രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി!



ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസിനെ സാരിയുടുപ്പിക്കാനും നല്ല മലയാളം പഠിപ്പിക്കാനും നോക്കിയര്‍ വെട്ടിലായി. മനോരമ ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ മോഡറേറ്ററായെത്തുന്ന ചര്‍ച്ചാ പരിപാടിയാണ് രസകരമായ സംഭവങ്ങള്‍ക്ക് വേദിയായത്.
അഞ്ചു രഞ്ജിനിമാരെ സംഘടിപ്പിച്ച നടത്തിയ ടോക് ഷോ മുന്നോട്ടുപോവുന്തോറും രഞ്ജിനി കസറി കയറുകയായിരുന്നു. ഞങ്ങള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമിരുന്നാണ് ഐഡിയ സ്റ്റാര്‍ സിങര്‍ കാണുന്നത്. താങ്കള്‍ക്ക് അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിച്ചെത്തിക്കൂടെ എന്ന ചോദ്യത്തിന് സാരിയുടുക്കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന മറുചോദ്യമാണ് രഞ്ജിനി ചോദിച്ചത്. ഉടന്‍ ചോദ്യകര്‍ത്താവ് തിരുത്തി. ശരീരഭാഗങ്ങള്‍ പരമാവധി പുറത്തുകാണാത്ത ഏതെങ്കിലും വസ്ത്രം.

ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പിനേക്കാളും സെക്‌സിയായ വസ്ത്രമാണ് സാരിയെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പില്‍ കാലിന്റെ അല്‍പ്പം ഭാഗം മാത്രമാണ് പുറത്തുകാണുന്നത്. സാരിയുടുത്താല്‍ വയറും മറ്റുഭാഗങ്ങളുമാണ് പുറത്തുകാണുക. സാരിയുടുക്കാന്‍ അറിയില്ലെന്നതാണ് ശരി. പലപ്പോഴും വളരെ പണിപ്പെട്ടാണ് ഷോയ്ക്കുവേണ്ടി സാരിയുടുക്കുന്നത്. പിന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാനാണ് എനിക്കിഷ്ടം.

മലയാള ഭാഷയെ ഇത്ര വികൃതമാക്കി സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യത്തിനും ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു രഞ്ജിനിയുടെ മറുപടി. ഞാനിപ്പോള്‍ സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് സ്‌റ്റേജിലും സംസാരിക്കുന്നത്. ഈ മലയാളത്തിനെന്താണ് കുഴപ്പം. കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാവുന്നില്ലേ. ഇടക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ കൂടിപോവുന്നത് എന്റെ സംസാരരീതിയുടെ ഭാഗമാണ്. ഇത് ബോധപൂര്‍വമായ ഒന്നല്ല.

നിങ്ങള്‍ പറയുന്നതിനനുസരിച്ച് സാരിയോ ചുരിദാറോ ഉടുത്തുകൊണ്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കെത്തി കഴിഞ്ഞാല്‍ അത് പ്രേക്ഷകര്‍ക്ക് ബോറടിയാവും. കൂടാതെ ഇതു വാണിജ്യപരമായി തീരുമാനിക്കുന്ന കാര്യങ്ങളാണ്. എന്റെ വ്യക്തിതാല്‍പ്പര്യങ്ങളും വാണിജ്യതാല്‍പ്പര്യങ്ങളും തമ്മില്‍ യോജിച്ചുപോവുന്നതുകൊണ്ടാണ് ഐഡിയ സ്റ്റാര്‍ സിങര്‍ അവതാരികയായി ഇപ്പോഴും തുടരുന്നത്. നിങ്ങളെല്ലാം പറയുന്നതനുസരിച്ച് ഞാന്‍ മാറിയാല്‍ ഞാന്‍ ഞാനല്ലതാവും. അതിനേതായും തയ്യാറല്ല.

ഇനി നിങ്ങള്‍ പറയൂ , ഇവള്‍ക്ക് ചേരുന്ന വേഷം ഏതാണെന്ന്