വണ്ണം കുറയ്ക്കാനെന്താണ് വഴി എന്നന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുവേണ്ടി എന്തും പയറ്റാനും പലരും തയ്യാറാണ്. ഡയറ്റിങ്ങ് എന്ന പേരില്‍ നിങ്ങളിന്നു ചെയ്യുന്നതൊക്കെ ഒരുപക്ഷേ നാളത്തെ മണ്ടത്തരങ്ങളാവാം. എന്നാലും സാരമില്ല, വണ്ണം കുറഞ്ഞാല്‍ മതി എന്നാണെങ്കില്‍ ഇതു വായിക്കൂ. പുരാതനകാലം മുതല്‍ വ്യത്യസ്ത ഡയറ്റിങ്ങ് പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പ്രാചീനകാലത്തെ ചില രസകരമായ ഡയറ്റിങ്ങ് സൂത്രങ്ങൾ.
Chewing Diet
നന്നായി ചവച്ച് ആഹാരം കഴിക്കുന്നത് ദഹനം കൂട്ടുമെന്ന് പറയേണ്ടതില്ല. പക്ഷേ നന്നായി ചവയ്ക്കുകയെന്നാല്‍ വെറുതെ ചവയ്ക്കലല്ല. 30 സെക്കന്റില്‍ 32 തവണ ചവയ്ക്കണം. അതുമാത്രം പോര, തല പതുക്കെ പുറകിലേക്ക് ചായ്ച്ച വച്ച് ഭക്ഷണം തൊണ്ടയിലൂടെ ഇറങ്ങാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള ഡയറ്റിലൂടെ അമിതാഹാരം കഴിക്കണമെന്ന ആഗ്രഹം മാറിക്കിട്ടും. (ആഹാരം കഴിക്കണമെന്ന് തന്നെ തോന്നാതെയാകും). ഇതോടെ അമിതവണ്ണം കുറയുമത്രേ.
Blood Type Diet
അടുത്തിടെ പ്രസക്തി നേടിയ ഈ ഡയറ്റ് പണ്ടുമുതലേ ഉണ്ടായിരുന്നതാണ്. രക്തഗ്രൂപ്പ് നോക്കിയുള്ള ഭക്ഷണക്രമീകരണമാണ് ഈ ഡയറ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ വണ്ണം കുറയുമെന്നാണ് വിശ്വാസം. എ ടൈപ്പ് രക്തം ഉള്ളവര്‍ വെജിറ്റേറിയന്‍ ആയിരിക്കണം. ഒപ്പം മെഡിറ്റേഷനും ചെയ്യണം. ഇവര്‍ ധാരാളം ഗോതമ്പ് കഴിക്കേണ്ടതാണ്. എന്നാല്‍ ഒ ടൈപ്പ് രക്തം ഉള്ളവര്‍ ധാന്യങ്ങള്‍ ഒഴിവാക്കണം. എയ്‌റോബിക്‌സാണ് ഇവര്‍ ചെയ്യേണ്ടത്. ടൈപ്പ് ബി ബ്ലഡ് ഉള്ളവര്‍ പാലും പാലുല്പന്നങ്ങളും കഴിക്കണം.
Sleeping Beauty Diet
ഉറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാനാവില്ലെന്നത് പ്രത്യേകം പറയേണ്ടതില്ല. പണ്ടുകാലത്ത് മൂന്നുനേരവും ആഹാരം കിട്ടാത്തപ്പോള്‍ വൈകി ഉണര്‍ന്ന് ഉച്ചഭക്ഷണം കൊണ്ട് തൃപ്തിപ്പെടുന്ന കഥകള്‍ കേട്ടിട്ടുണ്ടല്ലോ. ആ ടെക്‌നിക്കിന്റെ മറ്റൊരു പതിപ്പാണിത്. ഇവിടെ ചെറിയ സെഡേഷനിലൂടെയാണ് ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂട്ടി വിശപ്പിനെ നിയന്ത്രിക്കുന്നത്. ഒരു തരത്തിലിത് ഉപവാസ ഡയറ്റാണ്. എന്നാല്‍ സെഡേഷന്‍ കൂടിയാല്‍ ഹാങ്ഓവര്‍ തോന്നുകയും തന്മൂലം തലവേദനയും തലകറക്കവും കൂടെയുണ്ടാകുമെന്നു മാത്രം.
Vision Diet
നല്ല ഭക്ഷണം ആയാല്‍ മാത്രം പോര. അവ നന്നായി തന്നെ ടേബിളില്‍ എത്തണം. കാഴ്ചയില്‍ തന്നെ മടുപ്പുളവാക്കുന്ന ഭക്ഷണം കഴിക്കാന്‍ തോന്നില്ലല്ലോ. ഈ ഡയറ്റിന്റെ രഹസ്യം അതാണ്. ഇവിടെ വിഷന്‍ ഡയറ്റര്‍ ഗ്ലാസുകളാണ് ഭക്ഷണത്തോട് വിരസത ഉളവാക്കാന്‍ ഉപയോഗിക്കുന്നത്. നല്ല നീലനിറത്തിലുള്ള ഈ ഗ്ലാസ് കൊണ്ട് പാലുപോലും നീലയായി തോന്നിക്കും. പിന്നെ സ്ഥിരമായി ഗ്ലാസ് ഉപയോഗിച്ചാല്‍ കണ്ണിനു ദോഷമാണെന്ന് മാത്രം.
