മൂന്നുവയസുവരെ കുഞ്ഞുങ്ങള്‍ ഉറങ്ങേണ്ടത്‌ അമ്മമാരോടൊപ്പം

 


കുഞ്ഞുങ്ങള്‍ മൂന്നുവയസുവരെ അമ്മമാരോടൊപ്പമാണ്‌ ഉറങ്ങേണ്ടത്‌. കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാനും ഒന്നിച്ചുള്ള ഉറക്കം സഹായിക്കുമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി.

ഒറ്റയ്‌ക്കു കിടത്തുന്നത്‌ തലച്ചോറിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും വളര്‍ന്നുകഴിയുമ്പോള്‍ മോശമായി പെരുമാറുമെന്നും ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു.

കുട്ടികളുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ ആരോഗ്യമുള്ള നവജാതശിശുക്കള്‍ ആദ്യ ആഴ്‌ചകളില്‍ അമ്മയുടെ മാറോടുചേര്‍ന്നുറങ്ങണമെന്ന്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണ്‍ സര്‍വകലാശാലയിലെ ഡോ. നീല്‍സ്‌ ബെര്‍ഗ്‌മാന്‍ പറയുന്നു. തുടര്‍ന്ന്‌ മൂന്നു-നാലു വയസുവരെ അമ്മയുടെ കട്ടിലില്‍തന്നെ കുഞ്ഞിനെയും ഉറക്കണം.

അമ്മയോടൊത്തുള്ള ഉറക്കം കുട്ടികളുടെ മാനസികസംഘര്‍ഷം കുറയ്‌ക്കുമെന്നതിനാലാണ്‌ കുട്ടികള്‍ കൂടുതല്‍ സമര്‍ഥരാകുന്നതെന്ന ഡോ. ബെര്‍ഗ്‌മാന്‍ പറഞ്ഞു.എന്നാല്‍ അമ്മയോടൊപ്പമുള്ള ഉറക്കം കുഞ്ഞുങ്ങളുടെ അപകടസാധ്യത കൂട്ടുമെന്നാണ്‌ ചില ബ്രിട്ടീഷ്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. അമ്മമാരുടെ ഉറക്കം തടസപ്പെടുമെന്നും വാദഗതികളുണ്ട്‌. എന്നാല്‍ കുഞ്ഞുങ്ങള്‍ അപകടത്തിലാകുന്നത്‌ അമ്മ ഒപ്പമുള്ളതുകൊണ്ടല്ലെന്നും മറ്റു പല കാരണങ്ങളാലാണെന്നും ഡോ. ബെര്‍ഗ്‌മാന്‍ അഭിപ്രായപ്പെട്ടു.

അമ്മമാരോടൊപ്പം ഉറങ്ങാന്‍ അനുവദിച്ച 16 കുഞ്ഞുങ്ങളെ ആണ്‌ ഡോക്ടര്‍ പഠനവിധേയമാക്കിയത്‌.