സ്റ്റീവ് ജോബ്സ് 2005 ജൂണ്‍ 12-നു, സ്റ്റാന്‍ഫോര്‍ഡിലെ ഒരു ബാച്ച് പഠനം
പൂര്‍ത്തിയാക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനു തയ്യാറാക്കിയ
കുറിപ്പ്:
ലോകത്തിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകളില്‍ ഒന്നില്‍ നിങ്ങളുടെ
പഠനം പൂര്‍ത്തിയാക്കുന്ന ചടങ്ങില്‍ നിങ്ങളോടൊത്തുണ്ടായിരിക്കാന്
സാധിച്ചത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. ഞാന്‍ ഒരിക്കലും ഒരു
കോളെജില്‍ നിന്നും പഠിച്ചിറങ്ങിയില്ല. സത്യം പറയാം, ഒരു കോളെജ്
ഗ്രാജ്വേഷനു ഏറ്റവും അടുത്തെത്തിയത് ഇന്നാണ്. ഇന്ന് ഞാന്‍ നിങ്ങളോട്
എന്റെ ജീവിതത്തില്‍ നിന്നും മൂന്നു കഥകള്‍ പറയാനാഗ്രഹിക്കുന്നു.
അത്രേയുള്ളൂ, വലിയ കാര്യമൊന്നുമില്ല, മൂന്നു കഥകള്‍ മാത്രം.
ഒന്നാമത്തെ കഥ കുത്തുകള്‍
കൂട്ടിച്ചേര്ക്കുന്നതിനെപ്പറ്റിയാണ്.
ഇത് ആരംഭിച്ചത് ഞാന്‍ ജനിക്കുന്നതിനു മുന്നേയാണ്. എനിക്കു ജീവന്
നല്കിയ അമ്മ, അവിവാഹിതയായ ഒരു കോളെജ് സ്റ്റുഡന്റ്, എന്നെ ദത്തു
നല്കാന് തീരുമാനിച്ചു. എന്നെ ദത്തെടുക്കുന്നത് കോളെജ്
ബിരുദധാരികളായിരിക്കണം എന്ന് അവര്‍ ദൃഢമായി വിശ്വസിച്ചു, അങ്ങനെ
ഞാന്‍ ജനിക്കുമ്പോള്‍ത്തന്നെ എന്നെ ഒരു വക്കീലും അദ്ദേഹത്തിന്റെ ഭാര്യയും
ദത്തെടുക്കുന്നതിനു എല്ലാം തയ്യാറായിരുന്നു. ഒരു പ്രശ്നം മാത്രം, ഞാന്‍
ജനിച്ചുവീണപ്പോള്‍ അവര്‍ അവസാന നിമിഷം തീരുമാനിച്ചു, അവര്‍ക്കു
വേണ്ടിയിരുന്നത് ഒരു പെണ്‍കുട്ടിയെ ആയിരുന്നെന്ന്. അങ്ങനെ
വെയ്റ്റിങ്ങ് ലിസ്റ്റിലായിരുന്ന എന്റെ മാതാപിതാക്കള്‍ക്ക്
അര്‍ദ്ധരാത്രിയില്‍ ഇങ്ങനെ ചോദിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ കിട്ടി:
“അപ്രതീക്ഷിതമായി ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു; നിങ്ങള്‍ക്ക്
അവനെ വേണോ?”. “തീര്‍ച്ചയായും”, അവര്‍ പറഞ്ഞു. എന്റെ അമ്മ ഒരിക്കലും
കോളെജില്‍ നിന്നും ബിരുദം നേടിയിട്ടില്ലെന്നും എന്റെ പിതാവ് ഹൈസ്കൂള്‍
പഠനം പോലും പൂര്‍ത്തിയാക്കിയില്ലെന്നും എനിക്കു ജന്മം നല്കിയ സ്ത്രീ
പിന്നീടാണ് കണ്ടെത്തിയത്. അവര്‍ ദത്തവകാശ പേപ്പറുകള്‍ ഒപ്പിടാന്‍
വിസമ്മതിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം, എന്റെ മാതാപിതാക്കള്‍ എന്നെ
ഒരു ദിവസം തീര്‍ച്ചയായും കോളെജിലയയ്ക്കും എന്ന് ഉറപ്പു നല്‍കിയതിനു
ശേഷം മാത്രമേ, അവര്‍ ദത്തവകാശ പേപ്പറുകള്‍ ഒപ്പിട്ടുള്ളൂ.
