ബാബാ ടിന്റു നിരാഹാരത്തിനൊരുങ്ങുന്നു

Author: 
തെന്നാലി ഓണ്‍ലൈന്‍
 

"എന്തൊരു കഷ്ടമാണിത്? ഈ നാട്ടില്‍ കുട്ടികള്‍ക്ക് മാനംമര്യാദയായിട്ടു ജീവിക്കണ്ടേ? എന്തു തെറ്റാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ചെയ്തത്?"

ഒരേങ്ങലോടെ ടിന്റു കണ്ണുകള്‍ തുടച്ചപ്പോള്‍ കേട്ടിരുന്ന പത്രലേഖകരുടെ കണ്ണുകളും ഈറനണിഞ്ഞു. പൊതുസമൂഹത്തിനു മുന്നില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ടിന്റു മോന്‍ (സോറി... ഇപ്പോഴദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ബാബാ ടിന്റു എന്നാണ്), 2സി, തോന്ന്യാസ വിദ്യാലയ, പോക്കണംകോട് രംഗത്തുവന്നതോടെ കേരള സര്‍ക്കാരിന് ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്നലെ സ്‌കൂളില്‍ ക്ലാസ്സുകള്‍ തുടങ്ങിയതിനുശേഷം വളരെ ബുദ്ധിമുട്ടി പുറത്തുചാടിയ ടിന്റു ചോര്‍ന്നൊലിക്കുന്ന, പാമ്പുകളും പഴുതാരകളും സുലഭമായ, ഒരൊഴിഞ്ഞ ക്ലാസ്സ് റൂമിലാണ് ഈ പത്രസമ്മേളനം വിളിച്ചുകൂട്ടിയത്. ചാനല്‍ ക്യാമറയ്ക്കു മുമ്പില്‍, ഹരിപ്പാട്ടെത്തിയ ചെന്നിത്തലയെപ്പോലെ കണ്ണുനീര്‍ തുടച്ചു കൊണ്ട് ടിന്റു വീണ്ടും ശക്തമായ വാക്കുകളിലൂടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

"പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കേട്ടിട്ടുണ്ട്... ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുരപ്പുറമോ പത്തായപ്പുരയോ എന്തു വേണമെങ്കിലും തൂത്തോട്ടെ... പക്‌ഷെ പൗരബോധമുള്ള ഞങ്ങളുടെ നെഞ്ചത്തുകയറി ഭരിക്കാമെന്ന് ആരും കരുതണ്ട. ഞങ്ങള്‍ കുട്ടികളുടെ പിന്തുണകൊണ്ടു മാത്രമാണ് കഷ്ടിച്ചു കേവലഭൂരിപക്ഷമുള്ള ഈ മന്ത്രിസഭ മുന്നോട്ടു പോകുന്നതെന്ന് ചാണ്ടി സാര്‍ മറക്കണ്ട. കുട്ടികള്‍ പിന്തുണ പിന്‍വലിച്ചാല്‍ താഴെക്കിടക്കും ഈ മന്ത്രിസഭ."

അതുകേട്ട പത്രക്കാര്‍ ആകെ കണ്‍ഫ്യൂഷനിലായി. "കുട്ടികളുടെ പിന്തുണയില്ലെങ്കില്‍ മന്ത്രിസഭ വീഴുമെന്നോ? ബാബ പറഞ്ഞുവരുന്നത് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല." ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

"അതെ... മൂന്നു കുട്ടികളുടെയും ഒരു കുഞ്ഞിന്റെയും ഒരു ഉണ്ണിയുടെയും പിന്തുണയിലാണ് ഈ മന്ത്രിസഭ ഉറച്ചുനില്‍ക്കുന്നത്. വിശ്വാസമായില്ലെങ്കില്‍ കേട്ടോളൂ... പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അബ്ദുള്ളക്കുട്ടി, സി. മോയിന്‍ കുട്ടി എന്നിവരാണാ കുട്ടികള്‍. വി.കെ.ഇബ്രാഹിം 'കുഞ്ഞും' തോമസ് 'ഉണ്ണി'യാടനുമാണ് മറ്റു രണ്ടു ശിശുക്കള്‍. ഞങ്ങളുടെ ഭാഗത്തുനിന്നും അഞ്ച് എം.എല്‍.എ.മാരുണ്ടായിട്ടും ഞങ്ങള്‍ക്കെതിരെര ഭരണപക്ഷം നടത്തുന്ന ഈ നീക്കങ്ങള്‍ക്കെതിരെയാണു നിരാഹാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ഒരു കാര്യം കൂടി ഖേദത്തോടെ ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. പ്രതിപക്ഷത്ത് ഞങ്ങളുടെ ഭാഗത്തുനിന്നും വിജയിച്ചു കയറിയ വി.ശിവന്‍ കുട്ടിയെയും രണ്ട് കെ.'കുഞ്ഞി'രാമന്മാരെയും ആവശ്യങ്ങളുമായി ഞങ്ങള്‍ സമീപിച്ചിരുന്നെങ്കിലും മൂന്നു പേരും ഞങ്ങളെ നിരുത്സാഹപ്പെടുത്തി ചെവിയ്ക്കു പിടിച്ചുവിടുകയാണുണ്ടായത്."

