ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം
ബസ് സ്റ്റോപ്പില്‍ ആളെ കണ്ടെത്താന്‍ അല്‌പം ബുദ്ധിമുട്ടി. യൂ ട്യൂബ് വീഡിയോകള്‍ കണ്ടപ്പോള്‍ തോന്നിയതു പോലുള്ള ഉയരക്കൂടുതലോ പൊന്തിയ പല്ലുകളോ ഒന്നും അത്ര ശ്രദ്ധിക്കപ്പെടുന്നവയല്ല. ഒന്നല്ല പത്തുതവണ കണ്ടാലും ഓര്‍മയില്‍ നില്‍ക്കാത്ത തികച്ചും സാധാരണക്കാരനായ ഒരാള്‍-
സന്തോഷ് പണ്ഡിറ്റുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ബിജു സി.പി
സന്തോഷ് പണ്ഡിറ്റുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ബിജു സി.പി
"എനിക്ക് നിങ്ങളെ അറിയില്ലെങ്കിലും നിങ്ങള്‍ക്ക് എന്നെ കണ്ടാലറിയാമല്ലോ.. ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കാം. വരൂ…" എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫോണില്‍ സ്വാഗതം പറഞ്ഞത്. പക്ഷേ, ബസ് സ്റ്റോപ്പില്‍ ആളെ കണ്ടെത്താന്‍ അല്‌പം ബുദ്ധിമുട്ടി. യൂ ട്യൂബ് വീഡിയോകള്‍ കണ്ടപ്പോള്‍ തോന്നിയതു പോലുള്ള ഉയരക്കൂടുതലോ പൊന്തിയ പല്ലുകളോ ഒന്നും അത്ര ശ്രദ്ധിക്കപ്പെടുന്നവയല്ല. ഒന്നല്ല പത്തുതവണ കണ്ടാലും ഓര്‍മയില്‍ നില്‍ക്കാത്ത തികച്ചും സാധാരണക്കാരനായ ഒരാള്‍. യൗവനം പിന്നിട്ടതിന്റെ തിണര്‍പ്പുകളാണ് മുഖത്തുള്ളത്. തൃശൂരില്‍ നിന്ന് സുഹൃത്തായ ദീപേഷ് വിളിച്ചു ചോദിച്ചു- സന്തോഷ് പണ്ഡിറ്റിനോടു സംസാരിച്ച് ഒരു ഇന്റര്‍വ്യൂ എഴുതിത്തരാമോ എന്ന്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഏറ്റെടുത്തു. ഒരു തവണ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്‌തു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡോണ്‍ ക്വിക്‌സോട്ടിന്റെ സംഗൃഹീത പുനരാഖ്യാനം വായിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ ഇത്രയൊക്കെ വിഡ്‌ഢിത്തങ്ങള്‍ ചെയ്‌തു കൂട്ടുമോ എന്ന അവിശ്വസനീയതയാണ് അക്കാലത്ത് തോന്നിയിരുന്നത്. സന്തോഷ് പണ്ഡിറ്റിനോടു സംസാരിച്ചപ്പോള്‍ മനസ്സിലായി ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയില്‍ അത്രയ്‌ക്ക് അവിശ്വസനീയതയൊന്നുമില്ലെന്ന്! ഏതോ മിഥ്യാധാരണകളുടെ മേല്‍ കെട്ടിപ്പൊക്കിയ മൂഢവ്യക്തിത്വമാണ് സന്തോഷ് പണ്ഡിറ്റിന്റേത് എന്നാണെനിക്കു തോന്നിയത്. യൂട്യൂബ് വീഡിയോകള്‍ കണ്ടപ്പോള്‍ തോന്നിയ അതേ മനോഭാവമാണ് പണ്ഡിറ്റുമായി രണ്ടു രണ്ടര മണിക്കൂറോളം സംസാരിച്ചുകഴിഞ്ഞപ്പോഴും തോന്നിയത്. ആരൊക്കെയോ പറയുന്നതു കേട്ട് പണ്ഡിറ്റിന്റെ യൂട്യൂബ് വീഡിയോകള്‍ കണ്ട ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് ടാക്‌സി വിളിച്ചു പോയി അവനെ തല്ലണം എന്നായിരുന്നു. എനിക്കേതായാലും അങ്ങനെ തോന്നുന്നില്ല. വെറുതേ ടാക്‌സിക്കാശും കളഞ്ഞ് കൈ ചീത്തയാക്കുന്നതെന്തിന്! ഒരു പാവം! പരമ സന്തോഷ് പണ്ഡിറ്റ്!
