍ന്നു പ്രസംഗിക്കുകയല്ല മുഹമ്മദ് ബൗസി. തെരുവോരത്ത് തീകൊളുത്തി മരിച്ച മകനെയോര്‍ത്ത് അമ്മയുടെ സങ്കടത്തിന്‍റെ ശബ്ദമാണത്. വഴിയരികില്‍ പഴക്കച്ചവടം നടത്തിയിരുന്ന ബൗസിയെ പൊലീസുകാര്‍ വര്‍ഷങ്ങളായി ഭീഷണിപ്പെടുത്തുന്നു. പഴങ്ങളും പച്ചക്കറികളും വിറ്റ് ഉപജീവനം കണ്ടെത്തിയ ബൗസിക്ക് താങ്ങാന്‍ വയ്യാതായി ടുണീഷ്യന്‍ പൊലീസിന്‍റെ ചീത്തവിളിയും ശകാരവും. ഒടുവില്‍... പാവങ്ങളോടുള്ള സര്‍ക്കാരിന്‍റെ വെറുപ്പിന്‍റെ ഇരയായി ഞങ്ങളുടെ സഹോദരന്‍. ബൗസിയുടെ കൂടെപ്പിറപ്പുകള്‍ പറയുന്നു.
സിദി ബൗസിദ് തെരുവോരത്തു നിന്നു നിലവിളി കേട്ടാണ് അവരും ഓടിച്ചെന്നത്. ഫുട്പാത്തിനരികെ തീപ്പന്തമായി ഓടുന്ന ജീവന്‍ തന്‍റെ സഹോദരന്‍റേതാണെന്ന് മനൗബിയ ബൗസിയുടെ പെണ്‍മക്കള്‍ അപ്പോഴും തിരിച്ചറിഞ്ഞില്ല. തീയണയ്ക്കാനായി ആരൊക്കെയോ വെള്ളമൊഴിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും ശരീരത്തിന്‍റെ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു. അധികം വൈകാതെ ജീവന്‍ നഷ്ടപ്പെട്ടു. ഫുട്പാത്തില്‍ പഴക്കച്ചവടം നടത്തിയിരുന്ന ദരിദ്രനായ ഒരാളെ കൊലയ്ക്കു കൊടുത്തുവെന്ന് ആക്രോശിച്ച് ജനരോഷം ഇരമ്പി. സിദി ബൗസിദില്‍ ജനകീയക്കൂട്ടായ്മകളുണ്ടായി. പാവങ്ങളെ ചൂഷണം ചെയ്യുന്ന പ്രസിഡന്‍റ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് മുദ്രാവാക്യങ്ങളുയര്‍ന്നു. സിനെ എല്‍ അബിദിന്‍ ബെന്‍ അലി എന്ന ടുണീഷ്യന്‍ പ്രസിഡന്‍റിന്‍റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ഏകാധിപത്യഭരണം അവസാനിച്ചശേഷമേ ആ സമരം നിലച്ചുള്ളൂ. അതൊരു തുടക്കമായിരുന്നു. ഈജിപ്റ്റ്, ലിബിയ, സിറിയ, യെമന്‍, ബഹ്റിന്‍... ടുണീഷ്യയുടെ പിന്തുടര്‍ച്ചയായിരുന്നു എല്ലാം. പണമുള്ളവര്‍ അധികാരം കൈയടക്കി പാവങ്ങളെ ചൂഷണം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തിറങ്ങിയ രാജ്യങ്ങളില്‍ വസന്തം വിരുന്നെത്തിയെന്നു കളിയാക്കി അമെരിക്കയും യൂറോപ്പും. അറേബ്യന്‍ വസന്തം എന്ന് ഏറ്റവും ഭംഗിയായി അതിനെ ചുരുക്കിയെഴുതിയത് അമെരിക്കയാണ്. കാലം ആ വസന്തത്തിന്‍റെ വിത്തുകള്‍ മിഡില്‍ ഈസ്റ്റിലെ മണ്ണില്‍ മാത്രമല്ല മുളപ്പിച്ചത്. ഒക്യുപൈ വോള്‍സ്ട്രീറ്റ് എന്ന പേരില്‍ അത് അമെരിക്കയിലും പൂത്തുലഞ്ഞു. ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരേയും പിന്നീട് യൂറോപ്പിന്‍റെ വിവിധ ഭാഗത്തും പണക്കാര്‍ക്കെതിരേ ആളുകള്‍ ഒത്തുകൂടി. ജോലിയില്ല, കൂലിയില്ല. ബാങ്കുകളേ നാണമില്ലേ... മുദ്രാവാക്യങ്ങള്‍ തിരിച്ചടിച്ചു. അമേരിക്കന്‍ വസന്തം, യൂറോപ്യന്‍ വസന്തം...
പാവപ്പെട്ടവരുടെ ശബ്ദം കൂട്ടായി എവിടെയൊക്കെ ഉയരുന്നുവോ അവിടെയെല്ലാം സ്മരിക്കപ്പെടുന്നു മുഹമ്മദ് ബൗസിയുടെ പേര്. ടുണീഷ്യക്ക് ആവശ്യമുള്ളതു നല്‍കാന്‍ എന്‍റെ മകനു സാധിച്ചു. ടുണീഷ്യയുടെ പുത്രനല്ല, ലോകത്തിന്‍റെ മകനാണ് അവന്‍... മനൗബിയ ബൗസി പറയുന്നു. നാലഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. രണ്ടു പെങ്ങന്മാരേയും അമ്മയേയും നോക്കാനാണ് മുഹമ്മസ് ബൗസി ഫുട്പാത്തില്‍ കച്ചവടം തുടങ്ങിയത്. വഴിയരികില്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്ന ടുണീഷ്യന്‍ നിയമം പൊലീസുകാര്‍ ബൗസിയ്ക്കു മേല്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു. ജീവിക്കാന്‍ മറ്റെന്തു ചെയ്യണമെന്ന് അയാള്‍ ചോദിച്ചപ്പോഴെല്ലാം പൊലീസുകാര്‍ ബൗസിയെ കൈകാര്യം ചെയ്തു.
ആത്മഹത്യ ചെയ്ത ബൗസിയുടെ ശബ്ദം നാടിന്‍റെ പ്രതികാരമായി. പതിനാലായിരം ഡോളര്‍ ബൗസിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പ്രശ്നം ഒതുക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചു. ആ രൂപ കൊണ്ട് ലാ മസ്റയില്‍ ഒരു വീടു വാങ്ങി അവിടേയ്ക്കു താമസം മാറി മനൗബിയയും പെണ്‍കുട്ടികളും. അപ്പോഴേയ്ക്കും സമരം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു...