കാട്ടയ്ക്കല്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന യുവതിക്ക് നാലുവര്‍ഷം മുമ്പ് ഒന്നുരണ്ട് മിസ്ഡ്കാള്‍ വന്നു. ആകാംക്ഷ സഹിക്കാനാവാതെ അവള്‍ തിരിച്ചുവിളിച്ചു. അങ്ങേത്തലയില്‍ മധുമൊഴിയോടെ ഒരു കുറ്റിപ്പുറത്തുകാരന്‍. കിന്നാരംപറഞ്ഞ് ഫോണ്‍ കട്ടാക്കിയപ്പോഴേക്കും ഇരുവര്‍ക്കുമിടയില്‍ 'പ്രഥമവിളിയില്‍ അനുരാഗം' വളര്‍ന്നുകഴിഞ്ഞിരുന്നു. പിന്നെ വിളി തുടര്‍ന്നു. അതിനിടെ യുവതിക്കൊരുള്‍വിളി; 'അശരീരിയായ' കാമുകനെ നേരിട്ടുകാണാന്‍. സപ്തംബര്‍ 27. കാമുകി തീവണ്ടി കയറി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തി. കാമുകനെ ഫോണില്‍ വിളിച്ചു. 'ഔട്ട് ഓഫ് കവറേജ് ഏരിയ'. പിന്നെ ഞരമ്പ് മുറിക്കലും ആത്മഹത്യാശ്രമവും. അവസാനം പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ തിരിച്ചയച്ചു.
കുറ്റിപ്പുറത്തുകാര്‍ ഈ കഥ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുനടക്കുന്നതിനിടയിലാണ് അടുത്ത സംഭവം. ഒക്ടോബര്‍ ഒന്ന്. ഈ കഥയിലും വില്ലന്‍ മൊബൈല്‍ ഫോണ്‍ തന്നെ. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു കുഞ്ഞുമായാണ് വയനാട്ടുകാരിയായ യുവതി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാമുകനെ കാത്തുനിന്നത്. അതുവരെ നല്ല റെയിഞ്ചുണ്ടായിരുന്ന കാമുകന്റെ ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫായി. സ്റ്റേഷനില്‍ അധിക സമയം ചുറ്റിത്തിരിഞ്ഞ യുവതിയെക്കണ്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. അതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തൊട്ടില്‍പാലം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഈ പ്രശ്‌നത്തിലും ഒടുവില്‍ പോലീസിന് ഇടപെടേണ്ടിവന്നു.
കാമുകി പ്രവാഹം അവസാനിച്ചില്ല. ഒക്ടോബര്‍ 7. രാവിലെ 7.30. അടുത്ത കാമുകിയെത്തി. തൃത്താലക്കാരിയാണ്, രണ്ട് കുട്ടികളുണ്ട്. കാമുകന്‍ ആലപ്പുഴക്കാരനും. ഫോണ്‍ വിളിച്ച് കുറ്റിപ്പുറത്ത് വരാന്‍ പറഞ്ഞതാണ്. ഇതിനുമുമ്പ് രണ്ടുതവണ അവിടെവെച്ചാണത്രെ കാമുകസമാഗമം നടന്നത്. ഇത്തവണ കാമുകന്‍ ഫോണ്‍ ഓഫാക്കി. പോലീസ് യുവതിയുടെ സഹോദരന്മാരെ വിളിച്ചുവരുത്തി വിട്ടു.
ഒക്ടോബര്‍ 8. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെ കുറ്റിപ്പുറത്ത് കണ്ടെത്തിയ വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനിടയില്‍ അവള്‍ അപ്രത്യക്ഷയായി.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുണ്ടായിട്ടും വിവേകമില്ലാതാവുന്നതിന്റെ ഉദാഹരണങ്ങളായി മാറുകയാണ് കുറ്റിപ്പുറത്തെ സംഭവപരമ്പരകള്‍. കുറ്റിപ്പുറത്ത് ഇത്തരം കേസുകള്‍ ഇതിനുമുമ്പും ഒട്ടേറെയുണ്ടായിട്ടുണ്ടെന്ന് എസ്.ഐ സി. ബഷീര്‍ പറയുന്നു. എം.ബി.എ വിദ്യാര്‍ഥിനിയെവരെ ഈ രീതിയില്‍ പിടികൂടിയിട്ടുണ്ട്.
ഇത്തരം കേസുകള്‍ കൂടിയതിനെത്തുടര്‍ന്ന് പോലീസ് സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തുന്നുണ്ടെന്ന് എസ്.ഐ പറഞ്ഞു. സംസ്ഥാന വ്യാപകമായി പോലീസ് ഈ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.
ഒരുതവണപോലും കാണാത്ത കാമുകന്മാരുടെ ശബ്ദത്തെ പ്രണയിക്കുന്നവരുടെ കൂട്ടത്തില്‍ വീട്ടമ്മമാര്‍ പോലുമുള്ളത് പ്രശ്‌നം ഗുരുതരമാക്കുന്നു. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളാണ് ഇത്തരം എടുത്തുചാട്ടങ്ങള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. 'മിസ്ഡ് കാള്‍' ഒരു വ്യവസായമായി മാറ്റിയിട്ടുള്ള ചില വിരുതന്മാരാണ് ഈയവസരങ്ങള്‍ മുതലെടുക്കുന്നത്. പോയാല്‍ ഒരു മിസ് കോള്‍. കിട്ടിയാല്‍ കുറേക്കാലത്തേക്ക് ഒരു കാമുകി എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം.
ഏതായാലും കുറ്റിപ്പുറത്തെ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ റെയില്‍വേസ്റ്റേഷനിലെ പോര്‍ട്ടര്‍മാരും കച്ചവടക്കാരും അധികൃതരുമെല്ലാം ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയിലാണ്. സംശയകരമായി ആരെ കണ്ടാലും അവര്‍ ഉടനെ പോലീസിനെ അറിയിക്കുന്നുണ്ട്.