ചില കാര്യങ്ങളൊക്കെ പറയുമ്പോള്‍ ഇയാള്‍ സെന്‍സിബിളായി സംസാരിക്കുന്നുണ്ടല്ലോ എന്ന സംശയം തോന്നും. പക്ഷേ, വേഗം സംസാരം തന്നെയും തന്റെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളെയും കുറിച്ചാകും. അപ്പോള്‍ സംശയങ്ങളൊക്കെ മാറും ആള്‍ തികഞ്ഞ സന്തോഷ് പണ്ഡിറ്റ് തന്നെ! ഒരാള്‍ക്ക് ഇത്ര ഉളുപ്പില്ലാതെ തന്നെക്കുറിച്ചു തന്നെ പുകഴ്‌ത്തി സംസാരിക്കാന്‍ കഴിയുന്നുവല്ലോ എന്നതില്‍ ഇപ്പോഴും അതിശയം തോന്നുന്നുണ്ട്. കേള്‍ക്കുമ്പോള്‍ അറപ്പു തോന്നിക്കുന്നതാണ് ആ അത്മപ്രശംസ. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലുമുള്ള നിര്‍മാതാക്കള്‍ തന്നെ തേടിയെത്തിയതും ദിവസം 24 മണിക്കൂര്‍ തികയാത്ത വിധമുള്ള തിരക്കുകളാണ് എപ്പോഴും പറയുന്നു.ഇംഗ്ലീഷ് ബി എയും ഹിന്ദി എംഎയും പിഎച്ച്‌ഡിയും (സബ്‌മിറ്റ് ചെയ്‌തിട്ടില്ലെന്നും റിസര്‍ച്ച് തുടങ്ങുന്നേയുള്ളൂ എന്നും രണ്ടു വിധത്തിലാണ് പിഎച്ച്‌ഡി കഥ) സൈക്കോളജി എംഎസ്‌്.സിയും എല്‍എല്‍ബിയും എഞ്ചിനീയറിങ്ങും ജര്‍മന്‍ ഭാഷാ ഡിപ്ലോമയും അതിവിപുലമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും സംസ്‌കൃത പരിചയവും സ്റ്റെനോഗ്രഫിയും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതകളുടെ പട്ടിക നിരത്തലൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.
പത്രാധിപര്‍, നാടകകാരന്‍ എന്നൊക്കെയുള്ള ഗമയുമായി സിനിമയില്‍ അഭിനയിക്കാന്‍ ചെന്ന കാമ്പിശ്ശേരി കരുണാകരന് ആദ്യസിനിമാഭിനയം കഴിഞ്ഞപ്പോള്‍ കാര്യമായൊന്നും കിട്ടിയില്ല പ്രതിഫലം! നടന്‍ സത്യനോടും തോപ്പില്‍ ഭാസിയോടുമൊക്കെ കാമ്പിശ്ശേരി ഈ സങ്കടം പറഞ്ഞു. അപ്പോള്‍ സത്യന്‍ പറഞ്ഞത്രേ- അതിനെന്താ എഡിറ്ററേ നമ്മുടെ സൂപ്പര്‍നായിക എത്ര തവണയാ അച്ഛാ എന്നു വിളിച്ച് കെട്ടിപ്പിടിച്ചത്… അതിനെക്കാള്‍ വലുതാണോ ഇത്തിരി കാശ്..
സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു വിഭാഗം പേരെയെങ്കിലും പ്രലോഭിപ്പിക്കുന്നത് സുന്ദരികളായ നടിമാരുമായി ചുമ്മാ അങ്ങ് ഇഴുകിച്ചേരാമെന്ന തോന്നലുംകൂടിയാണല്ലോ! സുന്ദരികളായ ചെറിയ കുട്ടികളോടൊപ്പം ഒരല്‌പം വശപ്പെശകു മട്ടില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നു എന്നതാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചുള്ള വലിയൊരാരോപണം. അതില്‍ അല്‌പം സത്യമുണ്ടെന്നു കഥാനായകനും സമ്മതിച്ചിട്ടുണ്ട്. നായകനായി ക്യാമറയ്‌ക്കു മുന്നിലും സംവിധായകനായി ക്യാമറയ്‌ക്കു പിന്നിലും നില്‍ക്കുന്നത് പണ്ഡിറ്റ് തന്നെയാണ്. ക്യാമറയ്‌ക്കു മുന്നില്‍ നിന്ന് ഏതായാലും മാറിയില്ല. അതിന്റെ ഫലമായി വന്നതാണത്രേ ചില പ്രശ്‌നങ്ങള്‍. അത്തരം പോരായ്‌മകളെല്ലാം എഡിറ്റു ചെയ്‌തു ശരിയാക്കിയിട്ടേ സിനിമ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് സന്തോഷിന്റെ വാഗ്‌ദാനം. എഡിറ്റിങ്ങും സന്തോഷ് തന്നെ!
സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു വിഭാഗം പേരെയെങ്കിലും പ്രലോഭിപ്പിക്കുന്നത് സുന്ദരികളായ നടിമാരുമായി ചുമ്മാ അങ്ങ് ഇഴുകിച്ചേരാമെന്ന തോന്നലുംകൂടിയാണല്ലോ! സുന്ദരികളായ ചെറിയ കുട്ടികളോടൊപ്പം ഒരല്‌പം വശപ്പെശകു മട്ടില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നു എന്നതാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചുള്ള വലിയൊരാരോപണം. അതില്‍ അല്‌പം സത്യമുണ്ടെന്നു കഥാനായകനും സമ്മതിച്ചിട്ടുണ്ട്. നായകനായി ക്യാമറയ്‌ക്കു മുന്നിലും സംവിധായകനായി ക്യാമറയ്‌ക്കു പിന്നിലും നില്‍ക്കുന്നത് പണ്ഡിറ്റ് തന്നെയാണ്. ക്യാമറയ്‌ക്കു മുന്നില്‍ നിന്ന് ഏതായാലും മാറിയില്ല. അതിന്റെ ഫലമായി വന്നതാണത്രേ ചില പ്രശ്‌നങ്ങള്‍. അത്തരം പോരായ്‌മകളെല്ലാം എഡിറ്റു ചെയ്‌തു ശരിയാക്കിയിട്ടേ സിനിമ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് സന്തോഷിന്റെ വാഗ്‌ദാനം. എഡിറ്റിങ്ങും സന്തോഷ് തന്നെ!
ഒരു നായകനേ ഉള്ളെങ്കിലും ആറു നായികമാരുണ്ട് സിനിമയില്‍. പുതുമുഖ നായികമാര്‍. എവിടെ നിന്നാണ് ഇത്രയും പെണ്‍കുട്ടികള്‍ എത്തുന്നത് എന്നു ചോദിച്ചപ്പോള്‍ അതിനെന്താ നായികമാര്‍ എത്ര വേണമെങ്കിലുമുണ്ടല്ലോ എന്ന മട്ടിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മറുപടി. സ്‌ക്രീന്‍ ടെസ്റ്റും അഭിനയപരിശോധനയും നടത്തി നൂറോളം അപേക്ഷകരില്‍ നിന്നാണത്രേ നായികമാരെ തിരഞ്ഞെടുത്തത്! സിനിമയില്‍ അഭിനയിക്കാനാണ് എന്നു പറഞ്ഞാല്‍ മതി പെണ്‍കുട്ടികള്‍ എത്ര വേണമെങ്കിലും വരും ഏതു സന്തോഷ് പണ്ഡിറ്റിന്റെ അടുത്തേക്കും! പല പെണ്‍കുട്ടികളും അച്ഛന്റെയോ അമ്മയുടെയോ ഒപ്പമാണ് സ്‌ക്രീന്‍ ടെസ്റ്റിനു ചെന്നതും. എന്നാല്‍ പിന്നെ കൊള്ളാവുന്നൊരു നായകനെ കൂടി കണ്ടെത്താമായിരുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചതേയുള്ളൂ അദ്ദേഹം. സ്വയം നായകനാവുന്നില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം. പണ്ഡിറ്റിന്റെ സിനിമകളിലെ ചില ഡയലോഗുകള്‍ കേട്ടാല്‍ ചിലപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ സമ്മതിച്ചെന്നും വന്നേനേ!
പ്രൊഫഷനലി താനോരു സിവില്‍ എഞ്ചിനീയറാണ് എന്നു പറയുന്ന ഈ പോളിടെക്‌നിക്കുകാരന്‍ ഏഴെട്ടു കൊല്ലം കോഴിക്കോട്ട് കെട്ടിടനിര്‍മാണ ജോലികള്‍ക്കു മേല്‍നോട്ടം വഹിച്ച പരിചയവുമായിട്ടാണ് സിനിമ പിടിക്കാനിറങ്ങിയത്. നല്ല സിനിമകള്‍ കണ്ട പരിചയമോ ഏതെങ്കിലും സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമോ ഇല്ലെങ്കിലും എങ്ങനെ സംവിധായകനാകാം എന്ന മട്ടിലുള്ള ഏതാനും പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ പോലും പോയിട്ടില്ലാത്ത താന്‍ സിനിമ പിടിക്കുന്നു എന്നത് മഹത്തായ കാര്യമായിട്ടാണ് സന്തോഷിനു തോന്നുന്നത്. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ഒരു വിധം കാര്യങ്ങളൊക്കെ എനിക്കു തനിയെ ചെയ്യാനാകും എന്ന് പല തവണ പറഞ്ഞു അദ്ദേഹം. ഒര് അട്ടി സര്‍ട്ടിഫിക്കറ്റുകളുണ്ട്.. ദേ.. ഇത്രത്തോളം വരും. നിങ്ങള്‍ വരാമെങ്കില്‍ കാണിക്കാം എന്ന് സന്തോഷ് ക്ഷണിച്ചു. ശരി വരാം എന്നായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കോഴിക്കോട്ടാണ് അവിടെ വരണം എന്നായി. സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ച്ചയായും ഉണ്ടാകും. വേഡ് പഠിച്ചതിന്, എക്‌സല്‍ പഠിച്ചതിന്, ഓഡിയോ റെക്കോഡിങ് പഠിച്ചതിന്, വീഡിയോ എഡിറ്റിങ്ങ് പഠിച്ചതിന്, തപാലില്‍ മനശ്ശാസ്‌ത്രം പഠിച്ചതിന് അങ്ങനെ കിട്ടാവുന്നത്ര സര്‍ട്ടിഫിക്കറ്റുകള്‍. ഇത്രയും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായുള്ള സന്തോഷ് പണ്ഡിറ്റിനെന്താ സിനിമ എടുത്തു കൂടേ! ഇത്തരം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമൊക്കെ ഇപ്പോള്‍ ഹൈസ്‌കൂളില്‍ മുഴുവന്‍ കുട്ടികളും പഠിക്കുന്നതല്ലേ സന്തോഷേ എന്നു ചോദിച്ചാല്‍ താന്‍ അതിലൊക്കെ അതി വിദഗ്‌ധനാണെന്നാണ് പറയുന്നത്. എന്താണ് സന്തോഷ് പണ്ഡിറ്റിനെ കുറച്ചു കാണണം എന്നൊരു നിര്‍ബന്ധം! ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചിട്ടുള്ളതിനാല്‍ വളരെ വേഗത്തില്‍ എഴുതാനും പറ്റും അദ്ദേഹത്തിന്. ഷോര്‍ട്ട് ഹാന്റ്‌് പഠിച്ചവര്‍ക്ക് എളുപ്പത്തില്‍ തിരക്കഥയെഴുതാനും പാട്ടെഴുതാനും കഴിയുമല്ലോ!!
യൂട്യൂബില്‍ നിന്ന് റോയല്‍റ്റിയായി ലക്ഷങ്ങള്‍ കിട്ടുമെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയില്‍ ഫ്രീ സര്‍വീസ് ആയ യൂട്യൂബില്‍ നിന്ന് റോയല്‍റ്റി കിട്ടാനിടയില്ലല്ലോ എന്ന സംശയം അവതരിപ്പിച്ചപ്പോള്‍ സന്തോഷ് പറഞ്ഞത് യൂ ട്യൂബിന് സന്തോഷ് പണ്ഡിറ്റിനെ കൊണ്ടുണ്ടായ വലിയ നേട്ടത്തിന്റെ കഥയാണ്. ഫേസ്‌ബുക്കിനോടും ഗൂഗിളിനോടുമൊക്കെയുള്ള മല്‍സരത്തില്‍ ആഗോള തലത്തില്‍ മുന്നിലെത്താന്‍ യൂ ട്യൂബിനെ സഹായിച്ചത് സന്തോഷ് പണ്ഡിറ്റ് ആണത്രേ! അതിനാല്‍ യൂട്യൂബുകാര്‍ അദ്ദേഹത്തെ പ്രത്യേകമായി പരിഗണിക്കുന്നുണ്ടെന്ന്. കൃഷ്‌ണനും രാധയും സിനിമയിലെ പാട്ടുകളാണ് യൂട്യൂബിന്റെ മുഖ്യ ആകര്‍ഷണമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. 60 ദിവസം കൊണ്ട് യൂട്യൂബിലെത്തുന്ന വീഡിയോയുടെ അളവ് 60 വര്‍ഷം കൊണ്ട് അമേരിക്കയിലെ ഏറ്റവും പ്രമുഖരായ മൂന്നു ചാനലുകള്‍ തയ്യാറാക്കിയ വീഡിയോയെക്കാള്‍ അധികമാണെന്ന വസ്‌തുത സന്തോഷ് പണ്ഡിറ്റിനോടു പറഞ്ഞു മനസ്സിലാക്കാനൊന്നും ശ്രമിച്ചിട്ടു കാര്യമില്ല! എല്ലാ വീഡിയോകളിലുമായി സന്തോഷ് പണ്ഡിറ്റിന് ഇതു വരെ 25 ലക്ഷത്തോളം ഹിറ്റുകളുണ്ട്. (ഇന്ത്യന്‍ പോണ്‍സ്‌റ്റാര്‍ പ്രിയാറായിക്ക് ഹിറ്റ് 12 കോടിയോളം വരും!) സൂപ്പര്‍ താരങ്ങളുടെ സിനിമ കാണാന്‍ ആരാധകര്‍ തീയേറ്ററില്‍ ഇടിച്ചു കയറുന്നതു പോലെയാണ് തന്റെ വീഡിയോകള്‍ കാണാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വരുന്നതെന്ന മട്ടിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്നത്. 25 ലക്ഷം ഹിറ്റ് എന്നാല്‍ പത്തുലക്ഷം പേരെങ്കിലും തന്റെ വീഡിയോകള്‍ കണ്ടിട്ടുണ്ടല്ലോ! അതില്‍ പകുതിപ്പേരെങ്കിലും തന്റെ ആരാധകരാണല്ലോ എന്ന വിശ്വാസവും ആഹ്ലാദവുമാണ് സന്തോഷ് പണ്ഡിറ്റിനെ പൊറുപ്പിക്കുന്നത്.
ഒരാള്‍ ഒരു വീഡിയോ കണ്ടാല്‍ നാലു രൂപ തനിക്കു കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കിട്ടട്ടെ പാവം. കൃഷ്‌ണനും രാധയും എന്ന പേരിലൊരു സിനിമ ഈ പരുവത്തിലാക്കാനായി മൂന്നു വര്‍ഷത്തോളമായി മറ്റൊന്നും ചെയ്യാതെ കഷ്ടപ്പെടുകയാണ് സന്തോഷ് പണ്ഡിറ്റ്. കാര്യമായി വായിച്ച് തിരക്കഥയൊരുക്കി. കിട്ടിയ അവസരത്തിലൊക്കെ പാട്ടുകള്‍ തിരുകിച്ചേര്‍ത്തു. എട്ടു പാട്ടുള്ള സിനിമയില്‍ ഏഴെണ്ണവും എഴുതി. ആദ്യം പാട്ടെഴുതാന്‍ മറ്റൊരാളെയാണ് ഏല്‌പിച്ചിരുന്നത്. സംസാരിച്ചു വന്നപ്പോള്‍ അദ്ദേഹവുമായി യോജിച്ചു പോകാനാവില്ല എന്നു മനസ്സിലായി. ആ നല്ല കവി പിന്മാറി. സന്തോഷിനുണ്ടോ മടി. പാട്ടുകള്‍ അദ്ദേഹം തന്നെ എഴുതി. സ്വയം കമ്പോസ് ചെയ്‌ത് സംഗീതമുണ്ടാക്കി. ആദ്യഘട്ടത്തില്‍ സ്വയം പാടുകയും ചെയ്‌തു. സംഗീതവുമായി മുന്‍കാല ബന്ധങ്ങളൊന്നുമില്ലെങ്കിലും പാട്ടു ചിട്ടപ്പെടുത്താന്‍ തനിക്കു കഴിയുമെന്ന് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. മലയാള സിനിമാ ഗാനങ്ങളിലൊന്നും പുല്ലാങ്കുഴല്‍ ഇത്ര നന്നായിട്ട് ഉപയോഗിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ചെറുപ്പത്തിലെന്നോ കുറച്ചു നാള്‍ പുല്ലാങ്കുഴല്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട് സന്തോഷ്. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിനു കഴിയുന്നതിനെക്കാള്‍ നന്നായി പുല്ലാങ്കുഴല്‍ ഉപയോഗിക്കാ്‌ന്‍ ആര്‍ക്കു പറ്റും!
പലേടത്തു നിന്നും വായിച്ചും കേട്ടും മനസ്സിലാക്കിയിട്ടുള്ള വാചകങ്ങളും ഫിലോസഫിയുടെ പൊട്ടും പൊടിയുമൊക്കെ തൂത്തു കൂട്ടിയുണ്ടാക്കിയ ഡയലോഗുകളെക്കുറിച്ച് അതൊക്കെ നമ്മുടെ യൂത്ത് ഏറ്റെടുത്തു കഴിഞ്ഞില്ലേ!! എന്നാണ് സന്തോഷ് ചോദിച്ചത്. താങ്കള്‍ മഹാപ്രതിഭയാണെന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ ആമനസ്സില്‍ ലജ്ജാകോരകങ്ങള്‍ സ്‌പന്ദിതമാകുന്നത് ഒളിപ്പിക്കാന്‍ കഴിയാത്ത ചിരിയില്‍ നിന്നു വ്യക്തമാകും. കവിത്വമില്ലാതെ തന്നെ പാട്ടെഴുതുന്ന നിരവധി പേര്‍ മലയാളത്തിലുണ്ട്. അത്ര സംഗീതജ്ഞാനമൊന്നുമില്ലാതെ സംഗീതസംവിധാനം നടത്തുന്നവരും ഈണം മോഷ്ടിക്കുന്നവരുമുണ്ട്. അഭിനയശേഷിയില്ലാത്ത നടന്മാരും അഭിനയമോഹികളും ധാരാളം. കിട്ടിയ അവസരത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം തൊട്ടും പിടിച്ചും കളിക്കുന്ന ആല്‍ബം നിര്‍മാതാക്കള്‍ എത്രവേണം! സിനിമയെടുക്കാനുള്ള മോഹവുമായി നടക്കുന്ന എത്രയോ ചെറുപ്പക്കാര്‍! സന്തോഷ് പണ്ഡിറ്റിനെപ്പോലെയൊ അതിലധികമോ പൊങ്ങച്ചം പറയുന്നവരും തന്റെ സര്‍ഗശേഷിയെക്കുറിച്ച് ഒരുളുപ്പുമില്ലാതെ അവകാശ വാദങ്ങളുന്നയിക്കുന്നവരും ധാരാളമുണ്ടാകും. ഇതുപോലെ ഒരു പത്തോ പതിനഞ്ചോ കാര്യങ്ങള്‍ ഇനിയും പറയാനുണ്ടാകും. അതെല്ലാം ഒരാളില്‍ച്ചേര്‍ന്നൊത്തു കാണണമെങ്കില്‍ സന്തോഷ് പണ്ഡിറ്റിന്റെയടുത്തേക്കു പോവുക തന്നെ വേണം.