ടിന്റുവിന്റെ നിലവറകളില്‍ വന്‍ നിധിശേഖരം

Author: 
തെന്നാലി ഓണ്‍ലൈന്
Tintumon may land in court

"ചൂടുള്ള വാര്‍ത്ത... ചൂടുള്ള വാര്‍ത്ത.... ടിന്റു നിലവറ തുറന്നു... ചൂടുള്ള വാര്‍ത്ത..."

ബസ് സ്റ്റാന്‍ഡിനെ ശബ്ദമുഖരിതമാക്കിക്കൊണ്ട് സായാഹ്ന പത്രക്കാരന്‍ നീങ്ങവേ ആളുകള്‍ ചൂടുള്ള വാര്‍ത്തയ്ക്കായി ചില്ലറകള്‍ പോക്കറ്റില്‍ പരതി. ഒരു പ്രായമായ സ്ത്രീ പിറുപിറുത്തു. "ടിന്റുവല്ലേ മോന്‍... അവന്‍ നിലവറ കുത്തിത്തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു."


സംസ്ഥാനം മുഴുവനുമിപ്പോള്‍ ചര്‍ച്ചാ വിഷയം ടിന്റുവിന്റെ നിലവറ തുറക്കലാണ്. പരമ്പരാഗതമായി ടിന്റു വംശജര്‍ രഹസ്യമായി സൂക്ഷിച്ചു കൊണ്ടിരുന്ന നിധിയാണു വര്‍ത്തമാനകാലത്തിലെ ടിന്റു മുന്നൂറ്റി മുപ്പത്തിയേഴാമന്‍ തുറന്നിരിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മിടുക്കനായ ടിന്റു മുന്നൂറ്റി മുപ്പത്തിയേഴ് കഴിഞ്ഞ ദിവസമാണ് തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് താന്‍ പഠിക്കുന്ന നഴ്‌സറിയുടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒറ്റ ദിവസം കൊണ്ട് നാലു ലക്ഷത്തിലധികം പേര്‍ സൈറ്റ് 'ഹിറ്റ്' അടിച്ചു. പക്‌ഷെ രാവിലെ മുതല്‍ രാത്രി വരെ തുറന്നുവെച്ചിട്ടും ടിന്റുവിനെ ഒരു നോക്കു പോലും കാണാനായില്ല എന്നും അസൂയാലുക്കള്‍ പറഞ്ഞുനടക്കുന്നുണ്ട്. താന്‍ ഇരുപത്തി നാലു മണിക്കൂറും കര്‍മ്മനിരതനായി അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നതുകൊണ്ടാണു തന്നെ കാണാന്‍ കഴിയാത്തതെന്നും കാണേണ്ടവര്‍ തന്നെ കാണേണ്ട വിധത്തില്‍ വേറെ കാണുന്നുണ്ടെന്നുമായിരുന്നു ഇതിനോട് ടിന്റു പ്രതികരിച്ചത്.

എന്തായാലും നിലവറ തുറക്കല്‍ വലിയ സംഭവമായിരിക്കുകയാണ്. നൂറ്റാണ്ടുകളായി തുറക്കപ്പെടാത്ത ഈ നിലവറകള്‍ക്കുള്ളില്‍ കോടികളുണ്ടെന്നാണ് പുറംലോകത്ത് കേള്‍ക്കുന്നത്. തയ്യല്‍ക്കാരന്‍ ശശി, ബാര്‍ബര്‍ ബാബു, വായ്‌നോക്കി ഷിബു എന്നിവരാണ് അറതുറക്കലിന്റെ മുഖ്യകാര്‍മികര്‍. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും തുറക്കല്‍ സ്ഥലത്തേയ്ക്ക് പ്രവേശനമില്ലെങ്കിലും പണി കഴിഞ്ഞാല്‍ തന്റെ വെബ്‌സൈറ്റിലൂടെ എല്ലാ സാധനങ്ങളും ലോകത്തിനു മുന്നില്‍ തുറന്നുവെയ്ക്കുമെന്ന് ടിന്റു അറിയിച്ചിരുന്നു. ലോകരാഷ്ട്രങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് ഈ നീക്കങ്ങളെ വീക്ഷിക്കുന്നത്.

"ടിന്റു വളരെ സത്യസന്ധനാണ്. കഴിഞ്ഞ മാസം എന്റെ വീടു സന്ദര്‍ശിച്ചിട്ട് പുറത്തിറങ്ങുമ്പോള്‍ പോലും അവന്‍ മുണ്ടു പൊക്കിക്കാണിച്ചിട്ടാണ് പോയത്." കുഴഞ്ഞ ശബ്ദത്തില്‍ വീണുകിടന്ന ഓടയില്‍ നിന്നെഴുന്നേറ്റ് കുടിയന്‍ അയ്യപ്പ ബൈജു വെളിപ്പെടുത്തിയപ്പോള്‍ അതുവഴി പോയ ഡുണ്ടുമോള്‍ ചൂടായി. "മുണ്ടു പൊക്കിക്കാണിച്ചിട്ട് താനവനെ ചീത്ത വിളിച്ചില്ലേ?"
"എന്തിന്..." ബൈജു തുടര്‍ന്നു "എന്റെ ഒപ്പം ഇരുന്ന് രണ്ടെണ്ണം അടിച്ചിട്ട് പോകാന്‍ നേരത്ത് താന്‍ കുപ്പി അടിച്ചുമാറ്റിയിട്ടില്ലെന്ന് എന്നെ ബോദ്ധ്യപ്പെടുത്താനല്ലേ അവന്‍ മുണ്ടു പൊക്കിക്കാണിച്ചത്..? അത്രയ്ക്കു സത്യസന്ധനാ അവന്‍.. അറിയാമോ?" അഴിഞ്ഞുപോയ മുണ്ട് തലയില്‍ ഉറപ്പിച്ച് ബൈജു പറഞ്ഞു.

ടിന്റുവിന്റെ നിലവറ തുറക്കല്‍ തികച്ചും മാതൃകാപരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ അടിച്ചുതളിക്കാരിയായ ജാക്വിലിന്‍ ഇന്നവെയര്‍ അഭിപ്രായപ്പെട്ടു. പല അറകളും നേരിട്ടു കണ്ടിട്ടുള്ള തനിക്ക് ടിന്റുവിന്റെ നിലവറ വെബിലൂടെയെങ്കിലും കാണാനാവുന്നത് ഭാഗ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തുട്ടു വാങ്ങാത്ത സഖാവ് ടിന്റുവിന്റെ നിധി ശേഖരത്തില്‍ ഒട്ടേറെ പ്രതീക്ഷകള്‍ തനിക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. കിട്ടിയ അവസരത്തില്‍ തുട്ടു വാങ്ങുന്നവരെ പാര്‍ട്ടി പുറത്താക്കുമെന്നും വെച്ചു താങ്ങാന്‍ അദ്ദേഹം സമയം കണ്ടെത്തി. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയില്‍ ഒരാള്‍ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു ടിന്റുവിന്റെ പ്രതികരണം. ആ ആള്‍ ആരാണെന്നു ചോദിച്ചപ്പോള്‍ ആത്മപ്രശംസ തനിക്കിഷ്ടമല്ലെന്ന മറുപടിയും.
ഓരോ അറകള്‍ തുറക്കുമ്പോഴും കോടികള്‍ ലഭിക്കുന്നു എന്ന വാര്‍ത്ത ലോകത്തു പരന്നു. ടിന്റുവിന് സര്‍ക്കാര്‍ കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തി. ഈ 'ബോഡി' കാക്കാന്‍ പോലീസു പോരാ പട്ടാളം തന്നെ വേണമെന്ന് ടിന്റു സംരക്ഷണ സമിതി പെരുന്നയില്‍ ആവശ്യപ്പെട്ടു.

ഒടുവില്‍ കണക്കെടുപ്പ് പൂര്‍ത്തിയായി. വിജയശ്രീലാളിതനായി ടിന്റു ചിരിച്ചു കൊണ്ട് മാധ്യമങ്ങളുടെ മുമ്പിലെത്തി.

"ഇപ്പോള്‍ എന്തു തോന്നുന്നു?"

ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.

"ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു." ടിന്റുവിന്റെ പറഞ്ഞു പഴകിയ തമാശ കേട്ട് എല്ലാവര്‍ക്കും ഓക്കാനം വന്നു. എങ്കിലും പൊട്ടിച്ചിരിക്കുന്നതായി ഒന്നഭിനയിച്ചിട്ട് അവര്‍ അടുത്ത ചോദ്യങ്ങളിലേക്ക് കടന്നു.

"കോടികള്‍ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശ്യം?"

"കോടികള്‍ മാത്രമല്ല അകത്തുണ്ടായിരുന്നതു മുഴുവന്‍ പഴവിലയ്ക്ക് തൂക്കിക്കൊടുക്കാനാണെന്റെ തീരുമാനം." ടിന്റുവിന്റെ മറുപടി കേട്ട് പത്രക്കാര്‍ മാത്രമല്ല, ചാനലുകള്‍ക്കു മുമ്പില്‍ ലൈവായി ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ വരെ ഞെട്ടിത്തെറിച്ചു.

"ഇത്രയും അമൂല്യമായ വസ്തുക്കള്‍ തൂക്കിക്കൊടുക്കാനോ?"

"അതെ. ആരെങ്കിലും വാങ്ങുമോന്നറിയില്ല. എന്നാലും ഒരു പൈന്റിനു തികയുമെന്നാ ശശി പറയുന്നത്."

ആ സമയത്ത് നിലവറയില്‍ നിന്നും ലഭിച്ച വകകളുമായി ശശി, ഷിബു, ബാബു എന്നിവര്‍ കടന്നുവന്നു. അതുകണ്ട ലേഖകരുടെ കണ്ണില്‍ ഇരുട്ടു കയറി.

"പൂര്‍വികന്മാര്‍ ഉപയോഗിച്ചിരുന്ന എണ്ണമറ്റ കൗപീനങ്ങളായിരുന്നു ഒരറ മുഴുവന്‍. പിന്നെ കുറേ തേഞ്ഞ ടൂത്ത് ബ്രഷുകള്‍... ടിന്റു ഒന്നാമന്‍ ആദ്യമായി മാവിലെറിഞ്ഞ കല്ല്... കുറേ പൊട്ടിയ ഗോലികള്‍... ഒഴിഞ്ഞ കുറേ പൈന്റ് കുപ്പികള്‍… ഇതൊക്കെയാണു് കണ്ടെടുത്തത്." ശശിയും ബാബുവും ഷിബുവും സംയുക്തമായി വെളിപ്പെടുത്തി.

"അപ്പോള്‍ കോടികള്‍ കിട്ടിയെന്നു പറഞ്ഞതോ?" പത്രലേഖകരുടെ സംശയം നീങ്ങുന്നില്ല.

"കോടി മുണ്ടുകള്‍ കുറേയുണ്ടായിരുന്നു. പിശുക്കന്മാരായ പൂര്‍വികന്മാര്‍ ഉപയോഗിക്കാതെ സൂക്ഷിച്ചുവെച്ചതായിരുന്നു ഒക്കെ. പക്‌ഷെ ഇപ്പോല്‍ എടുത്തപ്പോള്‍ ഒക്കെയും പൊടിഞ്ഞുപോയി." ടിന്റു വ്യക്തമാക്കി.
ഇളിഭ്യരായ പത്രപ്രതിനിധികള്‍ പുറത്തേക്ക് നടന്നു. ചാനലുകാര്‍ പെട്ടി മടക്കി വണ്ടിയിലേക്കും. സംരക്ഷിക്കാന്‍ വന്ന പോലീസുകാര്‍ സുരക്ഷ മതിയാക്കി പൊടിയും തട്ടി തൊട്ടപ്പുറത്തെ കുട്ടപ്പന്റെ കടയില്‍ നിന്നും കടം പറഞ്ഞു വാങ്ങിയ ചായ കുടിച്ചു പിരിഞ്ഞു.

ഉള്ളില്‍ ഒരു മുറിയില്‍ മൂന്നു പെട്ടി നിറയെ സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിന്റെ മുന്നിലിരുന്ന് ടിന്റു ചിരിച്ചു.

"മണ്ടന്മാര്‍... ടിന്റുവിന്റെ നമ്പര്‍ കണ്ട് വ്വിശ്വസിച്ച് എല്ലാവരും സ്ഥലം വിട്ടു. എല്ലാം കൂടി അവന്മാരെക്കാണിച്ചിരുന്നെങ്കില്‍ പുരാവസ്തു, സംരക്ഷണംന്നൊക്കെ പറഞ്ഞ് ഒരു പുല്ലും നമുക്ക് കിട്ടില്ലായിരുന്നു. ഇപ്പോ കണ്ടില്ലേ? എത്ര ഫുള്ളു വാങ്ങാനുള്ള സാധനമാ.... ഈ പൂര്‍വികന്മാരെ സമ്മതിക്കണം... ഒക്കെ സൂക്ഷിച്ചുവെച്ചിരിക്കുവാ... എനിക്ക് ചിലവാക്കാന്‍ വേണ്ടി... കൊച്ചു കള്ളന്മാര്."

"അല്ലാ.. എനിക്കു മനസ്സിലാകാത്തതു വേറൊരു കാര്യമാ... എന്നാല്പിന്നെന്തിനാ ഇവരെയൊക്കെ വിളിച്ചിതൊക്കെ വെളിപ്പെടുത്താന്‍ പോയത്? നമുക്കങ്ങ് തുറന്നെടുത്താല്‍ പോരായിരുന്നോ?" ശശിയാണതു ചോദിച്ചത്. ഷിബുവിനും ബാബുവിനും ആ സംശയമുണ്ടായിരുന്നു.
ടിന്റു ഒന്നു ചിരിച്ചു. എന്നിട്ട് ഏഷ്യാനെറ്റിലെ മുന്‍ഷിയെപ്പോലെ തന്റെ അവസാന വാക്യത്തിലേക്കു കടന്നു.

"എടോ മണ്ടാ... അങ്ങനെ ചെയ്താലെന്താ ഒരു ത്രില്ല്? ഇപ്പോ നമുക്ക് വേണ്ട പബ്ലിസിറ്റിയും കിട്ടി, കാര്യോം നടന്നു. നമ്മുടെ മുഖ്യന്റെ ജനസമ്പര്‍ക്ക പരിപാടി പോലെ ടിന്റുവിന്റെ കൈകള്‍ ശുദ്ധമാണെന്നു വരികേം ചെയ്തു, വേണ്ടതിങ്ങു കിട്ടുകേം ചെയ്തു. ടിന്റുവാരാ മോന്‍?"