സരസ്വതിയമ്മയ്ക്ക് കവിതയാണ് ജീവിതം


സരസ്വതിയമ്മയ്ക്ക് കവിത ജീവിതവും ഉപജീവനവുമാണ്. പത്താം ക്ലാസ് പോലും പൂര്‍ത്തിയാക്കാത്ത സരസ്വതിയമ്മയെ കവിതയെഴുതാന്‍ പ്രേരിപ്പിച്ചത് സ്വന്തം ജീവിതാനുഭവങ്ങള്‍തന്നെ. നീറുന്ന അനുഭവങ്ങള്‍ അറിയാതെ കവിതകളായി വാര്‍ന്നുവീണു. അവ പുസ്തകങ്ങളായി. സ്വന്തമായി വില്‍പ്പന നടത്തി. സരസ്വതിമയമ്മയ്ക്ക് ഇത് ഉപജീവനമായി മാറുകയായിരുന്നു.
പറക്കമുറ്റാത്ത പ്രായത്തിലുള്ള മൂന്ന്‌പെണ്‍മക്കളെയും തന്നെയും ഉപേക്ഷിച്ചുപോയ മദ്യപനായഭര്‍ത്താവ്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍... ഇതിലുള്ള പ്രതിഷേധവും വിദ്വേഷവും ഒരുകടലാസ്സില്‍ പകര്‍ത്തിയപ്പോള്‍ അത് കവിതകളായി. തന്നില്‍ ഒരുകവയിത്രി ഉണ്ടെന്ന് സരസ്വതിയമ്മ കരുതിയതേയില്ല. എന്നാല്‍, എഴുതി ത്തുടങ്ങിയപ്പോള്‍ ആത്മവിശ്വാസമായി. പിന്നീട്, ഈ എഴുത്തായി ജീവനോപാധി. 1989ല്‍ ആദ്യകവിതാസമാഹാരം 'ഇരുമ്പഴികള്‍' സ്വന്തമായി പ്രസിദ്ധീകരിച്ചു. പലപതിപ്പുകളായി അറുപതിനായിരം കോപ്പികള്‍ കേരളമൊട്ടാകെ നടന്നുവിറ്റതും സരസ്വതിയമ്മതന്നെ. കന്യാകുമാരി മുതല്‍ കാസര്‍കോട്‌വരെ സ്‌കൂളിലും ഓഫീസിലും കയറിയിറങ്ങി. തന്റെ കവിതകള്‍ ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ചും കവിതാപുസ്തകം വില്‍ക്കുമ്പോഴും ഇവരുടെ മനസ്സില്‍ ഒന്നേഉണ്ടായിരുന്നുള്ളൂ- മൂന്ന് പെണ്‍മക്കളുടെ വിദ്യാഭ്യാസം, വിവാഹം. സ്വന്തം അനുഭവങ്ങളില്‍നിന്ന് വിരിഞ്ഞ കവിതകള്‍ സ്വന്തമായി പ്രസിദ്ധീകരിച്ച് നടന്നുവില്പന നടത്തിയ സരസ്വതിയമ്മ, ഇപ്പോള്‍ ആഗ്രഹങ്ങളെല്ലാം സാധിച്ചതിന്റെ ആശ്വാസത്തിലാണ്.

ഒരുകാലത്ത് തന്റെ ജീവനോപാധിയായി മാറിയ കവിതയെഴുത്ത് നിര്‍ത്താനൊന്നും സരസ്വതിയമ്മ തയ്യാറല്ല. കഴിഞ്ഞ ആഗസ്തില്‍ പ്രസിദ്ധീകരിച്ച 'കണ്ണീര്‍ത്തീരങ്ങള്‍' സരസ്വതിയമ്മ എഴുതിയ ഖണ്ഡകാവ്യമാണ്. ഇപ്പോള്‍ എഴുതുന്നത് ഉപജീവനത്തിനായല്ല, സാഹിത്യത്തില്‍ അംഗീകാരം തേടിയാണ് . മൂന്ന് പെണ്‍മക്കള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും താനൊരു അഭിമാനമാകണമെന്നും ഈ അമ്മ ആഗ്രഹിക്കുന്നു.

'89ല്‍ പുറത്തിറങ്ങിയ ഇരുമ്പഴികള്‍ക്കും 91 ല്‍ പുറത്തിറങ്ങിയ രാഗശില്പത്തിനും അവതാരിക എഴുതിയിരിക്കുന്നത് തകഴി ശിവശങ്കരപ്പിള്ളയും എരുമേലി പരമേശ്വരന്‍പിള്ളയുമാണ്.'ഭാവനാ സമ്പന്നയായ സ്ത്രീയുടെ ആത്മാവിഷ്‌കാരങ്ങളില്‍ക്കൂടി ഒഴുകി വന്ന രസികവും മനോഹരവുമായ കവിതകള്‍'- തകഴി ഈ കവിതകളെക്കുറിച്ച് അവതാരികയില്‍ എഴുതിയിരിക്കുന്നു. സാഹിത്യത്തിന് ഒരുസംഭാവന തന്നെയാണ് ഈ കവയിത്രി എന്നാണ് എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നത്. സരസ്വതിയമ്മയുടെ എഴുത്തിന് പ്രചോദനമേകിയത് കുമാരനാശാന്റെ കവിതകളും സ്വാമിവിവേകാനന്ദന്റെ ജ്ഞാനയോഗവുമാണ്.

ആധ്യാത്മികതയും പ്രകൃതിയും സരസ്വതിയമ്മയുടെ കവിതകളിലെ മുഖ്യപ്രമേയങ്ങളാണ്. വര്‍ത്തമാനകാലത്തെ നടുക്കിയ സുനാമിയുടെ ദുരന്തങ്ങളും മനുഷ്യരുടെ നിസ്സഹായാവസ്ഥയും ചിത്രീകരിക്കുന്നതാണ് 'കണ്ണീര്‍ത്തീരങ്ങള്‍'. ആദ്യത്തെ രണ്ട് കവിതാസമാഹാരങ്ങളെഴുതിയതിനുശേഷം ഇരുപതുകൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് 'കണ്ണീര്‍ത്തീരങ്ങള്‍' പ്രസിദ്ധീകരിച്ചത്.

മൂല്യങ്ങളും വിശ്വാസങ്ങളും കൈമോശം വന്നിരിക്കുന്നു. ഈ അവസ്ഥയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള സന്ദേശമാണ് തന്റെ കവിത നല്കുന്നതെന്ന് ചേര്‍ത്തല മിനി നിവാസില്‍ സരസ്വതിയമ്മ പറയുന്നു. കണ്ണീര്‍ത്തീരങ്ങള്‍ക്ക് കവി എം.എസ്.കൃഷ്ണന്‍ നമ്പൂതിരി നല്കുന്ന കാവ്യരശ്മി അവാര്‍ഡും ലഭിച്ചു.