"പ്രതിപക്ഷത്തിനെതിരെ പറയുന്ന ആ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു കളയണം." കൈരളി.ടി.വി.ലേഖകന്‍ ക്യാമറാമാന്റെ ചെവിയില്‍ മന്ത്രിച്ചു.

"അല്ല... താങ്കളുടെ ആവശ്യങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ... കുട്ടികളുടെ വിദ്യാഭ്യാസക്കാര്യത്തില്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണല്ലോ ഇത്.." വീക്ഷണം പത്രത്തിന്റെ പ്രതിനിധി അതു പറഞ്ഞപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന ജയ്ഹിന്ദ് ലേഖകന്‍ ചാടിയെഴുന്നേറ്റു. "അതെ, പുസ്തകങ്ങളൊക്കെ ഇത്തവണ നേരത്തേ കിട്ടിയില്ലേ? ചോര്‍ന്നൊലിക്കുന്ന സ്‌കൂളുകള്‍ ഉടനെ നന്നാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു തന്നില്ലേ?"

"അത്തരം ഉപരിപ്ലവമായ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടെന്താ പ്രയോജനം? അടിസ്ഥാന പ്രശ്‌നങ്ങള്‍ കിടക്കുകയല്ലേ?" ടിന്റു പറഞ്ഞു. "കുട്ടികള്‍ക്ക് അവശ്യം വേണ്ട ചില സാധനങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തിയിരിക്കുകയാണു സര്‍ക്കാര്‍. അതിനെതിരെയാണ് ഈ ബാബാ ടിന്റുവിന്റെ സമരം."

കാര്യമറിയാതെ ലേഖകര്‍ വിഷമിച്ചപ്പോള്‍ ടിന്റു തുടര്‍ന്നു. "സിഗരറ്റും പാന്‍പരാഗും ഹാന്‍സുമടക്കം ഞങ്ങള്‍ക്ക് വേണ്ടതായ അവശ്യ വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തു നിന്നും 400 മീറ്റര്‍ അകലെയേ വില്‍ക്കാന്‍ പാടുള്ളൂ എന്ന ബൂര്‍ഷ്വാ നിലപാടാണ് സര്‍ക്കാരിന്റേത്. നിങ്ങള്‍ക്കറിയോ? എന്നെപ്പോലെയുള്ള ആയിരക്കണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ഇത്തരം അവശ്യ പോഷകങ്ങള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്. സമരങ്ങളില്‍ പോലുമുള്ള അവരുടെ താല്പര്യം നശിച്ചിരിക്കുന്നു. അച്ഛനമ്മമാരുടെ കൂടെയോ സ്‌കൂള്‍ ബസ്സിലോ പഠിക്കാന്‍ വരുന്ന ഞങ്ങളെങ്ങനെ 400 മീറ്റര്‍ ദൂരെപ്പോയി ഇതൊക്കെ വാങ്ങും? ഉച്ചക്കഞ്ഞിക്കൊപ്പം സ്‌കൂളില്‍ തന്നെ വിതരണം ചെയ്യേണ്ടതാണിവ. പോട്ടെ... അതു ഞങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറാണ്. പക്‌ഷെ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന ഈ 400 മീറ്റര്‍ നയം സര്‍ക്കാര്‍ പിന്‍വലിച്ചേ പറ്റൂ... ഞാന്‍ എന്തായാലും നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിങ്ങള്‍ മാക്‌സിമം സഹകരിക്കുക." പറഞ്ഞുനിര്‍ത്തുമ്പോഴേക്കും ടിന്റുവിന്റെ മണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

ബാബാ ടിന്റുവിന്റെ നിരാഹാര സമരം കേരള സമൂഹത്തില്‍ ഒരുപാട് കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഈ കുരുന്നുകളുടെ ദീനരോദനം കേള്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയുമോ? നമുക്ക് കാത്തിരുന്ന് കാണാം. കൊജ്ഞാണന്‍സ് ടി.വിയ്ക്കു വേണ്ടി ക്യാമറാമാന്‍ മര്‍ക്കേസ് റൊസാരിയാ ബര്‍ട്ട്‌ലൂച്ചി(ബാബു)യ്ക്കൊപ്പം സ്വന്തം ലേഖകന്‍ കുഞ്ഞപ്പന്‍ കൂത്താട്ടുകുളം.