17 വര്‍ഷത്തിനു ശേഷം ഞാന്‍ കോളെജില്‍പ്പോയി. പക്ഷേ
സ്റ്റാന്ഫോര്ഡിനോളം തന്നെ ചെലവേറിയ ഒരു കോളെജിനെ ഞാന്‍ എന്റെ
അറിവില്ലായ്മകൊണ്ട് തിരഞ്ഞെടുത്തു, തൊഴിലാളികളായ എന്റെ
മാതാപിതാക്കളുടെ സമ്പാദ്യം എല്ലാം തന്നെ എന്റെ കോളെജ് ഫീസിനായി
ചെലവായി. ആറുമാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഈ പഠനം കൊണ്ട് ഒരു ഗുണവും
ഉണ്ടെന്നു തോന്നിയില്ല. എന്റെ ജീവിതം കൊണ്ട് എന്തു ചെയ്യണമെന്നോ,
കോളെജ് പഠനം എന്നെ അതില്‍ എങ്ങനെയാണ് സഹായിക്കാന്‍ പോകുന്നതെന്നോ
എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല. ഇവിടെയാണെങ്കില്‍ ഞാന്‍ എന്റെ
മാതാപിതാക്കള്‍ അവരുടെ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം
ചെലവാക്കിക്കളയുകയും ചെയ്യുന്നു. അങ്ങനെ ഞാന്‍ കോളെജ് പഠനം
മതിയാക്കാന്‍ തീരുമാനിച്ചു, എല്ലാം നേരെയാകും എന്നും വിശ്വസിച്ചു.
അന്ന് അത് വളരെ പേടിപ്പെടുത്തുന്ന ഒരു തീരുമാനമായിരുന്നു, പക്ഷേ
തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും നല്ല
തീരുമാനങ്ങളില്‍ ഒന്നായി തോന്നുന്നു. കോളെജ് പഠനം നിര്‍ത്തിയ നിമിഷം
മുതല്‍ എനിക്കു താല്പര്യമില്ലാത്ത ക്ലാസുകളില്‍ ഇരിക്കേണ്ട എന്നും,
താല്പര്യമുള്ള ക്ലാസുകളില്‍ മാത്രം ഇരുന്നാല്‍ മതി എന്നുമുള്ള
അവസ്ഥവന്നു.
അതൊന്നും അത്ര കാല്പനികമല്ലായിരുന്നു. എനിക്ക് ഒരു ഹോസ്റ്റല്‍ റൂം
ഇല്ലാതെയായി, അങ്ങനെ ഞാന്‍ സുഹൃത്തുക്കളുടെ മുറിയില്‍ നിലത്ത്
ഉറങ്ങി. കാലിയായ കൊക്കക്കോള കുപ്പികള്‍ തിരിച്ചു കൊടുത്താല്‍
കുപ്പിയൊന്നിനു 5 സെന്റ് കിട്ടുമായിരുന്നു, അത് കൂട്ടിവെച്ച് ഞാന്‍
ആഹാരം വാങ്ങി. എല്ലാ ഞായറാഴ്ച്ചയും രാത്രി ഞാന്‍ നഗരത്തിനു കുറുകെ 7
മൈല്‍ നടന്ന് ഹരേ കൃഷ്ണ ക്ഷേത്രത്തിലെത്തി അവിടെനിന്നും
ആഴ്ച്ചയിലൊരിക്കല്‍ സൌജന്യമായി കിട്ടുന്ന ഊണ് കഴിച്ചു. അതുഞാന്‍
ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ ജിജ്ഞാസയെയും ഉള്‍വിളികളെയും
പിന്തുടര്ന്ന് ഞാന്‍ ചെയ്തതില്‍ മിക്കതും പില്ക്കാലത്ത്
വിലമതിക്കാനാവാത്തതായി. ഞാനൊരു ഉദാഹരണം പറയാം:
അന്ന് അമേരിക്കയിലെത്തന്നെ ഏറ്റവും നല്ല കാലിഗ്രാഫി ക്ലാസുകള്‍
പഠിപ്പിച്ചിരുന്നത് റീഡ് കോളെജിലായിരുന്നു. കോളെജിലെ ഓരോ
പോസ്റ്ററും, ഓരോ ഡ്രായറിലെ ലേബലുകളും, മനോഹരമായ കൈപ്പടയില്‍
എഴുതിയിരുന്നവയായിരുന്നു. ഞാന്‍ ഡ്രോപ്പൌട്ട് ചെയ്തതിനാലും സാധാരണ
ക്ലാസുകളില്‍ എനിക്കു ഇരിക്കേണ്ടതില്ലായിരുന്നതിനാലും ഞാന്‍
കാലിഗ്രാഫി ക്ലാസില്‍ ഇരിക്കാനും എങ്ങനെയാണ് കാലിഗ്രാഫി ചെയ്യുന്നത്
എന്നു പഠിക്കാനും തീരുമാനിച്ചു. ഞാന്‍ സെരീഫ്, സാന്‍ സെരീഫ്
അക്ഷരവടിവുകളെപ്പറ്റി പഠിച്ചു, അക്ഷരങ്ങളുടെ സംയോജനങ്ങള്‍ക്ക്
ഇടയ്ക്കുള്ള സ്ഥലം വ്യത്യാസപ്പെടുത്താനും പഠിച്ചു. അത്
സുന്ദരമായിരുന്നു, ചരിത്രപരമായിരുന്നു, ശാസ്ത്രത്തിനു ഒരിക്കലും
ഗ്രഹിക്കാനാവാത്തവിധം കലാപരമായി അന്യൂനമായിരുന്നു, ഇത് എനിക്കു
അത്ഭുതകരമായിത്തോന്നി.
ഇവയൊന്നും എന്റെ ജീവിതത്തില്‍ എന്നെങ്കിലും പ്രയോജനപ്പെടും എന്ന്
ഒരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ പത്ത് വര്‍ഷത്തിനു ശേഷം, ഞങ്ങള്‍
ആദ്യത്തെ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്യവേ, ഇവയെല്ലാം
എന്നിലേയ്ക്കു തിരിച്ചു വന്നു. ഞങ്ങള്‍ ഇവയെല്ലാം മാക്കിലേയ്ക്കു
രൂപകല്‍പ്പന ചെയ്തു. സുന്ദരമായ റ്റൈപ്പോഗ്രഫിയുള്ള ആദ്യത്തെ
കമ്പ്യൂട്ടറായിരുന്നു മാക്ക്. ഞാന്‍ കോളെജില്‍ ആ ഒറ്റ കോഴ്സില്‍
പോയിരുന്നില്ലെങ്കില്‍, മാക്കില്‍ ഒരിക്കലും ഒന്നിലേറെ റ്റൈപ്പ്
ഫേസുകളും ആനുപാതികമായി അകലം പാലിച്ച ഫോണ്ടുകളും
ഉണ്ടാകുമായിരുന്നില്ല. വിന്‍ഡോസ് മാക്കിനെ കോപ്പി
ചെയ്തതു കൊണ്ട്, ഒരുപക്ഷേ ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിലും ഇന്ന്
അവയ്ക്കുള്ള സുന്ദരമായ റ്റൈപ്പോഗ്രഫി വരുമായിരുന്നില്ല.
തീര്‍ച്ചയായും, കോളെജിലായിരുന്ന കാലത്ത് മുന്നോട്ടു നോക്കി ഈ
കുത്തുകളെ യോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. പക്ഷേ ഇന്ന്, പത്തു
വര്‍ഷത്തിനു ശേഷം, തിരിഞ്ഞുനോക്കുമ്പോള്‍ ഇവയെല്ലാം വളരെ വളരെ
വ്യക്തമാകുന്നു.
വീണ്ടും, നിങ്ങള്‍ക്ക് മുന്നോട്ടു നോക്കി കുത്തുകളെ
സംയോജിപ്പിക്കാനാവില്ല; നിങ്ങള്‍ക്കു പിന്നോട്ടു നോക്കി മാത്രമേ
അവയെ യോജിപ്പിക്കാനാവൂ. അതുകൊണ്ട് ഭാവിയില്‍ കുത്തുകള്‍ തമ്മില്‍
എങ്ങനെയോ സംയോജിപ്പിക്കപ്പെടും എന്ന് വിശ്വസിക്കേണ്ടി വരും. നിങ്ങള്‍
എന്തിലെങ്കിലും വിശ്വസിക്കണം - നിങ്ങളുടെ ഉള്‍വിളിയെ, വിധിയെ,
ജീവിതത്തെ, കര്‍മ്മത്തെ, എന്തിനെയെങ്കിലും. ഈ സമീപനം എന്നെ ഒരിക്കലും
നിരാശപ്പെടുത്തിയിട്ടില്ല, ഇതാണ് എന്റെ ജീവിതത്തില്‍ എല്ലാ
വ്യത്യാസവും ഉണ്ടാക്കിയത്.
എന്റെ രണ്ടാമത്തെ കഥ പ്രണയത്തെയും നഷ്ടത്തെയും കുറിച്ചാണ്.
ഞാന്‍ ഭാഗ്യവാനായിരുന്നു-എന്താണ് ഞാന്‍ ചെയ്യാനിഷ്ടപ്പെടുന്നത്
എന്ന് എനിക്ക് ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍
കഴിഞ്ഞു. എനിക്ക് 20 വയസ്സുള്ളപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഗരാജില്‍
വോസും ഞാനും ആപ്പിള്‍ തുടങ്ങി. ഞങ്ങള്‍
കഠിനമായി പരിശ്രമിച്ചു, പത്തു വര്‍ഷം കൊണ്ട് ഒരു ഗരാജില്‍ ഞങ്ങള്‍
രണ്ടുപേരും എന്ന അവസ്ഥയില്‍ നിന്നും ആപ്പിള്‍ 4000 ജീവനക്കാരുള്ള ഒരു 2
ബില്യണ്‍ ഡോളര്‍ കമ്പനിയായി. ഇതിനു ഒരു വര്‍ഷം മുന്‍പ് ഞങ്ങളുടെ ഏറ്റവും
നല്ല സൃഷ്ടി - മാക്കിന്റോഷ് - ഞങ്ങള്‍ റിലീസ് ചെയ്തിരുന്നു, എനിക്ക് 30
വയസ്സ് ആയതേയുള്ളൂ. അങ്ങനെയിരിക്കേ എന്നെ ആപ്പിളില്‍ നിന്നും
പറഞ്ഞുവിട്ടു. നിങ്ങള്‍ തുടങ്ങിയ കമ്പനിയില്‍ നിന്നും നിങ്ങളെ എങ്ങനെ
പറഞ്ഞുവിടാന്‍ കഴിയും? ആപ്പിള്‍ വലുതായപ്പോള്‍ എന്നോടൊപ്പം കമ്പനി
വളര്‍ത്താന്‍ എനിക്ക് വളരെ കഴിവുറ്റയാള്‍ എന്നു തോന്നിയൊരാളെ ഞങ്ങള്‍
ജോലിയ്ക്കെടുത്തു, ഒരു വര്‍ഷത്തോളം കാര്യങ്ങള്‍ നന്നായി നടന്നു. പക്ഷേ
പിന്നാലെ ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ സങ്കല്‍പ്പങ്ങള്‍
വെവ്വേറെയാകാന് തുടങ്ങി, പിന്നാലെ ഞങ്ങള്‍ തമ്മില്‍ തെറ്റി. ഞങ്ങള്‍
തമ്മില്‍ തെറ്റിയപ്പോള്‍ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ
പക്ഷം പിടിച്ചു. അങ്ങനെ 30 വയസ്സില്‍ ഞാന്‍ പുറത്തായി. അതും
പൊതുജനമദ്ധ്യത്തില്‍ വിളംബരം ചെയ്തുകൊണ്ട് പുറത്തായി. എന്റെ
യൌവനത്തിന്റെ ഏക ലക്ഷ്യം എന്തായിരുന്നോ, അത് നഷ്ടമായി. അതെന്നെ
തകര്‍ത്തുകളഞ്ഞു.
ഏതാനും മാസങ്ങളോളം എനിക്ക് ഇനി എന്തുചെയ്യണം
എന്നറിയില്ലായിരുന്നു. സംരംഭകരുടെ മുന്‍തലമുറയെ ഞാന്‍
നിരാശപ്പെടുത്തി എന്ന് എനിക്കു തോന്നി - ബാറ്റണ്‍ എനിക്കു
കൈമാറിയപ്പോള്‍ ഞാന്‍ അതു താഴെയിട്ടുകളഞ്ഞെന്ന് തോന്നി. ഞാന്‍ ഡേവിഡ്
പക്കാര്‍ഡ്, ബോബ് നൈസ് എന്നിവരെക്കണ്ടു, ഇത്രയും മോശമായി കാര്യങ്ങള്‍
നാശമാക്കിയതിനു അവരോട് മാപ്പുപറഞ്ഞു. ഞാന്‍ പൊതുജനമദ്ധ്യത്തില്‍
വളരെ പ്രത്യക്ഷമായ ഒരു പരാജയമായിരുന്നു, സിലിക്കണ്‍ വാലിയില്‍
നിന്നും ഓടിപ്പോകണം എന്നുപോലും എനിക്കു തോന്നി. പക്ഷേ പതുക്കെ എനിക്ക്
ഒരു കാര്യം ബോധ്യമാകാന്‍ തുടങ്ങി - ഞാന്‍ ചെയ്യുന്നതെന്തോ, അതിനെ ഞാന്‍
അപ്പോഴും വളരെ പ്രണയിച്ചു. ആപ്പിളില്‍ സംഭവിച്ച കാര്യങ്ങള്‍ ഈ
വസ്തുതയെ തെല്ലും മാറ്റിയില്ല. ഞാന്‍ തിരസ്കരിക്കപ്പെട്ടു, പക്ഷേ
അപ്പോഴും ഞാന്‍ പ്രണയത്തിലാണ്. അങ്ങനെ ഞാന്‍ വീണ്ടും തുടങ്ങാന്‍
തീരുമാനിച്ചു.
ആപ്പിളില്‍ നിന്നും പറഞ്ഞുവിട്ടത് എന്റെ ജീവിതത്തില്‍
സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമായിരുന്നു; അത് അന്നെനിക്ക്
കാണാന്‍ കഴിഞ്ഞില്ലെങ്കിലും. വിജയിയായിരിക്കുന്നതിന്റെ ഭാരത്തെ
വീണ്ടും എല്ലാത്തിനെക്കുറിച്ചും അത്ര ഉറപ്പില്ലാത്ത ഒരു
തുടക്കക്കാരനാകുന്നതിന്റെ ലാഘവം പകരംവെച്ചു. എന്റെ ജീവിതത്തിലെ
ഏറ്റവും സൃഷ്ടിപരമായ ഒരു കാലഘട്ടത്തിലേയ്ക്കു കടക്കാന്‍ അതെന്നെ
സ്വതന്ത്രനാക്കി.
അടുത്ത അഞ്ചുവര്‍ഷത്തില്‍ ഞാന്‍ NeXT എന്ന ഒരു കമ്പനി തുടങ്ങി, പിക്സാര്‍ എന്ന മറ്റൊരു
കമ്പനി തുടങ്ങി, മനോഹരിയായ ഒരു സ്ത്രീയുമായി പ്രണയത്തിലായി - അവര്‍
പിന്നീട് എന്റെ ഭാര്യയായി. പിക്സാര്‍ റ്റോയ് സ്റ്റോറി - ലോകത്തിലെ
ആദ്യത്തെ കമ്പ്യൂട്ടര്‍ ആനിമേഷന്‍ ചലച്ചിത്രം - നിര്‍മ്മിച്ചു, ഇന്ന്
ലോകത്തിലെ ഏറ്റവും വിജയകരമായ ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സാര്‍.
ഒരു ആശ്ചര്യകരമായ സംഭവഗതിയില്‍, ആപ്പിള്‍ നെക്സ്റ്റിനെ വാങ്ങി, ഞാന്‍
ആപ്പിളില്‍ തിരിച്ചെത്തി, നെക്സ്റ്റില്‍ ഞങ്ങള്‍ വികസിപ്പിച്ച സാങ്കേതിക
വിദ്യ ആപ്പിളിന്റെ തിരിച്ചുവരവിന്റെ കാമ്പായി. ലോറീനും ഞാനും
സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.
എന്നെ ആപ്പിളില്‍ നിന്നും പറഞ്ഞുവിട്ടിരുന്നില്ലെങ്കില് ഇവയൊന്നും
നടക്കുമായിരുന്നില്ലെന്ന് എനിക്കുറപ്പുണ്ട്. ഒരുപാട് കയ്പ്പുള്ള ഒരു
മരുന്നായിരുന്നു അത്, പക്ഷേ രോഗിക്ക് അതാവശ്യമായിരുന്നെന്നു
തോന്നുന്നു. ചിലപ്പോള്‍ ജീവിതം ഒരു ചുറ്റികയെടുത്ത് നിങ്ങളുടെ
തലയ്ക്കടിക്കും. പ്രതീക്ഷ കൈവിടരുത്. എനിക്കു തോന്നുന്നത് എന്നെ
മുന്നോട്ടു നയിച്ച ഒരേയൊരു കാര്യം ഞാന്‍ ചെയ്തതെന്തോ അതിനെ ഞാന്‍
സ്നേഹിച്ചിരുന്നു എന്നാണ്. നിങ്ങള്‍ എന്താണ് പ്രണയിക്കുന്നത് എന്നു
കണ്ടെത്തണം. ഇത് നിങ്ങളുടെ കാമുകരെ എന്നതുപോലെ നിങ്ങളുടെ
ജോലിയിലും പ്രധാനമാണ്. നിങ്ങളുടെ ജോലി നിങ്ങളുടെ ജീവിതത്തിന്റെ
ഒരു വലിയ ഭാഗം നിറയ്ക്കുന്നു, അതില്‍ സന്തുഷ്ടനാകാനുള്ള ഒരേയൊരു
മാര്‍ഗ്ഗം നിങ്ങള്‍ മഹത്തായ ജോലിയെന്ന് വിശ്വസിക്കുന്ന ജോലി ചെയ്യുക
എന്നതാണ്. മഹത്തായത് എന്തെങ്കിലും ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍
ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. നിങ്ങള്‍ അത് ഇതുവരെ
കണ്ടെത്തിയില്ലെങ്കില്‍, തിരഞ്ഞുകൊണ്ടേയിരിക്കൂ. അതുവരെ ഒരിടത്ത്
ഉറച്ചുനില്‍ക്കരുത്. ഹൃദയത്തിന്റെ എല്ലാ കാര്യങ്ങളെയും എന്നതുപോലെ,
നിങ്ങള്‍ അതു കണ്ടെത്തുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും. ഏതു
ബന്ധത്തിലെയും എന്നതുപോലെ, വര്‍ഷങ്ങള്‍ കഴിയും തോറും അത് കൂടുതല്‍
കൂടുതല്‍ നന്നായി വരും. അതുകൊണ്ട് അതു കണ്ടെത്തുന്നതു വരെ
തിരഞ്ഞുകൊണ്ടിരിക്കൂ, അതുവരെ ഒരിടത്ത് ഉറഞ്ഞുപോകരുത്.
എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്
എനിക്കു 17 വയസ്സായിരുന്നപ്പോള്‍, ഞാന്‍ ഏകദേശം ഇതുപോലുള്ള ഒരു
വാചകം വായിച്ചു: “നിങ്ങള്‍ ഓരോ ദിവസവും അത് നിങ്ങളുടെ ജീവിതത്തിലെ
അവസാന ദിനമാണെന്നു ചിന്തിച്ച് ജീവിച്ചാല്‍, ഒരു ദിവസം നിങ്ങള്‍
തീര്‍ച്ചയായും ശരിയായിരിക്കും”. ഈ വാചകം എന്നില്‍ പതിച്ചു,
അന്നുമുതല്‍, കഴിഞ്ഞ 33 വര്‍ഷക്കാലം, എന്നും രാവിലെ കണ്ണാടിയില്‍ നോക്കി
ഞാന്‍ ചോദിക്കുന്നത് “ഇന്ന് എന്റെ ജീവിതത്തിലെ അന്ത്യദിനമാണെങ്കില്‍,
ഇന്ന് ഞാന്‍ ചെയ്യാന്‍ പോകുന്നത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുമോ?”
എപ്പോഴൊക്കെ ആ ഉത്തരം ദിവസങ്ങളോളം തുടര്‍ച്ചയായി “ഇല്ല”
എന്നായിരുന്നുവോ, അപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും മാറ്റം വരുത്തണം എന്ന്
ഞാനറിഞ്ഞു.
താമസിക്കാതെ ഞാന്‍ മരിക്കും എന്ന അറിവ് ജീവിതത്തിലെ ഏറ്റവും വലിയ
തീരുമാനങ്ങള്‍ എടുക്കുവാന്‍ ഞാന്‍ ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട
പണിയായുധമാണ്. മരണത്തിന്റെ മുന്നില്‍ ഏകദേശം എല്ലാം തന്നെ - എല്ലാ
ബാഹ്യപ്രതീക്ഷകളും, എല്ലാ അഭിമാനവും, പരാജയത്തോടുള്ള എല്ലാ
വൈക്ലബ്യവും- എല്ലാം ഇല്ലാതാകുന്നു, യഥാര്‍ത്ഥത്തില്‍ പ്രാധാന്യമുള്ളവ
മാത്രം അവശേഷിക്കുന്നു. നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന്
ഓര്‍ക്കുന്നതാണ് നിങ്ങള്‍ക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്ന ചിന്തയുടെ
കെണിയില്‍ നിന്നും രക്ഷപെടാന്‍ എനിക്കറിയാവുന്ന ഏറ്റവും നല്ല
മാര്‍ഗ്ഗം. നിങ്ങള്‍ അപ്പോള്‍ത്തന്നെ നഗ്നനാണ്. നിങ്ങളുടെ ഹൃദയം
പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ഒരു കാരണവുമില്ല.
ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പ് ഞാന്‍ കാന്‍സര്‍ ബാധിതനാണെന്ന്
കണ്ടെത്തി. രാവിലെ 7.30-നു എനിക്കൊരു സ്കാന്‍ നടത്തി, അത് എന്റെ
പാന്‍ക്രിയാസില്‍ ഒരു വളര്‍ച്ച വ്യക്തമായി കാണിച്ചു. പാന്‍ക്രിയാസ്
എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇത് മിക്കവാറും
ചികത്സിച്ചു മാറ്റാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു കാന്‍സറാണെന്നും,
മൂന്നുമുതല്‍ ആറു വരെ മാസമേ എനിക്കിനി ജീവിക്കാന്‍ കഴിയൂ എന്നും
ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ച്ചെന്ന് എന്റെ കാര്യങ്ങള്‍
ചിട്ടപ്പെടുത്താന്‍ ഡോക്ടര്‍ ഉപദേശിച്ചു, മരിക്കാന്‍ തയ്യാറെടുക്കൂ
എന്നതിനു ഡോക്ടര്‍മാര്‍ പറയുന്ന കോഡാണ് ഇത്. അതിന്റെ അര്‍ത്ഥം അടുത്ത
പത്തുകൊല്ലം കൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍
പറഞ്ഞുകൊടുക്കാനുദ്ദേശിച്ചതെല്ലാം അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട്
പറഞ്ഞുകൊടുക്കണം എന്നാണ്. അതിന്റെ അര്‍ത്ഥം എല്ലാ കാര്യങ്ങളും
തീര്‍ത്തുവെച്ച് നിങ്ങളുടെ കുടുംബത്തിനു കാര്യങ്ങള്‍ ഏറ്റവും
എളുപ്പമാക്കണം എന്നാണ്, അതിന്റെ അര്‍ത്ഥം നിങ്ങളുടെ വിടപറയലുകള്‍
പറഞ്ഞുതീര്‍ക്കൂ എന്നാണ്.
