സത്യത്തില്‍ സന്തോഷ് പണ്ഡിറ്റ് ആരാണ്? മരമണ്ടനോ അതോ ബുദ്ധിരാക്ഷസനോ? യഥാര്‍ഥത്തില്‍ ആരാണ് വിഡ്ഢികള്‍? ആരാണ് കോമാളികള്‍? മലയാളത്തിന്റെ സിനിമാ, സംസ്കാര ചരിത്രത്തില്‍ എവിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഇടം? എവിടെയാണ് നമുക്കയാളെ പ്രതിഷ്ഠിക്കേണ്ടി വരിക?
ഇത്ര നാളും അയാള്‍ നമുക്ക് പൂര്‍ണ അര്‍ഥത്തില്‍ കോമാളിയായിരുന്നു. യൂ ട്യൂബിലും ബ്ലോഗിലുമൊക്കെയായി എന്തൊക്കെയോ പാട്ടുകളുമിട്ട് ഞാനിതാ ഒരു സിനിമ എടുക്കുന്നേ എന്ന് വിളിച്ചു പറയുന്ന ഒരാള്‍. ആളുകള്‍ ചോദിക്കുന്ന പരിഹാസ ചോദ്യങ്ങള്‍ക്ക് വളരെ ഗൌരവത്തോടെ തിരുമണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന ഒരാള്‍. അറുവഷളെന്നു കുട്ടികള്‍ക്കു പോലും തോന്നുന്ന പാട്ടുകളാണ് അയാളെഴുതി സംഗീതം നല്‍കിയത്. ഒറ്റയടിക്ക് ബോറെന്നു വിശേഷിപ്പിക്കുന്ന രീതിയിലായിരുന്നു അയാളുടെ നൃത്തച്ചുവടുകള്‍. അയാളുടെ സിനിമാ ട്രെയിലറിലെ സംഭാഷണങ്ങളും ദൃശ്യങ്ങളുമെല്ലാ ഈ വിചാരം കനപ്പെടുത്തി. ഈ തോന്നല്‍ പ്രചരിപ്പിക്കുന്നതായിരുന്നു പല മാധ്യമങ്ങള്‍ക്ക് അയാള്‍ നല്‍കിയ അഭിമുഖങ്ങള്‍.
എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഒരിക്കലും വരില്ലെന്നു കരുതിയ അയാളുടെ സിനിമ ഇതാ ഇറങ്ങി. ലെനിന്‍ രാജേന്ദ്രനെ പോലുള്ള ഒരു സംവിധായകന്‍ പോലും തിയറ്ററുകള്‍ പ്രദര്‍ശനത്തിന് കിട്ടുന്നില്ലേ എന്നു നിലവിളിക്കുന്നതിനിടെ അയാള്‍ തന്റെ സിനിമകളെ തിയറ്ററിലെത്തിച്ചു. എല്ലാ ഷോയ്ക്കും ആളുകള്‍ തടിച്ചു കൂടുന്ന ഒന്നായി ‘കൃഷ്ണനും രാധയും’ എന്ന സിനിമയെ അയാള്‍ മാറ്റി. നോക്കൂ, കാര്യമായ ഒരു പരസ്യം പോലും അയാളിതിന് ചെയ്തിട്ടില്ല. സിനിമ ഇറങ്ങുന്ന ദിവസം പ്രമുഖ പത്രങ്ങളില്‍ നല്‍കിയ ചെറിയ പരസ്യമല്ലാതെ ഒരു പുതിയ സിനിമ ഇറക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിട്ടും അയാളുടെ സിനിമക്ക് ആളുകള്‍ കയറി.
സത്യത്തില്‍ അയാള്‍ നടത്തിയത് സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ്. നെഗറ്റീവ് മാര്‍ക്കറ്റിങ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പൂര്‍ണമായി നടത്തിയ മാര്‍ക്കറ്റിങിന്റെ ഫലം തന്നെയാണ് അയാളുടെ സിനിമക്ക് കയറുന്ന ആളുകള്‍. ആ നിലക്ക് അയാളൊരു ട്രെന്റ് സെറ്റാണ്. മലയാള സിനിമയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു മാര്‍ക്കറ്റിങ് തന്ത്രം വിജയകരമായി നടപ്പാക്കിയ ഒരാള്‍. സ്വയം മണ്ടനെന്ന് വിളിച്ചും മറ്റുള്ളവരെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിച്ചും തെറി വിളികളും ഭീഷണികളും ചോദിച്ചു വാങ്ങിയും അയാള്‍ നടത്തിയത് സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രമല്ലാതെ മറ്റൊന്നുമല്ല.
എനിക്കു തോന്നുന്നു, ഒരു സന്തോഷ് പണ്ഡിറ്റ് നമുക്കെല്ലാം അത്യാവശ്യമാണെന്ന്. നമ്മുടെയല്ലാം ഈഗോയെ സദാ തൃപ്തിപ്പെടുത്താനുള്ള ഒരാള്‍. നമ്മള്‍ മണ്ടന്‍മാരല്ല എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരാള്‍. എല്ലാത്തിലും നമ്മേക്കാള്‍ താഴെയുള്ള, സെന്‍സിബിലിറ്റിയിലും, കാര്യബോധത്തിലും, വെളിവിലുമെല്ലാം നമ്മേക്കാള്‍ താഴെ നില്‍ക്കുന്ന ഒരാളാണ് നമുക്ക് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ മിടുക്കരെന്ന അഭിമാനമേ സത്യത്തില്‍ നമുക്കിപ്പോഴുള്ളൂ. താഴെ നില്‍ക്കുന്ന ഒരാളോട് ഉയരത്തില്‍നില്‍ക്കുന്ന ആളുകള്‍ക്ക് തോന്നുന്ന ആ ഒരിതില്ലേ, അതു തന്നെയാണെന്ന് തോന്നുന്നു അയാള്‍ക്കെതിരെ നെഞ്ചും വിരിച്ച് നാം നടത്തുന്ന കൊലവിളികളുടെ അര്‍ഥം. ഇത് മനസ്സിലാക്കിയത് കൊണ്ടു തന്നെയാവണം സന്തോഷ് നമ്മുടെ മുന്നില്‍ കോമാളിയാവുന്നതും താരമാവുന്നതും വിജയിക്കുന്നതും. അപ്പോള്‍ തോറ്റത് ആരാണ് സാറന്‍മാരേ?
Courtesy :http://www.nalamidam.com/archives/4464