പൊന്‍ മോതിരമായി...

ആനവാല്‍ മോതിരം അണിഞ്ഞാല്‍ പേടി വരില്ലെന്ന് മുത്തശ്ശിമാര്‍ പണ്ട് പറയുമായിരുന്നു. പണ്ടത്തെ പിള്ളേര്‍ പരീക്ഷയില്‍ ജയിക്കാന്‍ ഈ 'മോതിരമന്ത്രം' എത്ര തവണ പരീക്ഷിച്ചിട്ടുണ്ടെന്നോ...? മോതിരം മലയാളികള്‍ക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഫാഷന്‍ പ്രേമികളുടെയും അല്ലാത്തവരുടെയും വിരലുകളില്‍ ഒരു മന്ത്രം പോലെ പറ്റിച്ചേര്‍ന്നു കിടക്കുന്നുണ്ട്.

എന്താണ് മോതിരത്തോട് മാത്രം ഇത്ര സ്‌നേഹമെന്ന് ചോദിച്ചാല്‍. ഹൈ ഫാഷനബിളും, എളുപ്പത്തില്‍ ലഭ്യവുമായ ഫാഷന്‍ ആക്‌സസറീസ് വേറെ ഇല്ലെന്ന ഉത്തരം കിട്ടും.
പ്രണയിക്കുമ്പോള്‍, വിവാഹവേളകളില്‍...മോതിരം ഇടുന്നത് വാഗ്ദാനത്തിന്റെയും കെട്ടുറപ്പിന്റെയും അടയാളമാണ്. അങ്ങനെ എത്രയെത്ര മോതിര വിശേഷങ്ങള്‍. പിന്നെ മോതിരത്തിന് മറ്റൊരു 'ക്രെഡിറ്റ്' കൂടിയുണ്ട് കേട്ടോ. 'വാല്യുബിള്‍ ആന്‍ഡ് സെന്റിമെന്റല്‍' ആഭരണമായിട്ടാണ് മോതിരത്തെ കണക്കാക്കുന്നത്.

ആദ്യകാലങ്ങളില്‍ സ്വര്‍ണത്തില്‍ തിര്‍ത്ത മോതിരങ്ങളായിരുന്നു എന്നത്തെയും പോലെ മലയാളിക്ക് കമ്പം. പിന്നെ വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നിവയില്‍ തീര്‍ത്ത മോതിരങ്ങളായി. ഫാഷന്‍ മോതിര ലോകത്തിലേക്കും ചുവട് വെച്ചപ്പോള്‍ തടി, മെറ്റല്‍, റെക്‌സിന്‍, ബോണ്‍, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ രൂപങ്ങളില്‍ മോതിരങ്ങള്‍ വിരലുകളില്‍ വിരുന്നെത്തിത്തുടങ്ങി.

ഫാഷന്‍ ലോകം എത്ര തലകുത്തി മറിഞ്ഞാലും, 'സാരി' യുടെ ഫാഷന് ഒരു മാറ്റവും സംഭവിക്കില്ല എന്നതു പോലെയാണ് ആഭരണലോകത്ത് സ്വര്‍ണത്തിന്റെ കാര്യം. ദാ.. ഇപ്പോള്‍ തന്നെ കണ്ടില്ലേ..

വിലയെത്ര കൂടിയാലും സ്വര്‍ണ മോതിരങ്ങളുടെ ഡിമാന്‍ഡും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് പറയാം. വിവാഹവേളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും സ്വര്‍ണ മോതിരങ്ങള്‍ തന്നെ. ഡയമണ്ട് മോതിരങ്ങളും താരമായിട്ടുണ്ട്. 'വൈറ്റ് ഗോള്‍ഡ്' തുടങ്ങിയ വി.ഐ.പി.കള്‍ രംഗത്തുണ്ടെങ്കിലും സ്വര്‍ണത്തില്‍ ഡയമണ്ട് പതിച്ച മോതിരങ്ങളാണ് വധൂവരന്മാര്‍ക്ക് പ്രിയം.

ഭാഗ്യം ഓതുന്ന നവരത്‌നങ്ങള്‍ പതിച്ച മോതിരങ്ങള്‍, ജന്മ നക്ഷത്രക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ തുടങ്ങിയവ സ്വര്‍ണത്തിന് തൊട്ടു താഴെയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും അതേ രൂപത്തില്‍ കൃത്രിമ കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ക്കാണ് ടീനേജുകാര്‍ക്കിടയില്‍ ഡിമാന്‍ഡ്. പല വര്‍ണത്തില്‍, വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ ഇവ കോളേജുകുമാരികളുടെ 'സുന്ദര വിരലുകളില്‍' സ്ഥാനം പിടിച്ചിട്ടുണ്ട്.

വൃത്താകൃതിയില്‍ നിറയെ കല്ലുകള്‍ പതിപ്പിച്ച മോതിരങ്ങള്‍ ചൂണ്ടുവിരലില്‍ അണിയുന്നതും ഒരു സ്റ്റൈലായിട്ടുണ്ട്. പാര്‍ട്ടികള്‍ക്കും, കല്യാണങ്ങള്‍ക്കുമെല്ലാം, മസക്കലി ചുരിദാറിനും, ഫാന്‍സി സാരിക്കുമൊപ്പം ഈ 'സ്റ്റൈല്‍' ഒന്നു പരീക്ഷിച്ചു നോക്കൂ. നിങ്ങളിലേക്ക് ശ്രദ്ധ തിരിയുമെന്നുറപ്പ്.

നക്ഷത്രാകൃതിയില്‍ പല വര്‍ണങ്ങളിലുള്ള ഫാഷന്‍ മോതിരങ്ങളാണ് മറ്റൊരു താരം. 75 രൂപ മുതലാണ് ഇവയുടെ വില.

പ്ലാസ്റ്റിക്, തടി എന്നിവയില്‍ തീര്‍ത്ത ചൈനീസ് മോതിരങ്ങള്‍ കണ്ടാല്‍ തന്നെ കൈയിലെടുത്ത് അണിയാന്‍ തോന്നും. പല വര്‍ണങ്ങളിലുള്ള ഡ്രസിന്റെ നിറത്തിനനുസരിച്ച് അണിയുകയും ചെയ്യാം. വിലയും വളരെ കുറവാണ്.

ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത പെയിന്റിംഗ് മോതിരങ്ങളും ലഭ്യമാണ്. ഇടയ്‌ക്കൊന്നു സ്റ്റൈല്‍ മാറ്റി പരീക്ഷിക്കണമെങ്കില്‍ തടിയിലും, മൃഗങ്ങളുടെ എല്ലിലും തീര്‍ത്ത ട്രെന്‍ഡി മോതിരങ്ങളുമുണ്ട്.