കുട്ടികളെ സെക്‌സ്റ്റിങ്ങിലേക്കു നയിക്കുന്നത് കൂട്ടുകാരുടെ സമ്മര്‍ദ്ദം‌

          
കൂട്ടുകാര്‍ നല്‍കുന്ന സമ്മര്‍ദമാണ് കുട്ടികളെ സെക്‌സ്റ്റിങ്ങിലേക്കു നയിക്കുന്നതെന്ന് ഗവേഷകര്‍ ഇന്ന് കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന പ്രശ്‌നമെന്ന് എല്ലാ മാതാപിതാക്കള്‍ക്കും പറയാനുള്ളത് അശ്ലീല സന്ദേശങ്ങള്‍ മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും പരസ്പരം കൈമാറുന്നതാണ്. ചുറ്റുപാടുമുള്ളവരുടേയും കൂട്ടുകാരുടേയുമൊക്കെ സമ്മര്‍ദമാണ് കുട്ടികളെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സെക്ഷ്വല്‍ മെസെജുകളും ഇമേജുകളും അയയ്ക്കുന്നതും സ്വീകരിക്കുന്നതും സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവിലെ ഒരു ഷോപ്പില്‍ നിന്ന് ഫോണില്‍ നീലച്ചിത്രങ്ങള്‍ കോപ്പി ചെയ്തു നല്‍കുന്ന ഒരു സംഘത്തെ പിടികൂടിയതും ഇതിനോടു ചേര്‍ത്തു വായിക്കാം.

ബ്രിട്ടനില്‍ മാത്രമല്ല കൊച്ചു കേരളത്തില്‍പ്പോലും അവസ്ഥ വളരെ മോശം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ഈ പ്രതിഭാസത്തോടു ചേര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് സുഹൃത്തുക്കള്‍ തന്നെയാണെന്ന് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നു. കുട്ടികള്‍ സെക്സ്റ്റിങ്ങിലേക്ക് എത്തുന്നതിനു പിന്നിലെ സമ്മര്‍ദം മാത്രമല്ല പഠനത്തിലൂടെ തെളിഞ്ഞത്, അവര്‍ക്ക് ഇതില്‍ നിന്നു രക്ഷപെടാനും ഇതിനെ ചെറുക്കാനും എന്തൊക്കെ ചെയ്തുകൊടുക്കാനാവുമെന്നും പഠിച്ചുവെന്ന് റിസര്‍ച്ച് ഹെഡ് ഷെല്ലി വാക്കര്‍ പറയുന്നു.

സെക്സ്റ്റിങ്ങിനെക്കുറിച്ച് മാധ്യമങ്ങളില്‍ ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ എന്തു ചെയ്യാനാവുമെന്ന കാര്യത്തില്‍ ഇതുവരെ ആരും ചിന്തിച്ചു കണ്ടിട്ടില്ല. അവയെക്കുറിച്ചുള്ള റിസര്‍ച്ചുകളും പ്രാരംഭഘട്ടത്തിലാണ്. ചെറുപ്പക്കാരെ പഠനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുന്നതുമൊന്നും പഠനത്തിന്റെ ഭാഗമാക്കിയിരുന്നില്ല ഇതുവരെയെന്ന് ഷെല്ലി തുറന്നു പറയുന്നു. മുപ്പത്തിമൂന്നു ചെറുപ്പക്കാരെയാണ് ക്വാളിറ്റേറ്റിവ് സ്റ്റഡിയില്‍ പങ്കെടുപ്പിച്ചത്. അതില്‍ പതിനഞ്ച് ആണ്‍കുട്ടികളും പതിനെട്ടു പെണ്‍കുട്ടികളും, പ്രായം പതിനഞ്ചിനും ഇരുപതിനും ഇടയില്‍. പഠനത്തിന്റെ ആദ്യ കണ്ടുപിടുത്തമായി പറഞ്ഞത്, സെക്‌സിന്റെ അതിപ്രസരമുള്ള മാധ്യമങ്ങും മാധ്യമ സംസ്‌കാരവുമാണ് കുട്ടികളില്‍ സെകഷ്വലൈസ്ഡ് ഇമേജുകള്‍ എത്തിക്കുന്നത്. അതവരെ സെക്സ്റ്റിങ്ങിലേക്കു നയിക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഇല്ലാത്ത ആണ്‍കുട്ടികള്‍ ഉണ്ടാവില്ല. അത്തരത്തില്‍ ചെയ്യാത്ത ആണ്‍കുട്ടികളെ സ്വവര്‍ഗരതിക്കാരനെന്നോ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റാത്തവനെന്നോ മുദ്രകുത്തുകയാണ് സുഹൃത്തുക്കള്‍. കാമുകന്മാരില്‍ നിന്നോ അല്ലെങ്കില്‍ അപരിചിതരില്‍ നിന്നോ സെക്ഷ്വല്‍ ഇമേജുകള്‍ ലഭിക്കുമ്പോള്‍ പ്രതികരിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് രണ്ടു കൂട്ടര്‍ക്കും പറയാനുണ്ടായിരുന്നു. അറിയാവുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലിലൂടെ കാണുന്നതിന്റെ ഒരു ആവേശമോ ആശങ്കയോ ഒക്കെയാണ് ചില പെണ്‍കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത്. ഇതും അവരെ സെക്സ്റ്റിങ്ങിലേക്കു നയിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ തന്നെ ചിത്രങ്ങളോ വിഡിയോകളോ ചിലപ്പോള്‍ അവര്‍ക്കറിയുന്നവരുടേതോ ചിലപ്പോള്‍ പോര്‍ണോഗ്രഫിയോ ഒക്കെ അയയ്ക്കാറും സ്വീകരിക്കാറുമുണ്ടെന്നു സമ്മതിക്കുന്നു.

പഠനത്തിലൂടെ വ്യക്തമായത് ഇന്നത്തെ സമൂഹത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ സെക്സ്റ്റിങ് വരുത്തിവയ്ക്കുന്ന വന്‍ വിപത്തുകളെക്കുറിച്ചാണ്. അവരോട് ഇതിന്റെ ദോഷഫലങ്ങള്‍ വ്യക്തമാക്കിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു.