ഡ്രൈവിംഗ് ടെസ്‌റ്റില്‍ പങ്കെടുത്ത് പാസായ ശേഷം നേരെ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്‌ത് പോയി ഒരു പ്രസവം! സിനിമയിലോ സീരിയലിലോ ഒന്നുമല്ല,യഥാര്‍ത്ഥ ജീവിതത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
സ്‌കോട്‌ലന്റിലെ വെസ്‌റ്റ് ലോതിയന്‍ സ്വദേശിനിയായ എമ്മ ഫ്രഞ്ച് എന്ന 20 കാരിയാണ് പ്രസവത്തിനു തൊട്ടു മുമ്പ് ഡ്രൈവിംഗ് ടെസ്‌റ്റ് പാസായത്. ടെസ്‌റ്റ് നടക്കുമ്പോള്‍ നാല് തവണ അസ്വസ്‌ഥത തോന്നിയിട്ടും അവര്‍ പിന്‍മാറിയില്ല. ടെസ്‌റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ എമ്മ ലിവിംഗ്‌സ്റ്റണിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കാറോടിച്ച് എത്തുകയായിരുന്നു.
പ്രസവത്തീയതിയില്‍ തന്നെയാണ് താന്‍ ഡ്രൈവിംഗ് ടെസ്‌റ്റിന് വന്നിരിക്കുന്നത് എന്ന് എമ്മ അധികൃതരെ അറിയിച്ചിരുന്നില്ല.ടെസ്‌റ്റ് റദ്ദാക്കുമോ എന്ന ഭയം കാരണമായിരുന്നു അത്. എന്തായാലും പ്രശ്‌നമൊന്നും കൂടാതെ അവര്‍ തന്റെ കടിഞ്ഞൂല്‍ പുത്രിക്ക് ജന്‍മം നല്‍കി.