റാങ്കിന്റെ തിളക്കത്തിലും ഷിജു ഹോട്ടല്‍ ജോലിത്തിരക്കില്‍


വാണിമേല്‍: ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കനെ തേടി അനുമോദനങ്ങള്‍ പ്രവഹിക്കുമ്പോള്‍ റാങ്ക് ജേതാവ് ഹോട്ടലില്‍ ജോലിത്തിരക്കില്‍.

വാണിമേല്‍ കോടിയൂറ സ്വദേശി എം. ഷിജുവാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എസ്‌സി. ജ്യോഗ്രഫിയില്‍ 82.9 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്. റാങ്ക്‌വാര്‍ത്ത അറിയുമ്പോള്‍ ഷിജു ഭൂമിവാതുക്കല്‍ ടൗണിലെ കാസിനോ ഹോട്ടലില്‍ സപ്ലെയര്‍ ജോലി ചെയ്യുകയായിരുന്നു. ബിരുദത്തിന് ഷിജു രണ്ടാം റാങ്ക് നേടിയിരുന്നു.



തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മയങ്ങിയില്‍ നാണുവിന്റെയും രാധയുടെയും മകന്‍ ജീവിത പ്രാരാബ്ധംമൂലമാണ് പഠനത്തോടൊപ്പം കൂലിപ്പണി ചെയ്യുന്നത്. തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് 20 വര്‍ഷത്തിലേറെയായി അച്ഛന് കാര്യമായി ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

കേരള സര്‍വകലാശാലയില്‍ ബി.എസ്‌സി. ജ്യോഗ്രഫി പഠനസമയത്ത് തിരുവനന്തപുരത്തെ കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തിയത്.

കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലായിരുന്നു ബിരുദാനന്തരബിരുദ പഠനം. ഇക്കാലത്ത് ഉത്സവപ്പറമ്പുകളില്‍ കാഴ്ചസാധനങ്ങള്‍ തയ്യാറാക്കിയാണ് മാസവാടകയും ഭക്ഷണത്തിനുള്ള പണവും കണ്ടെത്തിയത്. സര്‍ക്കാര്‍ കോളേജില്‍ ബി.എഡിന് ചേര്‍ന്ന് പഠിക്കാനുള്ള ഫീസ് കണ്ടെത്താനാണ് രണ്ട് മാസത്തിലേറെയായി ഭൂമിവാതുക്കലിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നത്.

ഭൂമിവാതുക്കല്‍ എം.എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നവോദയയുടെ പ്രവേശനപരീക്ഷയില്‍ വിജയിക്കാന്‍ കഴിഞ്ഞതാണ് വിദ്യാഭ്യാസ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഷിജു പറയുന്നു.

പ്ലസ് ടു വരെ വടകര മണിയൂര്‍ നവോദയയില്‍ പഠിച്ച ഷിജുവിന്റെ പഠനത്തിലെ മിടുക്ക് പി.ജി. ഫലം വന്ന സമയത്താണ് നാട്ടുകാര്‍ മിക്കവരും അറിയുന്നത്. ഹോട്ടലിലെത്തുന്നവര്‍ക്കുള്ള ഭക്ഷണങ്ങള്‍ ആവേശപൂര്‍വം വിളമ്പുമ്പോഴും ഭൂമിശാസ്ത്രമേഖലയില്‍ കൂടുതല്‍ പഠനം നടത്താനാണ് ഷിജുവിന് താത്പര്യം.