നാട്ടില്‍ എന്ന പോലെ മറുനാട്ടിലും മക്കളെ എഴുത്തിനിരുത്തുന്ന ശീലം
മലയാളി മുടക്കുന്നില്ല.
ഹരിശ്രീ കുറിക്കുന്ന കുരുന്നുകളില്‍ എത്ര പേര് പിന്നീട് മലയാളം പറയും എന്നത് വേറെ
വിഷയം.
മുംബയിലെ കരിക്ക് കച്ചവടക്കാരന് മുതല്‍ കോര്‍പ്പറേറ്റ്
ഉദ്യോഗസ്ഥപ്രഭു വരെ സ്വന്തം മലയാളി ഐഡന്റിറ്റി അറ്റ് ലീസ്റ്റ്
മലയാളികള്‍ക്കിടയില്‍ എങ്കിലും മറച്ചു വയ്ക്കാന്‍ ബദ്ധപ്പെടുന്നതു
കാണാം. ഓരോ കോഴി കൂവുന്നതിനു മുന്‍പും എത്രയോ തവണ മലയാളത്തെ
തള്ളിപ്പറഞ്ഞ് അന്നം ഉണ്ണുന്നവര്‍ !
മുക്കിനു മുക്കിനു പള്ളികളും അമ്പലങ്ങളും മലയാളിവകയായി
മറുനാട്ടിലും ഉണ്ട്. പക്ഷെ പള്ളിയില്‍ പുതുതലമുറയ്ക്ക് പ്രാര്‍ത്ഥന
ചൊല്ലാന്‍ transliteration വേണം. സംശയിക്കേണ്ട നമ്മുടെ മംഗ്ലീഷ് തന്നെ.
മംഗ്ലീഷിലുള്ള പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ ഇപ്പോള്‍ മിക്ക
ദേവാലയങ്ങളിലും അച്ചടിച്ച് വച്ചിട്ടുണ്ട്. അത് നോക്കി അരോചകമായി
ഉച്ചരിക്കുന്ന പ്രാര്‍ത്ഥന കേട്ടാല്‍ കര്‍ത്താവ് കുരിശില്‍ നിന്നും
ഇറങ്ങി വരും എന്ന് തീര്‍ച്ചയാണ്. അനുഗ്രഹിക്കാനാവില്ല, ഒന്ന്
പൊട്ടിക്കാന്‍ !
അര്‍ത്ഥമറിയാതെ ഹരിശ്രീ കുറിക്കുന്ന കുരുന്നുകള്‍ പിന്നീടും
അര്‍ത്ഥമറിയാതെ ഇതെല്ലാം ഉരുവിടുന്നു. ജാതിമതഭേദമന്യേ ഹരിശ്രീ
എഴുതിച്ചു വീട്ടില്‍ എത്തിയാല്‍ പിന്നെ മക്കള്‍ കാണുന്നതും
കേള്‍ക്കുന്നതും ഹിന്ദിക്കാരാകാന് മത്സരിക്കുന്ന
മാതാപിതാക്കളെയാണ്. മറുനാട്ടില്‍ മലയാളം പഠിച്ചില്ലെങ്കില്‍ എന്താ
കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ട്. ഇതിന് ഒരു വൈദികന് കൊടുത്ത
മറുപടി ഇപ്രകാരമായിരുന്നു: "കണ്ടന് പൂച്ച കാട് കയറിയ പോലെ ആകും".
എന്ന് വച്ചാല്‍ മലയാളിയുമല്ല മഹാരാഷ്ട്രക്കാരനമല്ല എന്ന പോലെ
ഒരിനം.
അതായത് ഹിന്ദി പഠിച്ചത് കൊണ്ട് ഈ മക്കളെ ഹിന്ദിക്കാരായി
ആരെങ്കിലും അംഗീകരിക്കുമോ? അമേരിക്കയില്‍ ഇരുന്നു ഇംഗ്ലീഷ് മാത്രം
പറഞ്ഞാല്‍ അമേരിക്കക്കാരായി അന്നാട്ടുകാര്‍ അംഗീകരിക്കുമോ? അവര്‍
ഇവന് മലയാളിയാണെന്നേ പറയൂ. ഈ മലയാളിക്കോ, മലയാളം ഒട്ടറിയില്ല
താനും. മാതൃഭാഷ എന്നത് ഒരു സംസ്കാരമാണെന്നും അത് തലമുറകള്‍ക്ക്
കൈമാറേണ്ടതു പൈതൃകാവകാശം പോലെ പ്രധാനമാണെന്നും പലരും
മനസ്സിലാക്കുമ്പോള്‍ ഏറെ വൈകിക്കഴിഞ്ഞിരിക്കും.
പണ്ടൊക്കെ വാതുറക്കും മുന്‍പ് തന്നെ ഒരു മലയാളിയെ തിരിച്ചറിയാന്‍
കഴിയുമായിരുന്നു. ഇപ്പോള്‍ അവനോ അവളോ അവന്റെ മുറിമലയാളം
വിക്കുമ്പോള്‍ മാത്രമാണ് ഏതിനം ആണെന്ന് തിരിച്ചറിയാന്‍ ആകുക.
വേഷത്തിലും രൂപത്തിലും നടപ്പിലും എടുപ്പിലും ഒക്കെ മലയാളി പൈതങ്ങള്
ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇവരുടെ ഭാഷ എങ്ങിനെ ഇരിക്കും എന്ന്
ആരെങ്കിലും ചോദിച്ചാല്‍ സിഐഡി മൂസയിലെ വില്ലന്‍ പോലീസ് കമ്മീഷണര്‍
ഇല്ലേ? പുള്ളിയുടെ മലയാളം പോലെ.
തൊഴില്‍ തേടി പുതുതായി മുംബയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു
വരികയും മുന്‍പ് വന്നവര്‍ ഇവിടെ സ്ഥിരവാസം ഉറപ്പിക്കുകയും
ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ഒരു തലമുറ കൂടിക്കഴിഞ്ഞാല്‍ മലയാളി
പ്രവാസികളുടെ ഒരു വികല രൂപമാണ് ഇവിടെ അലയുക. ആത്മാവ് നഷ്ടപ്പെട്ട
ഒരു ജനത. അതല്ലെങ്കില്‍ ആത്മാവിനെ വിറ്റ ഒരു ജനത; ക്രിസ്റ്റഫര്‍
മാര്‍ലോയുടെ ഡോ. ഫോസ്റ്റസിനെ പോലെ.
Kadappadu: http://malayal.am