മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത : ആര്‍ക്കും സംഭവിക്കാവുന്ന അശരണാവസ്ഥ!


രംഗത്തിലഭിനയിക്കുന്നതുപോലെതോന്നും ശാന്താദേവിയെ കണ്ടാല്‍. നിറങ്ങള്‍ നിറഞ്ഞ വെള്ളിത്തിരയില്‍നിന്നിറങ്ങി വാര്‍ധക്യത്തിന്റെ കറുപ്പും വെളുപ്പും മാത്രമുള്ള വൃദ്ധസദനത്തില്‍ ഒറ്റയ്ക്ക്. അപ്പോഴും ബാക്കിവെച്ച സിനിമകളുടെ ലൊക്കേഷനിലെത്താനുള്ള തിരക്കിലാണ് അവരുടെ മനസ്സ്.
ഒരിക്കല്‍ കോഴിക്കോട്ടെ നാടകവേദിയും മലയാള സിനിമയും ഈ രൂപവും ശബ്ദവും തിരിച്ചറിഞ്ഞിരുന്നു. ഇന്ന് തന്നെപ്പോലെത്തന്നെ കൂട്ടിന് ആരുമില്ലാത്തവരുടെ ഇടയില്‍ ശാന്താദേവി വിശ്രമിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവരെ വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. സിനിമാലോകത്തിലെ ചില സഹപ്രവര്‍ത്തകരും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഇവിടെ താത്കാലിക അഭയസ്ഥാനം കണ്ടെത്തിയത്.
വൃദ്ധസദനത്തിലെത്തിയ സമയത്തെല്ലാം സങ്കടത്തിലായിരുന്നു ഈ അമ്മ. ഏറെ അഭിനയിച്ചെങ്കിലും ഒന്നും സമ്പാദിച്ചില്ല. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയെങ്കിലും ജീവിതത്തില്‍ ആഹ്ലാദങ്ങളൊന്നും കൂടെയുണ്ടായില്ല.

കുറച്ചുദിവസമായി അവശതയിലായിരുന്നു ശാന്താദേവി. നല്ലളത്തെ വീട്ടില്‍ തനിച്ച്, അതിനിടെ നിലമ്പൂര്‍ ആയിഷ ഉള്‍പ്പെടെയുള്ള പഴയ സഹപ്രവര്‍ത്തകരെ കണ്ടു. 'മിംസ്' ആസ്​പത്രി അധികൃതര്‍ അവിടെ എത്തിച്ച് ചികിത്സിച്ചു. ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ വീട്ടിലെ ഇരുട്ടിലേക്ക് വീണ്ടും. കളക്ടര്‍ പി.ബി.സലീം, മിംസിലെ ഡോക്ടര്‍ വേണുഗോപാല്‍, തിരക്കഥാകൃത്ത് ടി.എ.റസാഖ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വൃദ്ധമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. ഉടനെ ഒരു വീടും പരിചരിക്കാന്‍ ഒരാളെയും ഒരുക്കിക്കൊടുക്കുമെന്ന് ഇവര്‍ പറഞ്ഞു.
വൃദ്ധ മന്ദിരത്തിലെത്തി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഉള്ളിലെ പ്രയാസങ്ങളടക്കി അവര്‍ മറ്റ് അന്തേവാസികളോടുകൂടി. ചിലരൊക്കെ ആ മുഖം തിരിച്ചറിയുകയും ചെയ്തു.