ആ രോഗനിര്‍ണ്ണയവുമായി ഞാന്‍ ദിവസം മുഴുവന്‍ ജീവിച്ചു. അന്ന്
വൈകുന്നേരം എനിക്ക് ഒരു ബയോപ്സി നടത്തി, അതില്‍ അവര്‍ ഒരു എന്‍ഡോസ്കോപ്പ്
എന്റെ തൊണ്ടയിലൂടെ, എന്റെ വയറ്റിലൂടെ, എന്റെ കുടലുകളിലേയ്ക്കു
കടത്തി, എന്റെ പാന്‍ക്രിയാസില്‍ ഒരു സൂചി കടത്തി റ്റ്യൂമറിന്റെ ഏതാനും
കോശങ്ങളെ പുറത്തെടുത്തു. എന്നെ മയക്കിക്കിടത്തിയിരുന്നു, പക്ഷേ
അവിടെ ഉണ്ടായിരുന്ന എന്റെ ഭാര്യ പറഞ്ഞത്, എന്റെ കോശങ്ങളെ
മൈക്രോസ്കോപ്പിലൂടെ വീക്ഷിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കരഞ്ഞു, കാരണം ഒരു
ശസ്ത്രക്രിയകൊണ്ട് സുഖപ്പെടുത്താവുന്ന തരം വളരെ വിരളമായ
കാന്‍സറായിരുന്നു അത് എന്നാണ്. ആ ശസ്ത്രക്രിയ നടത്തി, ഇപ്പോള്‍ ഞാന്‍
സുഖമായി ഇരിക്കുന്നു.
മരണത്തെ മുഖാമുഖം കാണുന്നതിനു ഞാന്‍ ഏറ്റവും അടുത്തെത്തിയത്
ഇതായിരുന്നു, അടുത്ത ഏതാനും ദശകങ്ങളില്‍ ഞാന്‍ മരണത്തിനു ഏറ്റവും
അടുത്തെത്തിയത് ഇതായിരിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിലൂടെ
ജീവിച്ചതിലൂടെ, മരണം പ്രയോജനമുള്ളതെങ്കിലും പൂര്‍ണ്ണമായും ഒരു
ബൌദ്ധിക ആശയമാകുന്നതിനെക്കാള് എനിക്കു നിങ്ങളോട് ഇങ്ങനെ പറയാന്‍
കഴിയും:
ആര്‍ക്കും മരിക്കാന്‍ ഇഷ്ടമില്ല. സ്വര്‍ഗ്ഗത്തില്‍ പോകണം
എന്നാഗ്രഹിക്കുന്നവര്‍ക്കു പോലും അവിടെ എത്താന്‍ വേണ്ടി മരിക്കാന്‍ വയ്യ.
എങ്കിലും മരണം നമ്മളെല്ലാം പങ്കുവെയ്ക്കുന്ന ലക്ഷ്യസ്ഥാനമാണ്. ആരും
മരണത്തെ രക്ഷപെട്ടിട്ടില്ല. അത് അങ്ങനെതന്നെയായിരിക്കണം, കാരണം
മിക്കവാറും ജീവിതത്തിന്റെ ഏറ്റവും നല്ല കണ്ടുപിടിത്തമായിരിക്കും
മരണം. അത് ജീവിതത്തിന്റെ ചെയ്ഞ്ച് ഏജന്റാണ്. അത് പുതിയതിനു
വഴിയുണ്ടാക്കാന്‍ പഴയതിനെ നീക്കുന്നു. ഇന്ന് പുതിയത് നിങ്ങളാണ്.
പക്ഷേ ഇന്നില്‍നിന്നും വിദൂരമല്ലാത്ത ഒരു ദിവസം, നിങ്ങള്‍ക്കും
പ്രായമാകും, നിങ്ങളും നീക്കം ചെയ്യപ്പെടും. അല്പം നാടകീയമായതിനു
ക്ഷമിക്കൂ, പക്ഷേ അതാണു സത്യം.
നിങ്ങളുടെ സമയം പരിമിതമാണ്, അതുകൊണ്ട് മറ്റൊരാളുടെ ജീവിതം
ജീവിച്ച് സമയം നഷ്ടപ്പെടുത്തരുത്. ഡോഗ്മകളില്‍
കുരുങ്ങിക്കിടക്കരുത് - അതായത് മറ്റുള്ളവരുടെ ചിന്തകളുടെ
ഫലവുമായി ജീവിച്ചു തീര്‍ക്കരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ
ഒച്ചകള്‍ നിങ്ങളുടെ ഉള്ശബ്ദത്തെ മുക്കിക്കളയാന്‍ സമ്മതിക്കരുത്.