Washing away the Pounds
എല്ലാ ദിവസവും കുളിച്ചാലും ശരീരഭാരം കുറയുമത്രേ. തമാശയല്ലിത്, പക്ഷേ വെറുതെ കുളിക്കുകയല്ല വേണ്ടത്. പ്രത്യേക ഡയറ്റ് സോപ്പുകള്‍ ഉപയോഗിച്ചാണ് കുളി. ഈ സോപ്പിലുള്ള Seaweedകള്‍ ചര്‍മ്മത്തിലേക്ക് കയറുകയും ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ അലര്‍ജി വരാനുള്ള സാധ്യതയാണ് ഈ സോപ്പിന്റെ കുഴപ്പം.
Tapeworm Diet
ഇത് തികച്ചും അറപ്പു തോന്നുന്ന ഡയറ്റിങ്ങാണ്. നിങ്ങളുടെ വയറ്റില്‍ ഒരു നാടവിരയുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന അമിതാഹാരം അത് ഭക്ഷിച്ചുകൊള്ളും എന്ന സിംപിള്‍ ലോജിക്കാണ് ഇതിലുള്ളത്. പ്രാചീന കാലത്ത് ഇത്തരം പരാന്നഭോജികള്‍ ഉള്ള ഗുളികകള്‍ കിട്ടുമായിരുന്നു. ഇതുപയോഗിച്ചാല്‍ നാടവിരകള്‍ ഉണ്ടാകുകയും ഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാകുകയും ചെയ്യുമെന്നായിരുന്നു വിശ്വാസം.
Ear Stapling Diet
ഇനി സ്‌റ്റേപ്ലിംഗ് ചെവിയിലും. ആന്തരികകര്‍ണത്തിലെ കാര്‍ട്ടിലേജ് അസ്ഥിയില്‍ ആണ് സ്‌റ്റേപ്പിള്‍ ചെയ്യേണ്ടത്. ഇതോടെ വിശപ്പ് അമര്‍ത്തപ്പെടും. ഈ പിയേഴ്‌സിങ്ങ് അക്യുപങ്ചറിന് സമമാണെന്നാണ് പറയുന്നത്. വളരെ ഫലപ്രദമായ ഡയറ്റിങ്ങ് ആണെന്നാണ് അവകാശവാദമെങ്കിലും വേദനാജനകവും ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതുമാണ്. ചെവിയിലെ ഞരമ്പുകള്‍ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.
Cotton Ball Diet
കോട്ടണ്‍ ബോളുകള്‍ കഴിക്കുക അതാണ് ഈ ഡയറ്റ്. ചിലരിത് ഡ്രൈ ആയി കഴിക്കും ചിലര്‍ കുതിര്‍ത്ത് ഉപയോഗിക്കും. കോട്ടണ്‍ ബോളിന് കലോറി കുറവാണ്. എന്നാലിത് വയര്‍ നിറയ്ക്കും. വിശപ്പ് വഴിയില്‍ കൂടി പോലും പോകില്ല. ഫൈബറാണ് കോട്ടണ്‍ ബോളിലടങ്ങിയിട്ടുള്ളത്. എന്നാലിത് ശരീരത്തിന് ഗുണകരമാകുന്ന ഫൈബറല്ലെന്ന് മാത്രം. ഇതുകഴിക്കുന്നത് കൊണ്ട് ആവശ്യത്തിനുള്ള വിറ്റാമിനും ധാതുക്കളുമൊന്നും ശരീരത്തിന് കിട്ടില്ല. ഒപ്പം ദഹനപ്രശ്‌നങ്ങളും ഉണ്ടാകും.
Hallelujah Diet
ഈ ഡയറ്റില്‍ 15 ശതമാനം മാത്രമാണ് പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടത്. അതും പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണം. ബാക്കി ഡയറ്റ് ഇങ്ങനെ-വ്യായാമം, വിശ്രമം, സൂര്യപ്രകാശം ഏല്ക്കുക, സ്ട്രസ് ഒഴിവാക്കുക.
Caveman Diet
ഈ ഡയറ്റിന് പാലിയോലിത്തിക് ഡയറ്റെന്നും പേരുണ്ട്. 10,000 വര്‍ഷം മുന്‍പുള്ള പാലിയോലിത്തിക് യുഗത്തിലെ ഗുഹാമനുഷ്യരുടെ ഭക്ഷണരീതിയാണ് ഈ ഡയറ്റിലുള്ളത്. ഇറച്ചി, മത്സ്യം, പച്ചക്കറി, പഴങ്ങള്‍, വേരുകള്‍, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. ധാന്യങ്ങള്‍, പാല്‍, ഉപ്പ്, മധുരം, എണ്ണകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കണം.
മേല്‍പ്പറഞ്ഞ ഡയറ്റുകള്‍ കേട്ട് ചിരിക്കാന്‍ വരട്ടേ. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പല ഡയറ്റുകളും വര്‍ഷങ്ങള്‍ക്കും ശേഷം ചിരിയുണര്‍ത്തുന്നതാവില്ലെന്ന് ആരറിഞ്ഞു?