ഞെട്ടിക്കുന്ന ഓര്‍മകള്‍ തലച്ചോറില്‍നിന്നു മായിക്കാന്‍ പുതിയ മരുന്ന്‌

കെയ്‌റ്റ്‌ വിന്‍സ്‌ലറ്റ്‌ നായികയായൊരു ഹോളിവുഡ്‌ ചിത്രമുണ്ട്‌. തമ്മില്‍ തല്ലിപ്പിരിയുന്ന ഭര്‍ത്താവിന്റെ ഓര്‍മകള്‍ പോലും വേണ്ടെന്നു വയ്‌ക്കുന്നതിനായി തലച്ചോറില്‍നിന്ന്‌ തെരഞ്ഞു പിടിച്ച്‌ മായ്‌ച്ചു കളയുന്ന കഥാപാത്രം. മുന്‍ഭര്‍ത്താവുമൊത്തുള്ള നല്ലതും ചീത്തയുമായ ഓര്‍മകള്‍ അവശേഷിപ്പിക്കാതെ പുതിയൊരു ജീവിതം. ടാര്‍ജറ്റഡ്‌ മെമ്മറി ഇറേഷന്‍ എന്നായിരുന്നു ഈ വിദ്യയ്‌ക്ക്‌ സിനിമയിലെ പേര്‌. ഇത്‌ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സാധ്യമാണെന്നാണ്‌ പുതിയ കണ്ടെത്തല്‍.

വിഷമവും പ്രയാസവുമുണ്ടാകുമ്പോള്‍ തലച്ചോര്‍ എങ്ങനെയാകും പ്രതികരിക്കുന്നുവെന്നതു കണ്ടെത്താന്‍ നടത്തിയ വിശദമായ ഗവേഷണഫലം ഏറെ ആശ്വാസകരമാണ്‌. മനസിനെ തകര്‍ക്കുന്ന തരത്തിലുള്ള ഭീതിദമായ ഓര്‍മകള്‍ മായ്‌ച്ചുകളയാന്‍ മരുന്നിനു കഴിയുമെന്നാണ്‌ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായി പഠിച്ച ഗവേഷകര്‍ എലികളില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്കായി ഈ മരുന്ന്‌ ലഭ്യമാക്കുമെന്നാണ്‌ വിലയിരുത്തല്‍.

ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നത്‌. ലിപ്പോകാലിന്‍ എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനവുമായി ചുറ്റിപ്പറ്റിയാണ്‌ ഗവേഷണം. ബ്രെയിന്‍ സെല്ലുകളില്‍ ഇവയുടെ പ്രവര്‍ത്തനം എങ്ങനെയെന്നതാണ്‌ ഗവേഷകര്‍ നീരിക്ഷിച്ചത്‌. ഈ പ്രോട്ടീന്‍ ഇല്ലാത്ത എലികളില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന ചില ഭാഗങ്ങള്‍ ഇല്ലെന്നു കണ്ടെത്തി. ഇതില്‍നിന്നാണ്‌ പുതിയ മരുന്ന്‌ രൂപപ്പെടുത്തുന്നത്‌. ഭീകരമായ ഓര്‍മകളും അതിന്റെ പേരിലുള്ള അസ്വസ്ഥകളും ഡിപ്രഷനും മറ്റും ഒഴിവാക്കാന്‍ ഈ മരുന്നിന്‌ കഴിയുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.