Reporter Effect (അല്‍പം ജേണലിസം)

ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്,തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച് സ്വകാര്യമായി സംസാരിക്കുകയും അത് ചാനലിലൂടെ ബ്രേക്ക് ചെയ്ത് വിവാദമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തി ഉന്നതമായ സ്റ്റിങ് ഓപ്പറേഷനാണെന്നു തെറ്റിദ്ധരിച്ച് പാടിപ്പുകഴ്‍ത്തുന്നവരും അതിനെ വിമര്‍ശിക്കുന്നവര്‍ മാപ്പു പറയണമെന്നു പറയുന്നവരും വിവരദോഷികളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.


പത്രപ്രവര്‍ത്തനത്തെപ്പറ്റി വളരെ ആധികാരികമായി വിധി കല്‍പിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നവര്‍ക്ക് ടിവി കണ്ടും പത്രം വായിച്ചുമുള്ള പരിചയമല്ലാതെ പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്താണ് അറിയാവുന്നത് എന്നെനിക്കറിയില്ല.അങ്ങനെ പ്രത്യേകിച്ചൊന്നും അറിയേണ്ടാത്ത, കണ്ടതും കേട്ടതും പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തൊഴിലാണ് പത്രപ്രവര്‍ത്തനം എന്നു കരുതിയിട്ടുണ്ടെങ്കില്‍ അത് വിവരക്കേടല്ല, വിഡ്ഡിത്തമാണെന്നു കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നതില്‍ ഒന്നുകൂടി ഖേദിക്കുന്നു.
ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എക്സ്‍പോസ് ചെയ്യുന്നത് നല്ല ജേണലിസമാണ്, എന്നാല്‍ അതിനു വേണ്ടി സ്വീകരിച്ച മാര്‍ഗം നല്ല പത്രപ്രവര്‍ത്തനത്തില്‍പെടുന്നതല്ല എന്ന വാദത്തില്‍ ഞാനുറച്ചുനില്‍ക്കുന്നു.
റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ചെയ്തത് സ്റ്റിങ് ഓപ്പറേഷന്‍ ആണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരോട് അല്‍പം വിശദീകരിക്കേണ്ടി വരും.ഏതെങ്കിലും ഒരു കുറ്റകൃത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ആ കുറ്റകൃത്യത്തിന്റെ ഭാഗമായെന്നപോലെ പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുകയും തൊണ്ടിസഹിതം ആളെ ജനങ്ങള്‍ക്കും നിയമത്തിനും കാട്ടിക്കൊടുക്കുകയുമാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ ചെയ്യുന്നത്.ഇവിടെയും അതു തന്നെയല്ലേ സംഭവിച്ചത് എന്നു ചോദിക്കാം. ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്. അത് ഒരിക്കലും സ്റ്റിങ് ഓപ്പറേഷനല്ല, മറിച്ച് അടിസ്ഥാനവിശ്വാസം തകര്‍ക്കുന്ന ചതി മാത്രമാണ് (സംപ്രേഷണം ചെയ്യരുത് എന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ നല്‍കിയ ടേപ്പ് ചാനല്‍ സംപ്രേഷണം ചെയ്തതാണെങ്കില്‍ ചതിക്കപ്പെട്ടത് റിപ്പോര്‍ട്ടര്‍ ആണ്).
ഇതെങ്ങനെ ചതിയാവും എന്നത് മനസിലാക്കണമെങ്കില്‍ പത്രപ്രവര്‍ത്തനം അറിയാത്തവരോട് അല്‍പം കൂടി പറയേണ്ടി വരും.ഒരുദാഹരണം.നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്‍ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ ?
ഒരു വാദത്തിനു വേണ്ടി ചിലപ്പോള്‍ മറിച്ചു പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കാം. പക്ഷെ,മാധ്യമപ്രവര്‍ത്തകരും അവര്‍ ബന്ധപ്പെടുന്ന ആളുകളും തമ്മിലുള്ള വിശ്വാസമാണ് റിപ്പോര്‍ട്ടര്‍ ടിവി തകര്‍ത്തുകളഞ്ഞത്.ആത്മഹത്യകള്‍ സാധാരണമരണങ്ങളായി പത്രത്തില്‍ വരുന്നതും ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ ചിത്രവും പേരും വിലാസവും മൊബൈല്‍ നമ്പരും മാധ്യമങ്ങളില്‍ വരാതിരിക്കുന്നതും ഈ വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ്.പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.
