വാളെടുക്കുന്നവന്‍ വാളാലെ.

 

കേണല്‍ ഗദ്ദാഫിയെ വിമത സൈനികരും അമേരിക്കന്‍ സേനയും ചേര്‍ന്ന്‌ വെടിവെച്ചു കൊല്ലുകയുണ്ടായി. തന്റെ നേരെ തോക്കു ചൂണ്ടിയവരോട്‌ ഗദ്ദാഫി അഭ്യര്‍ത്ഥിച്ചുപോലും-  ``ഡോണ്‍ഡ്‌ ഷൂട്ട്‌''. ധീരനെന്നു വിവരിക്കപ്പെട്ടിരുന്ന ഗദ്ദാഫിക്കുപോലും തോക്കു കണ്ടപ്പോള്‍ മരണഭയമുണ്ടായി!

തങ്ങളെ എതിര്‍ക്കുന്നവരെ ഭരണാധികാരികള്‍ വെടിവയ്‌ക്കുകയും കൊല്ലുകയും ചെയ്യുമ്പോള്‍ അവര്‍ പലപ്പോഴും ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്‌; ഒരു പക്ഷേ തങ്ങള്‍ക്കും ഇതുതന്നെ സംഭവിച്ചേക്കാമെന്ന്‌.
വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇംഗ്ലണ്ടിലെ ``ലണ്ടന്‍ ടവര്‍'' എന്ന കോട്ട കാണുന്നതിന്‌ പോയതോര്‍ക്കുന്നു. ഒരു കാലത്ത്‌ രാജാവ്‌ കുറ്റവാളികളായി കാണുന്നവരെ തുറങ്കിലിലിടുകയും വധിക്കുകയും ചെയ്‌തിരുന്നത്‌ ലണ്ടന്‍ ടവറിലായിരുന്നു. ഹെന്‍റി എട്ടാമന്റെ കാലത്തും എലിസബത്ത്‌ രാജ്ഞിയുടെ കാലത്തും ധാരാളംപേരെ കഴുത്തുവെട്ടിക്കൊന്ന ചരിത്ര ഭൂമിയിലേക്ക്‌ ഗൈഡ്‌ ഞങ്ങളെ കൊണ്ടുപോയി. ഹെന്‍റി എട്ടാമന്റെ ഭാര്യയായിരുന്ന മേരി രാജ്ഞിയെ ഉപേക്ഷിച്ച്‌ ആനി ബോളിന്‍ എന്ന സുന്ദരിയെ വിവാഹം കഴിക്കുന്ന വിഷയത്തിലാണ്‌ ഹെന്‍റി എട്ടാമന്‍ മാര്‍പാപ്പായുമായി വഴക്കിട്ടത്‌. എന്നാല്‍ പിന്നീട്‌ ആനി ബോളിനെ ഉപേക്ഷിക്കുകയും ഒന്നിനു പുറകെ ഒന്നായി നാലുപേരെ വിവാഹം കഴിക്കുകയും ചെയ്‌തു. അവരില്‍ അവസാനത്തെ ഭാര്യ ഒഴിച്ചുള്ള എല്ലാവരെയും ലണ്ടന്‍ ടവറില്‍വെച്ച്‌ കഴുത്തുവെട്ടി കൊല്ലുകയാണുണ്ടായത്‌. ഗൈഡ്‌ ഈ ഭീകരതയെല്ലാം വാചാലമായി ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ മനുഷ്യന്റെ ക്രൂരത എത്രത്തോളം പോകാം എന്ന്‌ ചിന്തിച്ചുപോയി. ഒരുകാലത്ത്‌ പ്രേമിച്ച്‌ സഹശയനം നടത്തിയ യുവതികളെ എങ്ങനെ കഴുത്തുവെട്ടിക്കൊല്ലാന്‍ ഒരാള്‍ക്കു കല്‌പിക്കാനാകും എന്ന്‌ അത്ഭുതപ്പെട്ടു. അതിനും ഗൈഡിന്‌ ഉത്തരമുണ്ടായിരുന്നു. ഹെന്‍റി എട്ടാമനെ സംബന്ധിച്ചിടത്തോളം മനുഷ്യത്വം എന്നത്‌ ഒരു അപൂര്‍വവസ്‌തു ആയിരുന്നുപോലും.
ഏകാധിപതികളായ ഭരണാധികാരികള്‍ നിസങ്കോചം എതിരാളികളെ വധിക്കുന്നു. ഗദ്ദാഫി ഇക്കാര്യത്തില്‍ ഹൃദയശൂന്യനായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. എതിരാളികളെ കൊന്നുതള്ളുന്നത്‌ അദ്ദേഹത്തിന്‌ ഒരു ആഘോഷമായിരുന്നുപോലും. (ഇത്‌ അമേരിക്ക എഴുതിയുണ്ടാക്കിയ തിരക്കഥയാണോ എന്ന്‌ അറിഞ്ഞുകൂടാ.) ഏതായാലും എല്ലാ ഭരണാധികാരികളും തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി എതിരാളികളെ വധിക്കുന്നത്‌ നയമായിത്തന്നെ സ്വീകരിച്ചുപോന്നു. മുസ്സോളിനി ആയാലും ഹിറ്റ്‌ലര്‍ ആയാലും ഫ്രാങ്കോ ആയാലും സ്റ്റലിന്‍ ആയാലും എതിരാളിയുടെ നേരെ തോക്കു പൊട്ടിക്കാന്‍ മടിച്ചില്ല. അനേകരുടെ നേരെ തോക്കു ചൂണ്ടിയ ഗദ്ദാഫി അവസാനം ഒരു തെരുവുനായെപ്പോലെ കൊല്ലപ്പെടുകയാണുണ്ടായത്‌. തന്റെ ജീവനുവേണ്ടി അദ്ദേഹം കേണു.
വെറും ഒരു കേണലായിരുന്ന ഗദ്ദാഫി അധികാരത്തിലേറിയതിനുശേഷം തന്റെ സിംഹാസനം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മിക്കവാറും എല്ലാ ഏകാധിപത്യ ഭരണാധികാരികളും സ്വീകരിച്ച വഴി ഗദ്ദാഫിയും സ്വീകരിച്ചു. ആ വഴിയിലൂടെതന്നെ അദ്ദേഹം നിര്‍ദ്ദയം വധിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്‌ വാഷിംഗ്‌ടണെ ആയിരുന്നു. രണ്ടു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വയം സ്ഥാനമൊഴിയുകയായിരുന്നു. സൗത്ത്‌ ആഫ്രിക്കന്‍ പ്രസിണ്ട്‌ ആയിരുന്ന നെല്‍സ മണ്ടേല മൂന്നാം പ്രാവശ്യം പ്രസിഡണ്ടാകുന്നതിന്‌ വിസമ്മതിച്ച്‌ സ്വയം അധികാരം ഒഴിയുകയുണ്ടായി. ഇത്തരം അനേകം മാതൃകകള്‍ നമുക്കുണ്ടെങ്കിലും ഈ മാതൃകകളെ കാണാതെ ശമിക്കാത്ത ദാഹവുമായി അധികാരത്തിനു പുറകെ ഓടിത്തളരുന്നവര്‍ ധാരളമുണ്ട്‌.

യേശുവിനെ ബന്ധിക്കാന്‍ വന്ന ദേവാലയ ഭടന്മാര്‍ക്കെതിരെ പത്രോസ്‌ വാളെടുത്തപ്പോള്‍ യേശു പറഞ്ഞു വാള്‍ ഉറയിലിടുക, വാളെടുക്കുന്നവന്‍ വാളാലെ. യേശു ആര്‍ക്കെതിരെയും വാളെടുത്തില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരമായ മരണത്തിന്‌ യേശു വിധേയനാകേണ്ടിവന്നു. ഇന്ത്യയിലെമ്പാടും ഹിംസ നൃത്തമാടിയപ്പോള്‍ ഗാന്ധിജി ഹിംസയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തു. പക്ഷേ ഗാന്ധിജിയും ഹിംസയ്‌ക്ക്‌ വിധേയനായി. വാളെടുക്കുന്നവര്‍ മാത്രമല്ല വാളെടുക്കാത്തവരും പലപ്പോഴും വാളിനിരയായിട്ടുള്ളതായി ചരിത്രത്തില്‍ വായിക്കുന്നു.

ചരിത്രം ഇക്കാര്യത്തില്‍ ഒന്നും നമ്മെ പഠിപ്പിക്കുന്നില്ല. വാളെടുക്കാത്ത ക്രിസ്‌തുവും ഗാന്ധിജിയും വാളിന്‌ ഇരയായി.

കഴിഞ്ഞ പത്തുമുപ്പതു കൊല്ലത്തിനിടയില്‍ മധ്യഏഷ്യയില്‍ അനേകം ഏകാധിപതികള്‍ ക്രൂരമായി വധിക്കപ്പെട്ടു. എങ്കിലും ഇത്‌ ചരിത്രപാഠമായി സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. ഗദ്ദാഫിയുടെ ``ഡോട്‌ ഷൂട്ട്‌'' എന്ന ഗര്‍ജ്ജനം ലോക ചരിത്രത്തിലെ ഒരു പാഠമായിരുന്നെങ്കില്‍ എന്നു മാത്രമെ പറയാനുള്ളൂ. മറ്റുള്ളവരോട്‌ ``ഡോ
ണ്‍ഡ്‌ ഷൂട്ട്‌'' എന്നു പറയുന്നവര്‍ ആദ്യമേ ചെയ്യേണ്ടത്‌ ``ഐ  ഡോണ്‍ഡ്‌ ഷൂട്ട്‌'' എന്ന്‌ സ്വയം പറയുകയായിരുന്നെന്ന്‌ നമുക്ക്‌ ആശിക്കാം.