ഏറ്റവും പ്രധാനമായി, നിങ്ങളുടെ ഹൃദയത്തെയും ഉള്വിളിയെയും
പിന്തുടരാനുള്ള ധൈര്യം കാണിക്കൂ. അവയ്ക്ക് എങ്ങനെയോ ഇപ്പൊഴേ അറിയാം,
നിങ്ങള്‍ക്ക് സത്യസന്ധമായി എന്താകണമെന്ന്. മറ്റെല്ലാം
അപ്രധാനമാണ്.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, ദ് ഹോള്‍ എര്‍ത്ത് കാറ്റലോഗ് എന്ന
ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു, എന്റെ തലമുറയുടെ ബൈബിളുകളില്‍
ഒന്നായിരുന്നു അത്. ഇവിടെനിന്നും അധികം അകലെയല്ലാത്ത
മെന്‍ലോപാര്‍ക്കിലെ, സ്റ്റുവാര്‍ട്ട് ബ്രാന്‍ഡ് എന്നയാളാണ് അതു
നടത്തിയത്. അദ്ദേഹം തന്റെ കാവ്യാത്മകതകൊണ്ട് ആ പുസ്തകത്തിനു ജീവന്
കൊടുത്തു. ഇത് 1960-കളുടെ അവസാനമായിരുന്നു, പേഴ്സണല്‍
കമ്പ്യൂട്ടറുകള്‍ക്കും ഡി.റ്റി.പി.യ്ക്കും മുന്‍പ്, അതുകൊണ്ട് ആ
പുസ്തകം നിര്‍മ്മിച്ചത് ടൈപ്പ് റൈറ്ററുകള്‍ കൊണ്ടും, കത്രികകള്‍
കൊണ്ടും, പോളറോയിഡ് കാമറകള്‍ കൊണ്ടുമായിരുന്നു. ഗൂഗ്ലിന്റെ
അച്ചടിരൂപം പോലെയായിരുന്നു അത്, അതും ഗൂഗ്ല് വരുന്നതിനു 35 വര്‍ഷം
മുന്‍പ്. ഉഗ്രന്‍ ആശയങ്ങള്‍ കൊണ്ടും നല്ല കഥകള്‍ കൊണ്ടും നിറഞ്ഞുകവിഞ്ഞ
അത് ആദര്‍ശാത്മകമായിരുന്നു.
സ്റ്റുവാര്‍ട്ടും അദ്ദേഹത്തിന്റെ ടീമും ഹോള്‍ എര്‍ത്ത്
കാറ്റലോഗിന്റെ പല ഇഷ്യൂകള്‍ പുറത്തിറക്കി, ആ സീരീസ് അതിന്റെ ഉപയുക്തത
പൂര്‍ത്തിയാക്കിയപ്പോള്‍, അവര്‍ ഒരു അവസാന ഇഷ്യു പുറത്തിറക്കി.
1970-കളുടെ മദ്ധ്യത്തിലായിരുന്നു അത്, എനിക്ക് അന്നു നിങ്ങളുടെ
പ്രായമായിരുന്നു. ആ പുസ്തകത്തിന്റെ പിന്ചട്ടയില് ഒരു
ഗ്രാമീണപാതയുടെ പ്രഭാതചിത്രമുണ്ടായിരുന്നു, നിങ്ങള്‍
സാഹസികനാണെങ്കില്‍ നടന്നുപോകുന്ന റോഡുകളില്‍ ഒന്നിന്റെ ചിത്രം.
അതിനു താഴെ ഈ വാക്കുകളും: “വിശപ്പുള്ളവനായിരിക്കൂ.
വിഡ്ഢിയായിരിക്കൂ”. അതായിരുന്നു അച്ചടി നിര്‍ത്തുമ്പോള്‍ അവരുടെ
അവസാന സന്ദേശം. വിശപ്പുള്ളവനായിരിക്കൂ, വിഡ്ഢിയായിരിക്കൂ. ഞാന്‍
എന്നും എനിക്കു തന്നെ അത് ആശംസിച്ചിരുന്നു. ഇപ്പോള്‍, നിങ്ങള്‍ ഒരു പുതിയ
ജീവിതം തുടങ്ങാന്‍ ബിരുദധാരികളാകുമ്പോള്‍, ഞാന്‍ അത് നിങ്ങള്‍ക്കും
ആശംസിക്കുന്നു.
നിങ്ങള്‍ക്ക് വളരെ നന്ദി.
(സ്റ്റീവ് ജോബ്സ് 2011 ഒക്ടോബര്‍ 5-നു മരിച്ചു)
പരിഭാഷ: ഫ്രാന്‍സിസ് സിമി നസറേത്ത്