റിപ്പോര്‍ട്ടര്‍ ടിവി മോഡലിനെ അഭിനന്ദിക്കുന്നവര്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നിങ്ങള്‍ക്കോ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ക്കോ ഈ മട്ടിലൊരു പണി കിട്ടുമ്പോള്‍ പത്രപ്രവര്ത്തനത്തിലെ ധാര്‍മികതയെപ്പറ്റി രോഷാകുലരാകരുത്. രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു വേണ്ടി വലിയൊരു തെറ്റിനെ മഹത്വവല്‍ക്കരിക്കുന്നത് ബുദ്ധിശൂന്യതയാണ്. റിപ്പോര്‍ട്ടര്‍ ടിവി ചെയ്തത് കേരളത്തിലെ ഏതൊരു മാധ്യമത്തിനും സാധിക്കുന്നതാണ്.റിപ്പോര്‍ട്ടര്‍ ടിവിയുടെ എക്സ്ക്ലൂസീവ് സ്കോറിങ്ങിനെ മറികടക്കാന്‍ മറ്റു മാധ്യമങ്ങളും ഈ വഴി പിന്തുടര്‍ന്നാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നു നില്‍ക്കുമെന്നാലോചിക്കണം.
എന്തായാലും റിപ്പോര്‍ട്ടര്‍ എഫക്ട് ഇതിനോടകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് ടിവി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഉദ്യോഗസ്ഥരോ രാഷ്ട്രീയനേതാക്കളോ പഴയതുപോലെ ഫോണ്‍ എടുക്കുന്നില്ല.സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെ ഇന്നു രാവിലെ വിളിച്ച മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇനി മുതല്‍ ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ വേണ്ട,അപ്പോയ്‍ന്‍മെന്റ് എടുത്ത് ഓഫിസില്‍ വന്ന് കണ്ട് ചോദിക്കാനുള്ളത് ചോദിക്കാം അതിന് പറയാന്‍ പറ്റുന്ന മറുപടികള്‍ പറയാം എന്നാണ്. പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.
ജൂലിയന്‍ അസാന്‍ജ് ചെയ്തതു വച്ചു നോക്കുമ്പോള്‍ ഇതു വല്ലതും വല്ലതുമാണോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്.ജൂലിയന്‍ അസാന്‍ജ് നടത്തുന്നത് പത്രപ്രവര്‍ത്തനമാണെന്നു തെറ്റിദ്ധരിക്കുന്നത് കൊണ്ടാണിത്. അദ്ദേഹം ചെയ്യുന്നത് രേഖകളുടെ ചോര്‍ത്തല്‍ മാത്രമാണ്. അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് അസാന്‍ജിന് ഉത്തരവാദിത്വമില്ല.എന്നാല്‍,ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനം നടത്തുന്നു എന്നു ഭാവിക്കുന്ന നികേഷ് കുമാറും സംഘവും അസാന്‍ജിനു പഠിക്കുമ്പോള്‍ തകര്‍ക്കുന്നത് ഉത്തരവാദിത്വവും വിശ്വാസവുമൊക്കെയാണ്.
വാര്‍ത്ത കണ്ടാസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് പരമാവധി എക്സ്‍പോസ് ചെയ്യപ്പെടുന്നത് പോസിറ്റീവായ ജേണലിസമാണ്. എന്നാല്‍,പത്രപ്രവര്‍ത്തകരുമായി സഹകരിക്കുന്നവരിലൂടെയാണ് വാര്‍ത്തകള്‍ കിട്ടുന്നത് എന്നറിയാവുന്നവര്‍ ആ സഹകരണത്തെ ഒറ്റിക്കൊടുക്കുന്നത് എത്ര ആത്മഹത്യാപരമാണ് എന്നു പറഞ്ഞുതരും.റിപ്പോര്‍ട്ടര്‍ എഫക്ട് ശക്തമായാല്‍ മാധ്യമപ്രവര്‍ത്തനം ഇനി ദുഷ്കരമാകും.വിശ്വാസം കാത്തുസൂക്ഷിക്കാത്ത വര്‍ഗം എന്ന നിലയില്‍ ജേണലിസ്റ്റുകളെ പരമാവധി അകറ്റി നിര്‍ത്തുക എന്ന പ്രായോഗികനടപടി സുരക്ഷിതമാര്‍ഗമായി സ്വീകരിക്കപ്പെടും.എഡിറ്റോറിയല്‍ വിഭാഗം ദുര്‍ബലമാവുകയും മാര്‍ക്കറ്റിങ് ശക്തമാവുകയും ചെയ്യും.വാര്‍ത്ത ഒഴിവാക്കുക, പരസ്യം കൊടുക്കുക എന്ന സുരക്ഷിതമാര്‍ഗം പിള്ളയ്‍ക്കും സ്വീകരിക്കാം.നരേന്ദ്രമോഡി കൊടുത്ത പോലെ മാധ്യമങ്ങളുടെ അണ്ണാക്കിലേക്കു പരസ്യം തിരുകിയാല്‍ ഏതു നികേഷ് കുമാറും സയലന്റ് ആകും എന്നാണ് ശാസ്ത്രം.