വരി ജനിക്കുന്നു.


വരി ജനിക്കുന്നു.
ബീവറെജിന് മുന്നിലെ നീണ്ട വരി
കണ്ടു നിന്നപ്പോള്‍ വന്നൊരു തോന്നല്‍.
ഇതിലും ലളിതമായി ജീവിതത്തെ
വരച്ചു കാട്ടാന്‍ മറ്റെന്തിനാണ് കഴിയുക?


പലയിടങ്ങളില്‍ നിന്നും
പലതു ചെയ്തു കൊണ്ടിരിക്കുമ്പോള്‍,
എങ്ങിനെയൊക്കെയോ ആകര്‍ഷിക്കപ്പെട്ടു
പലരീതിയില്‍ വരിയില്‍ വന്നു നില്‍ക്കപ്പെട്ടവര്‍.

സ്വന്തമാവശ്യത്തിനും,
മറ്റൊരാളുടെ ആവശ്യത്തിനും,
വില്പനയ്ക്കും വേണ്ടി
വരിയുടെ ഭാഗമായി തീര്‍ന്നവര്‍.

ഭൂകമ്പം പോലുള്ള മഹാ ദുരന്തങ്ങള്‍ ഉണ്ടായാലേ
വരി വിടൂ എന്നുള്ളവര്‍..

അത്രയും കെട്ടുറപ്പാണ് വരിയെന്ന ശരീരത്തിന്...
കാലാവസ്ഥയ്ക്കും, നേരത്തിനും അനുശ്രുതം
രൂപ ഭാവാദികള്‍ മാറുന്ന വരി....
രാവിലെ ജനിച്ചാല്‍ രാത്രി വരെ ജീവിച്ചിരിക്കുന്ന വരി.

വരിയെ വിട്ടു പോകുന്നവര്‍, പിന്നെ വരിയല്ലാതാകുന്നു..
അവരില്‍ ചിലര്‍ കൂട്ടമായും,
പിന്നെ ചിലര്‍ ഒറ്റയ്ക്കും,
കൂടിയിരിക്കുന്നു, പിരിയുന്നു.
മറ്റു ചിലര്‍ പരികര്‍മികള്‍ മാത്രമാകുന്നു..
എന്നിട്ട് വീണ്ടും പിരിയുന്നു.

മറ്റേതൊക്കെയോ ചെറിയ വരികളില്‍
യഥായുക്തി ചേര്‍ന്നും പിരിഞ്ഞും....

പിറ്റേന്നാളും വരി ജനിക്കുന്നു. പഴയ വരിയല്ല..പുതിയ വരി.
അതൊരു പുനര്‍ ജന്മമല്ല, തനിയാവര്‍ത്തനവുമല്ല ..
സാമ്യത മാത്രം. ജീവിതം പോലെ, ജീവനെപോലെ
സാമ്യത മാത്രം